07
August 2020 - 12:12 am IST

Download Our Mobile App

Travel

kuttanad-travel-blog-alappuzha-tourist-spot

സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും!

Published:10 July 2020

# ബിനിത ദേവസി

ഓളപ്പരപ്പിലെ കൗതുകമാണ് എന്നും കുട്ടനാട്. സമുദ്ര നിരപ്പിനും താഴെ കണ്‍നിറയെ കൗതുകക്കാഴ്ചകള്‍ മാത്രമൊരുക്കി നില്‍ക്കുന്ന കുട്ടനാട് കേരളീയര്‍ക്ക് ഒരു വികാരവും സ‍ഞ്ചാരികള്‍ക്ക് അത്ഭുതവുമാണ് സമ്മാനിക്കുന്നത്.

ഓളപ്പരപ്പിലെ കൗതുകമാണ് എന്നും കുട്ടനാട്. സമുദ്ര നിരപ്പിനും താഴെ കണ്‍നിറയെ കൗതുകക്കാഴ്ചകള്‍ മാത്രമൊരുക്കി നില്‍ക്കുന്ന കുട്ടനാട് കേരളീയര്‍ക്ക് ഒരു വികാരവും സ‍ഞ്ചാരികള്‍ക്ക് അത്ഭുതവുമാണ് സമ്മാനിക്കുന്നത്. കായലും ആറുകളും തോടും കെ‌ട്ടുവള്ളവും നെല്‍പ്പാടങ്ങളും മത്സ്യസമൃദ്ധിയും മാത്രമല്ല കുട്ടനാട്. എത്ര നോക്കിയാലും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായല്‍ കാഴ്ചകള്‍ മാത്രം മതി കുട്ടനാടിന് ആരുടെ മനസിലും കയറിപ്പറ്റാന്‍. ജീവിതം മുതല്‍ ജീവിത ശൈലിയും ഭക്ഷണവും രീതികളും എല്ലാത്തിനും ഒരു കുട്ടനാടന്‍ ടച്ചുണ്ട്.

കുട്ടനാട് എന്നു കേള്‍ക്കുമ്പോള്‍ പലരു‌ടെയും മനസില്‍ ആദ്യം വരിക കെട്ടുവള്ളങ്ങളും നെൽപ്പാടവുമൊക്കെയാണ്. കേരളത്തില്‍ കുട്ടനാടിനോളം ഇത്രയധികം സഞ്ചാരികളെ ആകര്‍ഷിച്ച മറ്റൊരിടമുണ്ടാകില്ല. ഒരുപാട് പ്രത്യേകതകള്‍ സ്വന്തമായുള്ള കുട്ടനാട് എന്നും സഞ്ചാരികള്‍ക്ക് ഒരു വിസ്മയമാണ്.

കേരളത്തിന്‍റെ നെല്ലറ‌സമൃദ്ധമായ നെല്‍കൃഷി ഇന്നും നിലനില്‍ക്കുന്ന ഇടമാണ് കുട്ടനാട്. അതുകൊണ്ടുതന്നെ കേരളത്തിന്‍റെ നെല്ലറ എന്നാണ് കുട്ടനാട് അറിയപ്പെടുന്നത്. കേരളത്തിന്‍റെ ധാന്യപ്പുര എന്നും കുട്ടനാടിന് പേരുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായാണ് കുട്ടനാട് വ്യാപിച്ചു കിടക്കുന്നത്.

ഒറ്റക്കാഴ്ചയില്‍ തന്നെ മനസില്‍ കയറിപ്പറ്റുന്ന ഇടങ്ങളിലൊന്നാണ് കുട്ടനാട്. വെറുതേ യാത്ര ചെയ്യുന്നവരാണെങ്കിലും പുതിയ ഇടങ്ങള്‍ തേടുന്നവരാണെങ്കിലും ഫോട്ടൊഗ്രാഫര്‍മാര്‍ക്കും പക്ഷി നിരീക്ഷകര്‍ക്കുമെല്ലാം വേണ്ടതിലേറെ ഈ നാട് നൽകും എന്നതില്‍ സംശയം വേണ്ട. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് ഇതെന്ന കാര്യത്തില്‍ സംശയമേ വേണ്ട.

പേരിനു പിന്നിൽ

കു‌ട്ടനാട് എന്ന പേരു കിട്ടിയതിനു പിന്നില്‍ പല കഥകളും ഇവിടെ പ്രചാരത്തിലുണ്ട്. കുട്ടന്‍റെ നാട് കു‌ട്ടനാട് ആയതാണെന്നും അതല്ല, കരുമാടിക്കുട്ടനില്‍ നിന്നാണ് കുട്ടനാട് വന്നതെന്നും പല അഭിപ്രായങ്ങളുണ്ട്. നെൽപ്പാടങ്ങളിലെ പണിക്കാരനെയാണ് ഇവിടെ കുട്ടന്‍ എന്നു പൊതുവെ വിളിക്കുന്നത്. അതില്‍ നിന്നുമാണ് കു‌‌ട്ടനാട് വന്നതെന്നാണ് ഒരഭിപ്രായം.

പാണ്ഡവന്മാരുടെ കുട്ടനാട്കഥകളിലും മിത്തുകളിലും കുട്ടനാടിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഒരുകാലത്ത് ഇവിടെ നിറയം കാ‌ടായിരുന്നുവെന്നും പാണ്ഡവര്‍ അവരുടെ വനവാസക്കാലത്ത് ഇവിടെ താമസിച്ചിരുന്നുവെന്നും വിശ്വാസമുണ്ട്. പിന്നീട് കാട്ടുതീയില്‍പ്പെട്ട് അതെല്ലാം കത്തി ചുട്ടെരിഞ്ഞുനശിച്ചുവത്രെ. അങ്ങനെ ഇവി‌ടം ചു‌ട്ടനാട് ആയി എന്നാണ് ഒരു കഥ. കുറേ നാളുകള്‍ക്കു മുമ്പ് ഇവിടെ പലഭാഗങ്ങളില്‍ നിന്നും കത്തിയെരിഞ്ഞ മരത്തടികളും മറ്റും ഖനനത്തില്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

ബുദ്ധനാ‌ട്

ബുദ്ധനാട് എന്നും കുട്ടനാട് അറിയപ്പെട്ടിരുന്നുണ്ട്. ഇവിടുത്തെ കരുമാടിക്കുട്ടന്‍റെ കഥയും പ്രതിമയും അതിനുദാഹരണമാണ് എന്നാണ് പറയപ്പെടുന്നത്. ചില ചരിത്രകാരന്മാര്‍ പറയുന്നതനുസരിച്ച് ക്രിസ്തുവര്‍ഷത്തിന്‍റെ ആദ്യ നൂറ്റാണ്ട‌ുകളില്‍ ഇവിടം തമിഴ്നാടിന്‍റെ ഭാഗമായിരുന്നുവത്രെ. ചേര രാജാവായിരുന്ന ചേരന്‍ ചെങ്കുട്ടവന്‍റെ ഭരണ തലസ്ഥാനവും ഇതായിരുന്നു.

കുട്ടവന്‍റെ നാട് എന്നര്‍ഥത്തില്‍ ഇവിടം കുട്ടനാട് ആയതാണെന്നും വാദമുണ്ട്. പിന്നീട് ഇവിടം ബുദ്ധമതത്തിന് ഏറെ പ്രധാന്യമുള്ള കേന്ദ്രമായി മാറുകയായിരുന്നു. ബുദ്ധനാട് എന്ന പേര് അങ്ങനെ വന്നതാണ് എന്നാണ് വിശ്വാസം. ഇവിടെ കാണുന്ന കരുമാടിക്കുട്ടന്‍റെ പ്രതിമ ബുദ്ധന്‍റെ മറ്റൊരു രൂപമാണ് എന്നാണ് പലരും വിശ്വസിക്കുന്നത്.

രണ്ടാള്‍ താഴ്ചയിലെ നെല്ല്

കുട്ടനാടിന്‍റെ ഏറ്റവും വലിയ അത്ഭുതമാണ് ഇവിടുത്തെ സമുദ്രനിരപ്പിനും താഴെയുള്ള നെല്‍കൃഷി. സമുദ്ര നിരപ്പിനു താഴെ കൃഷി ചെയ്യുന്ന ഇടം എന്ന പ്രത്യേകത ലോകത്തില്‍ രണ്ട് പ്രദേശത്തിനു മാത്രമേ സ്വന്തമായുള്ളൂ. അതിലൊന്ന് കുട്ടനാടാണ്. അടുത്തത് ഹോളണ്ടും. കുട്ടനാട്ടില്‍ സമുദ്രനിരപ്പിൽ നിന്നും 2.2 മീറ്റൽ താഴെ മുതൽ 0.6 മീറ്റർ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്‍റെ ഉയര വ്യത്യാസം.

വേമ്പനാട്ട് കായലിലെ കരിമീന്‍

കു‌ട്ടനാട് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്ന മറ്റൊന്നാണ് കരിമീന്‍. ഇവിടുത്തെ കായലുകളിലെ കരിമീനിന് ലോകവിപണിയില്‍ തന്നെ വലിയ ഡിമാന്‍ഡുണ്ട്. വലിയ പോഷക ഗുണങ്ങളും രുചിയുമാണ് ഇതിന്‍റെ പ്രത്യേകത. കുട്ടനാട്ടിലെത്തിയാല്‍ കരിമീന്‍ കഴിച്ചില്ലെങ്കില്‍ അതു വലിയ നഷ്ടമായിരിക്കും എന്നതില്‍ സംശയമില്ല.

കുട്ടനാടും ഹോം സ്റ്റേയുംകുട്ടനാട് കാഴ്ചകള്‍ സ്വന്തം വീട്ടില്‍ നിന്നെന്നപോല അനുഭവിച്ചറിയാന്‍ ഇവിടുത്തെ ഹോം സ്റ്റേകളെ ആശ്രയിക്കാം. തനി നാടന്‍ ഭക്ഷണങ്ങളും കാഴ്ചകളും ആസ്വദിച്ച് കുട്ടനാടിനെ അറിയുന്നതിനായി എത്തുന്നവര്‍ക്ക് ഹോം സ്റ്റേകളോ അല്ലെങ്കില്‍ വഞ്ചിവീടുകളോ തെരഞ്ഞെടുക്കാം.

സീ കുട്ടനാട്

കുട്ടനാട് കാണാന്‍ സാധിക്കാത്തവര്‍ക്ക് ധൈര്യപൂര്‍വം ആശ്രയിക്കാന്‍ പറ്റുന്ന ഒന്നാണ് സീ കുട്ടനാട്. വെറും 80 രൂപ ചെലവില്‍ ആലപ്പുഴയില്‍ നിന്നും ബോട്ടില്‍ കുട്ടനാ‌ട് മുഴുവന്‍ കാണാന്‍ ജലഗതാഗത വകുപ്പ് ഒരുക്കിയിരിക്കുന്ന പരിപാടിയാണിത്. അപ്പര്‍ ഡക്കിലാണ് സഞ്ചാരികള്‍ക്ക് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. ദിവസവും 5 സർവീസുകളുണ്ട്. രാവിലെ 5.50ന് ആദ്യ സർവീസും വൈകീട്ട് 5.15ന് അവസാന സീ കുട്ടനാട് സർവീസും നടത്തും.


വാർത്തകൾ

Sign up for Newslettertop