13
August 2020 - 1:47 pm IST

Download Our Mobile App

Kerala

Break The Chain, Pinarayi VIjayan, Covid 19

സമ്പർക്കകേസുകൾ കൂടുന്ന സാഹചര്യത്തിൽ ബ്രെയ്ക്ക് ദ ചെയിൻ ക്യാമ്പെയ്ൻ ശക്തമാക്കും ; മുഖ്യമന്ത്രി

Published:11 July 2020

സാമൂഹിക അകലം കർശനമായി പാലിക്കാനും, കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് ശുചിയാക്കാനും എല്ലാവരും ശ്രദ്ധിക്കണം. അതുപോലെത്തന്നെ പ്രധാനമാണ് പൊതുവിടങ്ങളിലെ മാസ്‌കിന്റെ  ഉപയോഗവും

തിരുവനന്തപുരം : സമ്പർക്കം മുഖേനയുള്ള കേസുകൾ കൂടുന്ന സാഹചര്യത്തിൽ ബ്രെയ്ക്ക് ദ ചെയിൻ ക്യാമ്പെയ്ൻ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാമൂഹിക അകലം കർശനമായി പാലിക്കാനും, കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് ശുചിയാക്കാനും എല്ലാവരും ശ്രദ്ധിക്കണം. അതുപോലെത്തന്നെ പ്രധാനമാണ് പൊതുവിടങ്ങളിലെ മാസ്‌കിന്റെ  ഉപയോഗവും.

രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് പകരാതിരിക്കാൻ മാസ്‌കുകൾ സഹായിക്കുന്നുണ്ട്. കോവിഡ് രോഗബാധിതനായ ഒരാളും മറ്റൊരു വ്യക്തിയും മാസ്‌കില്ലാതെ അടുത്തടുത്ത്  വരുന്ന സാഹചര്യത്തിൽ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ, രണ്ടാളുകളും മാസ്‌ക് ധരിച്ചു കൊണ്ടാണ് നിൽക്കുന്നതെങ്കിൽ പകർച്ചയ്ക്കുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ മാസ്‌കുകൾ പൊതു സ്ഥലങ്ങളിൽ നിർബന്ധമായും എല്ലാവരും ധരിക്കണം.

പക്ഷേ, മാസ്‌ക് ധരിച്ചതുകൊണ്ട് എല്ലാമായി എന്നും കരുതരുത്. ശാരീരിക അകലം പാലിച്ചില്ലെങ്കിൽ മാസ്‌ക് ധരിച്ചതുകൊണ്ട് യാതൊരു ഗുണവുമുണ്ടാകില്ല. ശാരീരിക അകലം പാലിക്കുക, കൈകൾ നിരന്തരം വൃത്തിയാക്കുക, മാസ്‌ക് ധരിക്കുക എന്നീ മൂന്നു കാര്യങ്ങളും ഒരേ സമയം പാലിച്ചെങ്കിൽ മാത്രമേ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കൂ.

നിരന്തരം ഇത് പറയുന്നത് നമ്മുടെ രോഗവ്യാപനതോത് കുറയ്ക്കാൻ ഇതേ മാർഗമുള്ളു എന്നതിനാലാണ്.
കോവിഡ്-19 വൈറസ് ബാധിതരിൽ സിംഹഭാഗവും യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ ലക്ഷണങ്ങളില്ലാത്തവരിൽ ടെസ്റ്റുകൾ പോസിറ്റീവ് ആകുന്നത് ടെസ്റ്റിന്റെ ബലഹീനതയല്ല, മറിച്ച് ചെറിയ അണുബാധകൾ പോലും കണ്ടെത്താനുള്ള ടെസ്റ്റിന്റെ കഴിവായി വേണം കണക്കാക്കാൻ. ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും രോഗം പരക്കാം എന്നതും ഇത്തരത്തിൽ രോഗം പകർന്നു കിട്ടുന്നവരിൽ ഇത് ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കാം എന്നതും വസ്തുതയാണ്.

പ്രായേണ ആരോഗ്യമുള്ളവരിലൂടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ കോവിഡ് സംസ്ഥാനത്താകമാനം പടർന്നു പിടിക്കുന്ന അവസ്ഥയുണ്ടായാൽ രോഗബാധ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെ രോഗബാധ ചില പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ കഴിയുന്നത്ര രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടെത്തേണ്ടതുണ്ട്.

അതത് പ്രദേശങ്ങളിലെ രോഗബാധ കഴിയുന്നത്ര നേരത്തെ നിയന്ത്രിക്കുന്നതിനും മറ്റ് പ്രദേശങ്ങളിലേക്ക് പടർന്നു പിടിക്കുന്നത് തടയുന്നതിനുമായാണ് ഇത് ചെയ്യുന്നത്. വിദഗ്ധർ നിർദ്ദേശിക്കുന്ന ഏറ്റവും ശാസ്ത്രീയമായ മാർഗങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇന്നലെ സൂചിപ്പിച്ചത് പോലെ ഉചിതമായ ടെസ്റ്റിങ് രീതികളാണു ഇതിനായി ഉപയോഗിക്കുന്നത്. ഇതിനോട് എല്ലാവരും പൂർണമനസ്സോടെ സഹകരിക്കുകയാണ് വേണ്ടത്.

കോവിഡ് പ്രതിരോധ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസിൽ നിന്നും സ്‌പെഷ്യൽ യൂണിറ്റിൽ നിന്നും ധാരാളം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. രോഗികൾ വർദ്ധിക്കുന്നതു മൂലവും ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും ചില ജില്ലകളിൽ പൊലീസിന്റെ ജോലിഭാരം വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ദിവസം കുറഞ്ഞത് രണ്ട് ഷിഷ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാവും ഉചിതമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌പെഷ്യൽ യൂണിറ്റിൽ നിന്ന് നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിനടുത്തുള്ള പ്രദേശത്ത് നിയോഗിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പൊലീസിലെ സ്റ്റേറ്റ് വെൽഫയർ ഓഫീസറും എഡിജിപിയുമായ കെ പത്മകുമാർ എല്ലാ ജില്ലകളും സന്ദർശിച്ച് പൊലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോർട്ട് ദിവസേന സംസ്ഥാന പൊലീസ് മേധാവിക്ക് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസുകാർക്ക് ആവശ്യത്തിന് ആരോഗ്യ സുരക്ഷാപകരണങ്ങൾ ലഭ്യമാക്കും. കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. പൊലീസുകാരെ നിയോഗിച്ചിരിക്കുന്ന പ്രദേശങ്ങൾ മുതിർന്ന പൊലീസ് ഓഫീസർമാർ സന്ദർശിക്കണമെന്നും അവരുടെ ക്ഷേമം അന്വേഷിക്കണമെന്നും നിർദ്ദേശിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളം മഹാപ്രളയം നേരിട്ടപ്പോൾ എല്ലാം മറന്ന് സ്വയം നമ്മുടെ സൈന്യമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരാണ് തീരദേശത്ത് ഇന്ന് ദുരിതം അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവുന്നതെല്ലാം സർക്കാർ ചെയ്യുന്നത്. ഇങ്ങനെയുള്ള ഒരു ഘട്ടത്തിൽ ആ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണ് മാധ്യമങ്ങളുടെയും എല്ലാ രാഷ്ട്രീയകക്ഷികളുടെയും സാമൂഹ്യ സംഘടനകളുടെയും കടമ എന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. അവർക്ക് നമ്മുടെ യോജിച്ച പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയും ചില കേന്ദ്രങ്ങളിൽ സുരക്ഷാ മുൻകരുതലുകളെയും നിയന്ത്രണങ്ങളെയും കൂട്ടാക്കാതെ സമരങ്ങൾ സംഘടിപ്പിക്കുന്നതു കണ്ടു. ഇത് എന്തിന്റെ പേരിലായാലും അനുവദിക്കാനാവില്ല. പ്രകൃതിദുരന്തങ്ങളും മറ്റും വന്നപ്പോൾ മറ്റെല്ലാം മാറ്റിവെച്ച് പ്രതിരോധത്തിന് ഒന്നിച്ചിറങ്ങിയ അനുഭവമുള്ള നാടാണ് ഇത്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടത്തുന്ന സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും നേതൃത്വം നൽകുന്നതും കുറ്റകരമാണ് എന്ന് ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
മാസ്‌ക് ധരിക്കാത്ത 5274 സംഭവങ്ങൾ സംസ്ഥാനത്ത് ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈൻ ലംഘിച്ച 14 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾ

Sign up for Newslettertop