06
August 2020 - 7:18 pm IST

Download Our Mobile App

National

mumbai

രണ്ടു ലക്ഷം കടന്ന് മഹാരാഷ്ട്ര; മൂന്നിൽ രണ്ടു കേസുകളും എംഎംആറിൽ

Published:05 July 2020

കൊവിഡ് രോഗബാധിതർ രണ്ടു ലക്ഷം കടക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറിയത് പ്രതിദിന വർധനയിൽ വീണ്ടും റെക്കോഡ് കുറിച്ചുകൊണ്ടാണ്. അവസാന 24 മണിക്കൂറിൽ 7,074 പുതിയ രോഗികൾ. മൊത്തം രോഗബാധിതർ 2,00,064. മരണസംഖ്യയിലും മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണു മഹാരാഷ്ട്ര. ഇതുവരെ 8,671 പേർ മരിച്ചു. അവസാന ദിവസം കണക്കിൽ ഉൾപ്പെടുത്തിയ മരണങ്ങൾ 295. 

മുംബൈ: അതിവേഗ രോഗവ്യാപനത്തിന്‍റെ പ്രവണത തുടർന്ന് മഹാരാഷ്ട്ര. കൊവിഡ് രോഗബാധിതർ രണ്ടു ലക്ഷം കടക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറിയത് പ്രതിദിന വർധനയിൽ വീണ്ടും റെക്കോഡ് കുറിച്ചുകൊണ്ടാണ്. അവസാന 24 മണിക്കൂറിൽ 7,074 പുതിയ രോഗികൾ. മൊത്തം രോഗബാധിതർ 2,00,064. മരണസംഖ്യയിലും മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണു മഹാരാഷ്ട്ര. ഇതുവരെ 8,671 പേർ മരിച്ചു. അവസാന ദിവസം കണക്കിൽ ഉൾപ്പെടുത്തിയ മരണങ്ങൾ 295. 

ഇതുവരെ 54.02 ശതമാനം പേർ രോഗമുക്തരായിട്ടുണ്ട് എന്നതിൽ മാത്രമാണ് സംസ്ഥാന സർക്കാരിന് ആശ്വാസം. 1,08,082 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 83,313 ആക്റ്റിവ് കേസുകൾ. 10.80 ലക്ഷം പേർക്കാണ് ഇതുവരെ സംസ്ഥാനത്തു പരിശോധന നടത്തിയത്. രോഗവ്യാപനത്തിന്‍റെ തോതു നോക്കുമ്പോൾ പരിശോധനകൾ ഇനിയും വർധിപ്പിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ രണ്ടു ദിവസവും 6,300ലേറെ പേർക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനത്ത് ഇപ്പോൾ അത് ഏഴായിരത്തിലേറെയായി വർധിച്ചിരിക്കുന്നു. ഇനിയും പീക്ക് ലെവലിൽ എത്തിയിട്ടില്ല സംസ്ഥാനത്തെ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ ആവർത്തിച്ചു നിർദേശിക്കുന്നുണ്ട്.

പുതുതായി ചേർക്കപ്പെട്ട 295 മരണങ്ങളിൽ 124ഉം കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സംഭവിച്ചതാണ്. അതിൽ തന്നെ 68 പേർ മരിച്ചതു മുംബൈയിൽ. മരണനിരക്ക് 4.33 ശതമാനമാണ് സംസ്ഥാനത്ത്. ദേശീയ ശരാശരിയെക്കാൾ വളരെ ഉയർന്നത്. ആശങ്ക വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകവും ഇതാണ്. ആറു ലക്ഷത്തോളം പേരാണ് സംസ്ഥാനത്തു വീടുകളിൽ ക്വാറന്‍റൈനിൽ കഴിയുന്നത്.

41,566 പേർ സ്ഥാപന ക്വാറന്‍റൈനിലുണ്ട്. രോഗികളുടെ പരിചരണം മാത്രമല്ല ക്വാറന്‍റൈൻ പ്രശ്നങ്ങളും സംസ്ഥാനത്തിന് കൈകാര്യം ചെയ്യേണ്ടിവരുന്നു. തുടർച്ചയായ അധ്വാനത്തിന്‍റെ ക്ഷീണം ആരോഗ്യ മേഖലയിൽ പ്രതിഫലിക്കാതിരിക്കുകയെന്നത് വലിയ വെല്ലുവിളിയാ‍ണ്.

രോഗബാധയുടെ മുഖ്യ കേന്ദ്രങ്ങളായി ഇപ്പോഴും തുടരുന്നത് മുംബൈയും പൂനെയും തന്നെ. പുതിയ രോഗികളിൽ 1,163 പേരും മുബൈയിലാണ്; 1,120 പേർ പൂനെ നഗരത്തിൽ. ഏഴായിരത്തിലേറെ കേസുകൾ സ്ഥിരീകരിച്ചപ്പോൾ 4,045 കേസുകളും മുംബൈ നഗരം അടങ്ങുന്ന മുംബൈ മെട്രൊപൊളിറ്റൻ റീജിയണിൽ (എംഎംആർ). മേഖലയിലെ മൊത്തം കൊവിഡ് ബാധിതർ 1,41,828 ആയിട്ടുണ്ട്.

അതായത് സംസ്ഥാനത്തെ മൊത്തം രോഗബാധിതരിൽ 71 ശതമാനത്തോളം കേസുകളും ഈ മേഖലയിൽ. നഗരവത്കരണം ഏറ്റവും ശക്തമായ ഇവിടെയാണ് ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്നതും. 6,312 പേരാണ് എംഎംആറിൽ ഇതുവരെ മരിച്ചത്. സംസ്ഥാനത്തിന്‍റെ മൊത്തം മരണത്തിന്‍റെ 73 ശതമാനത്തോളവും എംഎംആറിലാണ്.  

മുംബൈ നഗരത്തിൽ മാത്രം 83,237 കേസുകളുണ്ട്. സംസ്ഥാനത്തെ രോഗബാധിതരുടെ 41 ശതമാനം വരും ഇത്. മരണസംഖ്യയെടുത്താൽ 56 ശതമാനത്തോളമാണ് മുംബൈ നഗരത്തിന്‍റെ മാത്രം സംഭാവന. 4,830 പേരാണ് ഇതുവരെ നഗരപരിധിയിൽ മരിച്ചത്. താനെ നഗരത്തിൽ 11,610 കേസുകളും കല്യാൺ- ഡോംബിവലി ബെൽറ്റിൽ 9804 കേസുകളുമുണ്ട്. പൂനെ ജില്ലയിലെ മൊത്തം രോഗബാധിതർ 27,311 പേരാണ്. മരണം 835ഉം. പൂനെ നഗരത്തിൽ മാത്രം 20,588 രോഗബാധിതരുണ്ട്. മുംബൈ മെട്രൊപൊളിറ്റൻ മേഖലയും പൂനെ ജില്ലയും ചേർത്താൽ സംസ്ഥാനത്തെ മൊത്തം കേസുകളുടെ 84 ശതമാനവുമാകും എന്നതാണു ശ്രദ്ധേയം.

അതുപോലെ ശ്രദ്ധേയമാവുന്നത് ധാരാവിയിലെ രോഗനിയന്ത്രണമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയിൽ ലക്ഷങ്ങളാണു തിങ്ങിപ്പാർക്കുന്നത്. രോഗവ്യാപനം രാജ്യത്ത് ഏറ്റവും വലിയ ഭീഷണി ഉയർത്തുമെന്നു കരുതിയ പ്രദേശവും ഇതാണ്. എന്നാൽ, യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ധാരാവിയെ ലോകത്തിന്‍റെ അത്ഭുതമാക്കി മാറ്റിയിരിക്കുന്നു. സമീപ ദിവസങ്ങളിൽ വിരലിലെണ്ണാവുന്ന ഏതാനും കേസുകളേ ധാരാവിയിൽ ഉണ്ടാകുന്നുള്ളൂ. അവസാന 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് രണ്ടേ രണ്ടു കേസുകൾ.

മൊത്തം 2,311 പേർക്കാണ് ധാരാവിയിൽ വൈറസ് ബാധിച്ചത്. ഇപ്പോൾ ചികിത്സയിലുള്ളത് 519 പേർ മാത്രം. ധാരാവി ലോകത്തിനു തന്നെ മാതൃകയായി നിൽക്കുമ്പോഴാണ് രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനം രോഗബാധിതരുടെ പ്രധാന കേന്ദ്രമായി തുടരുന്നത്. 


വാർത്തകൾ

Sign up for Newslettertop