ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:08 July 2020
കാഠ്മണ്ഡു: പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ രാഷ്ട്രീയ ഭാവിയിയിൽ നിർണായകമാകുന്ന നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (എൻസിപി) സ്റ്റാൻഡിങ് കമ്മിറ്റി യോഗം വെള്ളിയാഴ്ചത്തേക്കു മാറ്റി. തുടർച്ചയായ നാലാം തവണയാണ് എൻസിപിയുടെ പരമോന്നത സമിതി യോഗം മാറ്റിവയ്ക്കുന്നത്. യോഗം വെള്ളിയാഴ്ചത്തേക്കു മാറ്റിയെന്ന് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സൂര്യ ഥാപ്പയാണ് അറിയിച്ചത്. എന്നാൽ, ഇതിന് കാരണം വ്യക്തമാക്കിയിട്ടില്ല.
തന്നെ അട്ടിമറിക്കാൻ പാർട്ടിയിലെ ഒരു വിഭാഗം ഇന്ത്യയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെത്തുടർന്നാണ് ഒലി രാജിവയ്ക്കണമെന്ന ആവശ്യമുയർന്നത്. അയൽരാഷ്ട്രങ്ങളുമായുള്ള ബന്ധത്തെ തകിടം മറിക്കുന്ന പ്രസ്താവന നടത്തിയ ഒലിക്ക് പ്രധാനമന്ത്രിയായി തുടരാൻ അർഹതയില്ലെന്നാണ് മുതിർന്ന നേതാക്കളായ പുഷ്പകമൽ ദഹലും (പ്രചണ്ഡ) മാധവ് കുമാർ നേപ്പാളും വ്യക്തമാക്കിയത്. ആരോപണത്തിനു തെളിവു ഹാജരാക്കാൻ ഒലിയെ വെല്ലുവിളിച്ചിരുന്നു ഇവർ.
ഇതോടെ, പാർട്ടിയിൽ ഒറ്റപ്പെട്ട ഒലിക്കു വേണ്ടി ചൈനീസ് അംബാസഡർ നേരിട്ടു രംഗത്തിറിങ്ങിയിട്ടുണ്ട്. മാധവ് കുമാർ നേപ്പാൾ ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയ ചൈനീസ് അംബാസഡർക്ക് ഇന്നു രാവിലെ വരെ പ്രചണ്ഡയെ കാണാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്റ്റാൻഡിങ് കമ്മിറ്റി നീട്ടിവച്ചതെന്നു സൂചനയുണ്ട്.
അതിനിടെ,ആഭ്യന്തര രാഷ്ട്രീയത്തിൽ ചൈന ഇടപെടുന്നതിനെതിരേ നേപ്പാളിൽ യുവജനസംഘടകൾ പരസ്യമായ പ്രക്ഷോഭം തുടങ്ങി. ചൈനീസ് എംബസിക്കുമുന്നില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ചൈന അനധികൃതമായി നാലു ഗ്രാമങ്ങള്‍ കൈക്കലാക്കിയത് ഒലി മറച്ചുവയ്ക്കാൻ ശ്രമിച്ചതും നേപ്പാളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.