ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:04 July 2020
കൊച്ചി: പിതാവ് നിലത്തെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുഞ്ഞ് പുതുജീവിതത്തിലേക്ക്. മരണത്തിന്റെ കൈകളിൽ നിന്നും കുഞ്ഞിനെ ഇന്നു രാവിലെ മാതാവിന്റെ സുരക്ഷിത കരങ്ങളിലേക്ക് കൈമാറിയപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രി സാക്ഷ്യം വഹിച്ചത് വികാരനിർഭര രംഗങ്ങൾക്ക്. നേപ്പാളി സ്വദേശിയായ അമ്മയും കുഞ്ഞും ഇനി പുല്ലുവഴി മാതൃശിശു പരിചരണ കേന്ദ്രമായ സ്നേഹ ജ്യോതിയിൽ കഴിയും.
കഴിഞ്ഞ 18നാണ് അബോധാവസ്ഥയിൽ, തലയ്ക്ക് ഗുരുതര പരുക്കുകളോടെ 54 ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ പിതാവ് ഷൈജു തോമസ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. സംശയ രോഗിയായ ഇയാൾ ഭാര്യയോടുള്ള വിരോധം തീർത്തതു കുഞ്ഞിനോടായിരുന്നു. ഇടയ്ക്കിടെ അടിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം കട്ടിലിലേക്ക് വീണ കുഞ്ഞിന് തലച്ചോറിന് സാരമായി പരുക്കേറ്റിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിച്ച കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഇന്നലെയാണ് തുന്നൽ മാറ്റിയത്. ഇതിനിടെ ആരോഗ്യം വീണ്ടെടുത്തതായി ഡോക്റ്റർമാർ അറിയിച്ചിരുന്നു. കുഞ്ഞ് ചിരിക്കുകയും പാൽ കുടിച്ചു തുടങ്ങുകയും ചെയ്തിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് രണ്ടു മാസം പ്രായമായ കുഞ്ഞിനെ മാതാവിനു കൈമാറിയത്. ശിശുക്ഷേമ സമിതി ഭാരവാഹികളുൾപ്പെടെ സന്നിഹിതരായിരുന്നു. കുഞ്ഞിന്റെ പരുക്ക് പൂർണമായി ഭേദമായെന്നും മൂന്നു മാസം കൂടി അപസ്മാരത്തിനുള്ള മരുന്നു നൽകേണ്ടി വരുമെന്നും ചികിൽസിച്ച ഡോക്റ്റർമാർ പറഞ്ഞു. തലയ്ക്കേറ്റ ക്ഷതത്തിന്റെ ആഘാതം മാറ്റാനാണിത്. മാസത്തിലൊരിക്കൽ ആശുപത്രിയിൽ കൊണ്ടു വരണം. കേസിൽ ഷൈജു തോമസിനെ വധശ്രമത്തിനു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി ഇനി ബന്ധം തുടരേണ്ടെന്നും നാട്ടിലേക്ക് മടങ്ങാനാണ് താൽപ്പര്യമെന്നും നേപ്പാളി സ്വദേശിയായ ഭാര്യ വ്യക്തമാക്കിയിട്ടുണ്ട്.