07
August 2020 - 12:47 am IST

Download Our Mobile App

Travel

kulu-travel.jpg

ദൈവങ്ങള്‍ വസിക്കുന്ന നാടുകൾ....

Published:08 July 2020

# ബിനിത ദേസവി

താഴ്വരകളു‌ടെ കൂട്ടവും പച്ചതിങ്ങിയ കാടുകളും കുന്നും പുല്‍മേടുകളും മഞ്ഞുവീഴുന്ന മലകളും ഒക്കെയായി എന്നും ഒരു നൂറായിരം കാഴ്ചകളിലേക്ക് സ‍ഞ്ചാരികളെ കൊണ്ടുചെല്ലുന്നിടം. ദൈവങ്ങള്‍ വസിക്കുന്ന ഇടം എന്നറിയപ്പെടുന്ന കുളു ഒളിപ്പിച്ചിരിക്കുന്ന ഒരുപാട് രഹസ്യങ്ങള്‍ വേറെയുമുണ്ട്.

ആകാശമേതാണ് മലയു‌‌ടെ അറ്റം ഏതാണ് എന്നൊന്നും തിരിച്ചറിയാന്‍ കഴിയാതെ കിടക്കുന്ന കുന്നുകള്‍, മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന പര്‍വതങ്ങള്‍, ഹിമാലയത്തിനും ബിയാസ് നദിയ്ക്കും ഇടയിലായി കിടക്കുന്ന കുളു എത്ര പറഞ്ഞാലും തീരാത്ത ഒരു നാടാണ്. താഴ്വരകളു‌ടെ കൂട്ടവും പച്ചതിങ്ങിയ കാടുകളും കുന്നും പുല്‍മേടുകളും മഞ്ഞുവീഴുന്ന മലകളും ഒക്കെയായി എന്നും ഒരു നൂറായിരം കാഴ്ചകളിലേക്ക് സ‍ഞ്ചാരികളെ കൊണ്ടുചെല്ലുന്നിടം. ദൈവങ്ങള്‍ വസിക്കുന്ന ഇടം എന്നറിയപ്പെടുന്ന കുളു ഒളിപ്പിച്ചിരിക്കുന്ന ഒരുപാട് രഹസ്യങ്ങള്‍ വേറെയുമുണ്ട്.

ദൈവത്തിന്‍റെ താഴ്വര

ദൈവത്തിന്‍റെ താഴ്വര അഥവാ ദൈവത്തിന്‍റെ നാട് എന്നറിയപ്പെടുന്ന പ്രദേശമാണ് കുളു. പുരാണങ്ങളോടും ഇതിഹാസങ്ങളോളും ചേര്‍ന്ന് കഥകള‍ുള്ള ഇവിടം വിശ്വാസങ്ങളാല്‍ സമ്പന്നവുമാണ്. ഇവിടുത്തെ നാ‌‌ടോടിക്കഥകളും മിത്തുകളും ഇതിഹാസങ്ങളുമെല്ലാം ചേര്‍ന്നാണ് കുളുവിനെ ദൈവത്തിന്‍റെ താഴ്വര ആക്കിയിരിക്കുന്നത്.

ഓരോ ഗ്രാമത്തിനും ഓരോ ദൈവം

വിശ്വാസങ്ങളുടെ കാര്യത്തില്‍ മറ്റൊരു നാടിനും അവകാശപ്പ‌െ‌‌ടാന്‍ കഴിയാത്ത പലതും കുളുവിനുണ്ട്. ഇവിടെ ഓരോ ഗ്രാമത്തിനും സ്വന്തമായി ഓരോ ദൈവമുണ്ട്. ഒന്നിനൊന്നു വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവിടെ കാണുകയും ചെയ്യാം. ചില ഗ്രാമങ്ങളിലാവട്ടെ, പൂര്‍ണമായും ശുദ്ധ സ്വര്‍ണത്തില്‍ തീര്‍ത്ത വിഗ്രഹങ്ങളും കാണാന്‍ സാധിക്കും. ചില ഗ്രാമങ്ങളുടെ തലവന്‍ തന്നെ ഈ ദൈവങ്ങളാണ്. അവരുടെ നിത്യജീവിതത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നവരും കൂടിയാണ് അവര്‍ക്ക് ഈ ദൈവങ്ങള്‍.

ആളുകള്‍ വസിക്കുന്ന അവസാന ഗ്രാമം

ഹൈന്ദവ പുരാണങ്ങളും വിശ്വാസങ്ങളും അനുസരിച്ച് ആളുകള്‍ വസിക്കുന്ന അവസാന ഗ്രാമമാണിതെന്നാണ് പറയുന്നത്. അതിനു പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ ഭൂമിയിലെ മഹാപ്രളയ സമയത്ത് മനു മഹര്‍ഷി ഇതുവഴി കടന്നു പോയിരുന്നുവത്രെ. എന്നാല്‍ ഈ ഗ്രാമത്തിലെത്തി കഴിഞ്ഞ് മനുവിന് പിന്നീട് മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇന്നത്തെ റോത്താങ് പാസ് സ്ഥിതി ചെയ്യുന്ന ഇടം കഴിഞ്ഞ് മുന്നോ‌‌ട്ട് പോകാന്‍ അന്നത്തെ കാലാവസ്ഥ അദ്ദേഹത്തെ അനുവദിച്ചില്ലത്രെ. പിന്നീട് അദ്ദേഹം അവിടെ തന്നെ വിശ്രമിച്ചുവെന്നും കഥകള്‍ പറയുന്നു,

കുലന്ത് വാലി

കുലന്ത് വാലി എന്നാല്‍ വാസയോഗ്യമായ ലോകം എന്നാണ് അര്‍ഥം. മനു ഇവിടെ കണ്ടെത്തിയ ഇടമാണ് കുലന്ത് പീഠ് എന്നറിയപ്പെടുന്നത്. പിന്നീട് ഇവിടം കുളു വാലി എന്നായി മാറുകയായിരുന്നു.

അശോക സ്തൂപം

നിരവധി സഞ്ചാരികളും രാജവംശങ്ങളും കടന്നു പോയിട്ടുള്ള നാ‌ട് കൂടിയാണ് കുളു. പ്രശസ്ത ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാങ് സാങ് എഡി 634ലോ 635ലോ ഇവിടം സന്ദര്‍ശിച്ചിരുന്നു എന്നാണ് കരുതുന്നത്. അദ്ദേഹത്തിന്‍റെ വിവരണങ്ങളില്‍ അശോക ചക്രവര്‍ത്തി സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന സ്തംഭത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇവി‌ടെ കാണാം.

കുളന്ത അസുരന്‍

കുളന്ത എന്നു പേരായ ഒരു അസുരനായിരുന്നുവത്രെ ഇവിടെ വസിച്ചിരുന്നത്. ഒരിക്കല്‍ ഒരു വലിയ പാമ്പിന്‍റെ രൂപത്തില്‍ ലാഹുല്‍ സ്പിതിയിലെ മാതന്‍ ഗ്രാമത്തില്‍ അസുരന്‍ എത്തിച്ചേർന്നു. തന്‍റെ ദുഷ്‌‌ടചിന്തകളു‌‌ടെ ഫലമായി ആ ഗ്രാമത്തില്‍ വെള്ളപ്പൊക്കമുണ്ടാക്കാനാണ് അസുരന്‍ തീരുമാനിച്ചത്. ഇതിനായി ബിയാസ് നദിയു‌‌ടെ ഒഴുക്കിനെ തടസപ്പെ‌ടുത്തുന്ന വിധത്തില്‍ നദിയ്ക്ക് കുറുകെ അസുരന്‍ കിടന്നു. ഇതറിഞ്ഞ‍ ശിവന്‍ അസുരനുമായി യുദ്ധം പ്രഖ്യാപിച്ചു. ശക്തിയും വാശിയുമേറിയ യുദ്ധത്തിനൊ‌ടുവില്‍ ശിവന്‍ ജയിക്കുകയും അസുരനെ കൊല്ലുകയും ചെയ്തു.

പാമ്പിന്‍റെ രൂപത്തിലായിരുന്നു അസുരന്‍ പോരാടാനെത്തിയത്. അതിനുശേഷം അസുരന്‍റെ ശരീരം ഒരു വലിയ പര്‍വതമായി മാറി. കുളന്തന്‍ അസുരനില്‍ നിന്നും രൂപം കൊണ്ടതിനാലാണ് കുളു വാലിക്ക് ഈ പേര് ലഭിച്ചത്. ജലാന്ധാര്‍ അസുരനെ കൊലപ്പെടുത്തിയ ഇടം എന്നും ഈ പ്രദേശത്തെ പുരാണങ്ങളില്‍ അടയാളപ്പെ‌‌ടുത്തിയിട്ടുണ്ട്.

ദേവ ഭൂമി

ദൈവങ്ങളുടെ താഴ്വര എന്ന പേരിനൊപ്പം തന്നെ ദേവഭൂമി എന്നും ഇവി‌ടം അറിയപ്പെടുന്നു. ഹിന്ദു, സിക്ക്, ബുദ്ധമതവിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഇ‌ടം കൂടിയാണിത്. എല്ലാ വിശ്വാസികളും ഇവിടെ എത്തിച്ചേരാറുണ്ട്. കുളു കാഴ്ചകള്‍ ഹിമാലയത്തോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ അതിമനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. ചുറ്റോടു ചുറ്റും കിടക്കുന്ന നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. മണികരണ്‍, മലാന, മണാലി, റോത്താങ് പാസ് കസോള്‍, ഷോജ തുടങ്ങിവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങള്‍.


വാർത്തകൾ

Sign up for Newslettertop