ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:04 July 2020
കോയമ്പത്തൂർ: അട്ടപ്പാടി വനമേഖലയിലെ ഷോളയൂരിലും കോയമ്പത്തൂരിലെ ശിരുമുഗൈ വനത്തിലും കുട്ടിയാനകൾ ചരിഞ്ഞു. അട്ടപ്പാടിയിൽ കീഴ്ത്താടിക്കു പരുക്കേറ്റ നിലയിൽ കണ്ടെത്തി അഞ്ചു വയസുള്ള കൊമ്പനാണ് ചരിഞ്ഞത്. ശിരുമുഗൈയിൽ ദിവസങ്ങളായി ചികിത്സയിലിരുന്ന കൊമ്പനാണ് ചരിഞ്ഞത്. ഒരാഴ്ചയ്ക്കിടെ കോയമ്പത്തൂരിലും പരിസരപ്രദേശങ്ങളിലുമായി ചരിഞ്ഞ കാട്ടാനകളുടെ എണ്ണം ഇതോടെ അഞ്ചായി.
അട്ടപ്പാടിയിൽ ഷോളയൂർ പഞ്ചായത്തിൽ കോട്ടത്തറയിൽ അവശ നിലയിൽ വനംവകുപ്പ് കണ്ടെത്തിയ കാട്ടാനയാണു ചരിഞ്ഞത്. അഞ്ച് വയസുളള കുട്ടിക്കൊമ്പന് കീഴ്ത്താടിയിൽ ഗുരുതര പരുക്കേറ്റിരുന്നതിനാൽ ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
ദിവസങ്ങളായി ഈ മേഖലയിൽ കണ്ടിരുന്ന ആന ആരെയും അടുപ്പിച്ചിരുന്നില്ല. വായ പുഴുവരിച്ച നിലയിലായിരുന്നു. ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ ആരംഭിക്കും. ആനക്ക് പരുക്കേറ്റതെങ്ങനെയെന്നു കണ്ടെത്താൻ ശ്രമം തുടങ്ങി. മണ്ണാർക്കാട് റെയ്ഞ്ചിൽ ഭക്ഷ്യവസ്തുവിലെ പടക്കം കടിച്ച് വായതകർന്ന ഗർഭിണിയായ പിടിയാന കൊല്ലപ്പെട്ടത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പ്രതിഷേധത്തിനിടയാക്കി ഒരു മാസം പിന്നിടുമ്പോഴാണ് അട്ടപ്പാടിയിൽ കുട്ടിക്കൊമ്പനും കീഴ്ത്താടി തകർന്നു ദാരുണാന്ത്യം സംഭവിക്കുന്നത്.
കോയമ്പത്തൂരിലെ ശിരുമുഗൈയിൽ ചരിഞ്ഞ കുട്ടിയാന ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ അവശനിലയിലായിരുന്നു. കഴിഞ്ഞ 28ന് മരുന്നു നൽകിയശേഷം വനംവകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു ആന. 30നു വീണ്ടും മരുന്നു നൽകിയിരുന്നു. ഇന്നലെ രാവിലെ മറ്റാനകൾ കൂട്ടംകൂടി നിൽക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് ചരിഞ്ഞതായി കണ്ടെത്തിയത്. മരണകാരണം പോസ്റ്റ് മോർട്ടത്തിനു ശേഷമേ അറിയാനാകൂ എന്ന് അധികൃതർ. കഴിഞ്ഞ ദിവസം ഇവിടെ ഒരു പിടിയാനയും അനാരോഗ്യം മൂലം മരണമടഞ്ഞിരുന്നു. ഇതിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. തുടർച്ചയായി രണ്ടാനകൾ ഒരേ മേഖലയിൽ സമാനമായ സാഹചര്യങ്ങളിൽ ചരിഞ്ഞത് പകർച്ചവ്യാധിയുടെ സാന്നിധ്യം മൂലമാണോ എന്ന ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഏതാനും മാസങ്ങൾക്കിടെ ഇവിടെ ഏഴാനകളാണു ചരിഞ്ഞത്. കരളിനും കുടലിനും രോഗംബാധിച്ചാണ് ആനകളുടെ മരണമെന്നു വനംവകുപ്പ് അധികൃതർ. ഇവിടെ നിന്ന് 20 കിലോമീറ്റർ അകലെ കഴിഞ്ഞദിവസം മറ്റൊരു പിടിയാന വെടിയേറ്റു ചരിഞ്ഞിരുന്നു. മസിനഗുഡി വനമേഖലയിൽ മറ്റൊരു കൊമ്പൻ വൈദ്യുതാഘാതമേറ്റു ചരിഞ്ഞിരുന്നു.