07
August 2020 - 12:10 am IST

Download Our Mobile App

Religious

vysan

ഗുരു സാക്ഷാത് പരബ്രഹ്മ; ഇന്ന് ഗുരുപൂർണിമ

Published:05 July 2020

ഈ ദിവസമാണ് ബ്രഹ്മസൂത്രം എഴുതിത്തീർത്തത് എന്നു വിശ്വസിക്കപ്പെടുന്നു. ഹൈന്ദവ ചടങ്ങുകൾക്കെല്ലാം തുടക്കമിടുക ഗുരുവിനും ഗണപതിക്കും പൂജ ചെയ്തുകൊണ്ടാണ്.

ഇന്ന്  ആഷാഢ മാസത്തിലെ പൗർണമി ദിനം. ഗുരുപൂർണിമയെന്നും വ്യാസ പൂർണിമയെന്നും വിശേഷിപ്പിക്കപ്പെടുന്ന വേദവ്യാസ ജയന്തി ദിനം. മഹാഭാരത കർത്താവായ കൃഷ്ണദ്വൈപായനന്‍റെ ജന്മദിനം. ഹിന്ദു കലണ്ടർ പ്രകാരം ആഷാഢത്തിലെ പൗർണമിദിനത്തിലാണു വേദവ്യാസൻ ഭൂമിയിൽ അവതരിച്ചതെന്നാണു വിശ്വാസം. അതുകൊണ്ടാണ് ഈ ദിവസം വ്യാസപൂർണിമ എന്നും അറിയപ്പെടുന്നത്. ചന്ദ്ര ഗ്രഹണ ദിനത്തിലാണ് ഇക്കൊല്ലം ഗുരുപൂർണിമയെന്നതാണ് സവിശേഷത. എന്നാൽ, ഇന്ത്യയിൽ ഗ്രഹണം ദൃശ്യമല്ല. രാവിലെ 8.37 മുതൽ 11.22 വരെയാണ് ഗ്രഹണം.

ഈ ദിവസമാണ് ബ്രഹ്മസൂത്രം എഴുതിത്തീർത്തത് എന്നു വിശ്വസിക്കപ്പെടുന്നു. ഹൈന്ദവ ചടങ്ങുകൾക്കെല്ലാം തുടക്കമിടുക ഗുരുവിനും ഗണപതിക്കും പൂജ ചെയ്തുകൊണ്ടാണ്. ഗണപതിയെക്കാൾ ആദ്യ സ്ഥാനം നൽകിയിരിക്കുന്നത് ഗുരുവിനാണെന്നതു തന്നെ ഗുരുക്കന്മാരുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ലോകത്തിലെ സർവ ഗുരുക്കന്മാരുടെയും ഗുരുവാണു വേദവ്യാസനെന്നാണു വിശ്വാസം. അതുകൊണ്ടുതന്നെ വ്യാസനെ പൂജിക്കാതെ ഗുരുപൂജ പൂർണമാവില്ല.

കേരളത്തിൽ വിദ്യാരംഭച്ചടങ്ങുകളിൽ സരസ്വതീ ദേവിക്കൊപ്പം പൂജിക്കപ്പെടുന്നുണ്ട് വ്യാസൻ. ദത്താത്രേയന്‍റേയും അയ്യപ്പന്‍റെയും ഗുരു വ്യാസനെന്നാണു വിശ്വാസം. ദ്വാപരയുഗത്തിന്‍റെ അവസാനം മഹാവിഷ്ണു വ്യാസമുനിയായി അവതരിച്ച് വേദത്തെ നാലായി വിഭജിക്കുകയായിരുന്നുവത്രെ. 18 പര്‍വങ്ങളിലായി 2000ല്‍ അധികം അധ്യായങ്ങളുള്ള ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളുള്ള മഹാഭാരതത്തില്‍ വ്യാസൻ പറയാത്തതൊന്നും ലോകത്ത് ഇതേവരെ സംഭവിച്ചിട്ടില്ലെന്നും ഇനി സംഭവിക്കില്ലെന്നുമാണു വിശ്വാസം.

വ്യാസന്‍ എന്നാല്‍ വ്യസിക്കുന്നവന്‍ അഥവാ വിഭജിക്കുന്നവനെന്നാണ് അർഥം.  ഓരോ ദ്വാപരയുഗത്തിലും വേദത്തെ നാലായി വിഭജിച്ച ഇരുപത്തെട്ട് വ്യാസന്മാര്‍ കഴിഞ്ഞുപോയതായി പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നു. ആദിഗുരുവായ ദക്ഷിണാമൂർത്തി (പരമശിവൻ) സപ്തർഷികൾക്ക് അറിവുപകർന്ന ദിനമാണിതെന്നും വിശ്വാസമുണ്ട്.

ഹൈന്ദവർക്ക് വേദവ്യാസനുമായി ബന്ധപ്പെട്ടതാണു ഗുരുപൂർണിമയെങ്കിൽ ബുദ്ധമത വിശ്വാസികൾക്ക് സാക്ഷാൽ ഗൗതമബുദ്ധനുമായി ബന്ധപ്പെട്ടതാണ് ഈ ദിവസം.  ഇഹലോകവുമായുള്ള എല്ലാ  ബന്ധങ്ങളിൽ നിന്നും മുക്തനായി ബോധോദയം ലഭിച്ച ശ്രീബുദ്ധൻ സാരനാഥിൽ ആദ്യമായി ധർമോപദേശം നൽകിയ ദിനമാണിന്നെന്നു ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു.

ജൈനമതവിശ്വാസികൾക്കും പ്രധാനമാണ് ഈ ദിനം. ഇരുപത്തിനാലാമത്തെ തീർഥങ്കരനായ മഹാവീരൻ തന്‍റെ ആദ്യ ശിഷ്യനായി ഗൗതം സ്വാമിയെ  (ഇന്ദ്രബുദ്ധി ഗൗതം) സ്വീകരിച്ചത് ഈ ദിവസമാണ്. ഇതോടെ മഹാവീരൻ ഗുരുവായി മാറിയതിന്‍റെ സ്മരണയിലാണത്രെ ഇന്നു ഗുരൂപൂർണിമ ആചരിക്കുന്നത്. ഗുരുപൂർണിമയെന്നാൽ ഞാനെന്ന ചിന്തയില്ലാതെ പൂർണമായി നമ്മളെ ഗുരുവിനു സമർപ്പിക്കേണ്ട ദിനമാണ്. ഗുരു എന്ന സംസ്കൃത വാക്കിന് അർഥം അജ്ഞാനമാകുന്ന ഇരുട്ടിനെ ജ്ഞാനമാകുന്ന പ്രകാശം കൊണ്ടു നീക്കുന്നവൻ എന്നത്രെ.

പുരാതന ഇന്ത്യയിൽ ഗുരുവിന്‍റെ സ്ഥാനം ദൈവസങ്കൽപ്പത്തിനൊപ്പമായിരുന്നു. മാതാപിതാ ഗുരുദൈവം എന്ന പ്രയോഗത്തിൽ ഈശ്വരനും മുകളിലായിരുന്നു ഗുരുവിനു സ്ഥാനം കൽപ്പിച്ചിരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിശ്വാമിത്ര മഹർഷിയും ശ്രീരാമനും ദ്രോണാചാര്യരും അർജുനനുമൊക്കെ ഇന്ത്യൻ ഇതിഹാസങ്ങളിലെ ഗുരുശിഷ്യ പരമ്പരയ്ക്ക് ഉദാഹരണങ്ങൾ.


വാർത്തകൾ

Sign up for Newsletter



top