06
August 2020 - 6:13 pm IST

Download Our Mobile App

Kerala

P J Joseph, Kerala Congress, Kottayam

എങ്ങിനെ നീ മറക്കും കുയിലേ എങ്ങിനെ നീ മറക്കും; രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിലും പാട്ടിനെ ചേർത്ത് പി.ജെ ജോസഫ്

Published:09 July 2020

# ബിനീഷ് മള്ളൂശേരി

കേരള കോൺഗ്രസ്എം വിഭാഗീയ പ്രശ്നങ്ങളും അതിലേറെ നിലവിലെ സ്വർണ്ണ ക്കടത്ത് വിവാദവുമൊന്നും പാട്ടിന് മുന്നിൽ ജോസഫിന് പ്രശ്നമായില്ല. അരമണിക്കൂറോളം അദ്ദേഹം കോട്ടയം പ്രസ് ക്ലബ്ബിൽ പാട്ട് പാടിയും പാട്ടിനെപ്പറ്റി പറഞ്ഞും മാധ്യമ പ്രവർത്തകർക്കൊപ്പം ചെലവഴിച്ചു.

കോട്ടയം: ഏറെ പ്രശ്നങ്ങളിൽ കൂടി കടന്നുപോകുന്ന ഇന്നത്തെ രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിലും പാട്ടിനെ ചേർത്ത് പിടിച്ച് പി.ജെ ജോസഫ് എം.എൽ.എ. കേരള കോൺഗ്രസ്എം വിഭാഗീയ പ്രശ്നങ്ങളും അതിലേറെ നിലവിലെ സ്വർണ്ണ ക്കടത്ത് വിവാദവുമൊന്നും പാട്ടിന് മുന്നിൽ ജോസഫിന് പ്രശ്നമായില്ല. അരമണിക്കൂറോളം അദ്ദേഹം കോട്ടയം പ്രസ് ക്ലബ്ബിൽ പാട്ട് പാടിയും പാട്ടിനെപ്പറ്റി പറഞ്ഞും മാധ്യമ പ്രവർത്തകർക്കൊപ്പം ചെലവഴിച്ചു. നീലക്കുയിലിലെ അനശ്വര ഗാനമായ എങ്ങിനെ നീ മറക്കും കുയിലേ എങ്ങിനെ നീ മറക്കും എന്ന പാട്ട് പാടിയായിരുന്നു മധ്യാഹ്നവേളയിൽ പക്കമേളങ്ങളൊന്നുമില്ലാതെ അദ്ദേഹം തന്റെ ശബ്ദമാധുര്യം പങ്കുവച്ചുതുടങ്ങിയത്.

സംഗീത സംബന്ധിയായ പരിപാടികൾ മുടങ്ങാതെ കാണുന്നയാളാണ് ഞാൻ. കഴിഞ്ഞ ദിവസം എ.എം രാജ ഉൾപ്പെടെയുള്ള ഗായകരുടെ വത്യസ്തമായ സ്വരങ്ങൾ കേൾക്കാനിടയായി. അതിൽ യേശുദാസിന്റെ അത്രയും ശബ്ദം വരില്ലെങ്കിലും കോഴിക്കോട് അബ്ദുൽഖാദർ പാടിയ എങ്ങിനെ നീ മറക്കും കുയിലേ എങ്ങിനെ നീ മറക്കും എന്ന പാട്ട് മനസ്സിലുണ്ട്. നീലക്കുയിലിലെ അനശ്വരമായ ആ പാട്ട് ഞാനൊന്ന് പാടാം എന്ന് പറഞ്ഞാണ് പി.ജെ ജോസഫ് പാട്ട് തുടങ്ങിയത്. മാധ്യമ പ്രവർത്തകർ താളമിട്ടപ്പോൾ രാഷ്ട്രീയക്കാരന്റെ മുഖം മാറ്റി ജോസഫ്, ഒരു പാട്ടുകാരനായി മാറി. മലയാളത്തിലെ ഇഷ്ടഗായകൻ യേശുദാസും ഹിന്ദിയിൽ മുഹമ്മദ് റാഫി, കിഷോർ കുമാർ എന്നിവരാണെന്നും അധികം പാട്ടുകൾ പാടിയിട്ടില്ലെങ്കിലും അനശ്വര ഗാനങ്ങൾ പാടിയ തലത് മഹമൂദിന്റെ പാട്ടുകളോട് പ്രിയമാണെന്നും അദ്ദേഹം പറഞ്ഞു. മഹമൂദ് പാടിയ ജൽതെ ഹേൻ ജിസ് കേലിയെ എന്ന ഹിന്ദി ഗാനവും അദ്ദേഹം പാടി കയ്യടി നേടി.

ഓളമുള്ള പാട്ട് പാടാൻ ആവശ്യപ്പെട്ടപ്പോൾ പൂമാനം പൂത്തുലഞ്ഞേ എന്ന പാട്ട് പാടി. ഒപ്പം പാട്ടിന്റെ വരികൾ എടുത്തുവച്ച് അതേപ്പറ്റി സരസമായ കമന്റ് പറയാനും അദ്ദേഹം മറന്നില്ല. പ്രേമപ്പെടുത്തുന്ന പാട്ടാണ് അശ്ലീലമൊന്നുമില്ല ഉണ്ടോ ഇല്ലല്ലേ.. ഇതൊരു ഇക്കിളിപ്പെടുത്തുന്ന ഗാനമാണെന്നും പറയാനുള്ളതെല്ലാം അത്യാവശ്യം ശ്രീകുമാരൻ തമ്പി വരികളിൽകൂടി പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു ചിരിച്ചുകൊണ്ടുള്ള പി.ജെയുടെ ചിരിപ്പിക്കുന്ന കമന്റ്. പുതിയപാട്ടുകളോട് ഇഷ്ടക്കുറവില്ലെന്നറിയിച്ച് വിജയ് യേശുദാസും ശ്വേദയും പാടിയ 'മേടക്കാറ്റ് വീശി ചാഞ്ഞുവീണ തേൻവരിക്ക പ്ലാവിൻ ചോട്ടിൽ കാത്തിരിക്കാം നിന്നെയോർത്തെൻ പെണ്ണേ' എന്ന പാട്ട് ഇത്രയും പാടിയ ശേഷം അത്രേ ഓർമ്മയുള്ളു എന്ന് പറഞ്ഞു നിർത്തിയത് സദസ്സിൽ ചിരി പടർത്തി. 'കടക്കണ്ണെന്ന് കേട്ടാൽ ഭംഗിയില്ല പക്ഷെ മേഘമൽഹാർ എന്ന ചിത്രത്തിന് ഒഎൻവി എഴുതിയ പാട്ടിൽ കടക്കണ്ണിന് പകരം 'മിഴിമുന' എന്ന പ്രയോഗം എത്ര ഭംഗിയാണെന്ന് നോക്കൂ എന്നുപറഞ്ഞ ജോസഫ് ഒരു നറുപുഷ്പമായ് എൻ നേർക്ക് നീളുന്ന മിഴിമുനയാരുടേതാവാം എന്ന ഗാനം ഭംഗിയായി ആലപിച്ചു. രമേശ് നാരായണന്റെ ഹൈ പിച്ച് പാട്ട്, ഞാനീ പാട്ട് പാടി പഠിക്കാൻ ശ്രമിച്ചപ്പോൾ എന്റെ ഭാര്യ ശാന്ത എന്നോട് പറഞ്ഞത് അതേ കടിച്ചു പല്ലുകളയണ്ട എന്നായിരുന്നെന്നും എന്തായാലും മെനക്കെട്ടിരുന്നിത് പഠിച്ചെന്നും കനകക്കുന്നിൽ വെച്ച് രമേശുമൊത്ത് പാടിയെന്നും അദ്ദേഹം ചിരിയോടെ കൂട്ടിച്ചേർത്തു.

1970ൽ ഒരു തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് തേടി വെളുപ്പിന് രണ്ടുമണിക്ക് തൊടുപുഴയിൽ ഒരു കോളനിയിൽ ചെന്നു. പ്രസംഗിക്കാനുള്ള സമയമല്ല. എങ്കിൽ ഒരു പാട്ട് പാടാമെന്നു വച്ചു. ഈ പാട്ടായിരുന്നു അത്. 'താഴംപൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ' എന്ന പാട്ട്. ത്രികോണമത്സരമായിരുന്നു അവിടെ. കേരള കോൺഗ്രസ്, കോൺഗ്രസ്, സി.പിഎം. 85% ഇടതുപക്ഷ വോട്ടുകളായിരുന്നു അവിടെ പക്ഷെ വോട്ട് പെട്ടിയിലെത്തിയപ്പോൾ ഈ ഒരൊറ്റ പാട്ട് കൊണ്ട് അവിടെ 90% വോട്ടും തനിക്ക് കിട്ടിയെന്നും പി.ജെ ഓർത്തുപറഞ്ഞു.

ഒരു സംഗീതവും പഠിച്ചിട്ടില്ല. സരിഗമ പോലും. കേട്ട് പഠിച്ചതാണ് പാടുന്നതെന്നും സ്വരം പോകാതിരിക്കാൻ ഇടയ്ക്കിടെ പാടിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടലാസ് നോക്കി പാടിയാൽ പാട്ടിന്റെ ജീവൻ പോകുമെന്ന് ജെറി അമൽ ദേവ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാട്ടെല്ലാം കാണാതെ പഠിച്ചാണ് പാടാറുള്ളത്. അങ്ങനെയാണ് സ്റ്റീഫൻ ദേവസിക്കും ചിത്രയ്ക്കും ഇപ്പോൾ ശ്വേദയ്ക്കും ഒപ്പം വരെ പാടിയതും. സിനിമ കാണാറുണ്ട്. ബിഗ് സ്‌ക്രീനിൽ കാണുന്നതാണിഷ്ടം. മോഹൻലാലും മഞ്ജുവാര്യരും അഭിനയിച്ച 'എന്നും എപ്പോഴും' ഇഷ്മായി. സത്യൻ അന്തിക്കാടിന്റെ എല്ലാ ചിത്രങ്ങളും ഇഷ്ടമാണ് കണ്ടിട്ടുമുണ്ട്. യാഥാർഥ്യബോധമുള്ള ചിത്രങ്ങളാണ് അദ്ദേഹത്തിന്റേത്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന വി.വി ജോസഫ് എം.എൽ എ യുടെ മകൻ ജിത്തുജോസഫിന്റെ ദൃശ്യം എന്ന സിനിമയും ഇഷ്ടമായെന്നും ജിത്തു നല്ലൊരു സംവിധായകനാണെന്നും മേഘമൽഹാറും, ഇവിടം സ്വർഗ്ഗമാണെന്ന സിനിമയും ഗംഭീരമാണെന്നും സിനിമയെപ്പറ്റി പി.ജെ ജോസഫ് പറഞ്ഞു.
 
ഇഷ്ടപ്പെട്ട പാട്ടുകളിലെല്ലാം പ്രണയം ഉണ്ടല്ലോ എന്ന ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു ആദ്യ ഉത്തരം. വിവാഹം സ്വർഗത്തിൽ എന്നു പറഞ്ഞ അദ്ദേഹം ആയിരത്തോളം ആശുപത്രിയുള്ള കേരളത്തിൽ ഞങ്ങളുടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് ശാന്തക്ക് ആദ്യം പോസ്റ്റിങ്  കിട്ടിയതെന്നും പിന്നീട് നാട്ടിലെ വരിക്കൻ മാവിന്റെ മാങ്ങ തനിക്ക് തന്ന് ആദ്യമായി കണ്ടതോടെ പ്രണയിച്ച കാര്യവും    ഭാര്യശാന്തയോടുള്ള പ്രണയത്തിന്റെ കാര്യം ജോസഫ് പങ്കുവച്ചു. പ്രിയതമയ്ക്കും തനിക്കും പ്രിയപ്പെട്ട ഗാനം ജൽതെ ഹേൻ ജിസ് കേലിയെ എന്ന പാട്ടാണെന്നും ഏറ്റവും കൂടുതൽ കേട്ടിരിക്കുന്ന പാട്ടിതാണെന്നും അദ്ദേഹം പറഞ്ഞു. പാട്ടിനെപ്പറ്റി മാത്രമല്ല വീട്ടിലെ കൃഷിയെപ്പറ്റിയും പശുക്കളെപ്പറ്റിയും ജോസഫ് പങ്കുവച്ചു. ഇതിനിടയിൽ സ്വർണക്കടത്ത് വിവാദത്തെപ്പറ്റിയുള്ള പ്രതികരണം നൽകാനും ജോസഫ് മറന്നില്ല. അരമണിക്കൂറോളം സംഗീത സംബന്ധിയായ ചോദ്യങ്ങൾക്കുത്തരവും തമാശകളും അതിനിടയിൽ മലയാളം ഹിന്ദി ഗാനങ്ങളും ആലപിച്ച ശേഷം തനിക്കു പാട്ട് പാടാൻ ലഭിച്ച ഗംഭീര സദസ്സായിരുന്നുവെന്ന് പി.ജെ വെളിപ്പെടുത്തി.

കുരുത്തക്കേട് കാണിക്കുന്ന പറഞ്ഞാൽ കേൾക്കാത്ത ചില കുട്ടികൾക്ക് പാടിക്കൊടുക്കാൻ പറ്റുന്ന പാട്ടുണ്ടോ എന്ന ചോദ്യത്തിന് കിഷോർ കുമാറും ആശാ ഭോസ്‌ലെയും പാടിയ ' സി.എ.റ്റി ക്യാറ്റ് ക്യാറ്റ് മോനെ ബില്ലി.. ' എന്ന് തുടങ്ങുന്ന ഗാനം പരോക്ഷമായി ജോസ് കെ മാണിക്കായി പാടിയ ശേഷമാണ് മാധ്യമപ്രവർത്തകർക്കിടയിൽ നിന്നും പി.ജെ ജോസഫ് മടങ്ങിയത്.


വാർത്തകൾ

Sign up for Newslettertop