09
August 2020 - 8:35 pm IST

Download Our Mobile App

Flash News
Archives

World

trump

പൊതുവേദിയിൽ ആദ്യമായി മാസ്ക് ധരിച്ച് ട്രംപ്

Published:12 July 2020

ശനിയാഴ്ച സൈനിക ആശുപത്രിയിൽ സന്ദർശനം നടത്തിയപ്പോഴാണ് ട്രംപ് ആരോഗ്യ പ്രവർത്തകർ അനുശാസിക്കുന്ന തരത്തിലുള്ള മാസ്ക് ധരിച്ചത്. വാഷിങ്ടണിന്‍റെ പ്രാന്തപ്രദേശത്തുള്ള വാൾട്ടർ റീഡ് നാഷണൽ മിലിറ്ററി മെഡിക്കൽ സെന്‍ററിലേക്ക് ഹെലികോപ്റ്ററിലാണു ട്രംപ് പോയത്.

വാഷിങ്ടൺ: കൊവിഡ് കാലത്ത് ഇതാദ്യമായി മാസ്ക് ധരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പൊതുവേദിയിൽ. ശനിയാഴ്ച സൈനിക ആശുപത്രിയിൽ സന്ദർശനം നടത്തിയപ്പോഴാണ് ട്രംപ് ആരോഗ്യ പ്രവർത്തകർ അനുശാസിക്കുന്ന തരത്തിലുള്ള മാസ്ക് ധരിച്ചത്. വാഷിങ്ടണിന്‍റെ പ്രാന്തപ്രദേശത്തുള്ള വാൾട്ടർ റീഡ് നാഷണൽ മിലിറ്ററി മെഡിക്കൽ സെന്‍ററിലേക്ക് ഹെലികോപ്റ്ററിലാണു ട്രംപ് പോയത്.

നിങ്ങൾ ആശുപത്രിയിൽ പോകുമ്പോൾ പ്രത്യേകിച്ച് മാസ്ക് ധരിക്കണം- വൈറ്റ് ഹൗസിൽ നിന്നു പുറത്തിറങ്ങിയപ്പോൾ അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു. യാത്ര പകുതി വഴിയിൽ എത്തിയപ്പോഴാണ് അദ്ദേഹം മാസ്ക് ധരിച്ചത്. വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് അടക്കം ഭരണകക്ഷി റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം മാസ്ക് ധരിക്കണമെന്ന് നിർദേശിക്കാറുണ്ട്. എന്നാൽ, വാർത്താ സമ്മേളനങ്ങളിലും മറ്റു പൊതുചടങ്ങുകളിലും മാസ്ക് ഉപയോഗിക്കാൻ ട്രംപ് വിസമ്മതിക്കുകയാണു പതിവ്. 

മാസ്ക് ധരിച്ചാൽ പ്രസിഡന്‍റ് ദുർബലനായി തോന്നുമെന്നും ശ്രദ്ധ സാമ്പത്തിക തിരിച്ചുവരവിൽ നിന്ന് പൊതുജനാരോഗ്യത്തിലേക്കു മാറുമെന്നുമൊക്കെയാണ് പ്രസിഡന്‍റ് കരുതുന്നതെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറഞ്ഞിരുന്നത്. ജനങ്ങൾ മാസ്ക് ധരിക്കുന്നതിനെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ട്രംപിൽ നിന്ന് ഉണ്ടായിട്ടുള്ളതും. ജനങ്ങൾ അടുത്തിടപഴകുന്ന ഇൻഡോർ സെറ്റിങ്ങിൽ മാസ് ഉചിതമാണെന്നു ട്രംപ് പറഞ്ഞിട്ടുണ്ട്. എന്നാൽ, വാർത്താസമ്മേളനങ്ങളിൽ മാധ്യമ പ്രവർത്തകർ മാസ്ക് ധരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിന്‍റെ എതിരാളിയായ ഡെമൊക്രറ്റ് ജോ ബൈഡൻ പൊതുവേദികളിൽ മാസ്ക് ധരിച്ചേ കാണാറുള്ളൂ. ബൈഡൻ ദുർബലനായി തോന്നുന്നുവെന്ന് ഇതിനോടു പ്രതികരിക്കാറുമുണ്ട് ട്രംപ്. ഇനി പ്രസിഡന്‍റ് പൊതുചടങ്ങുകളിലെല്ലാം മാസ്ക് ധരിക്കുമോ എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്.

 ജനങ്ങളുടെയും യുഎസിന്‍റെയും ആരോഗ്യ സുരക്ഷ അവഗണിക്കുകയാണ് ട്രംപെന്നതാണ് ഡെമൊക്രറ്റുകളുടെ പ്രധാന പ്രചാരണം. മാസ്ക് ധരിക്കാത്ത ട്രംപിനെ അവർ നിശിതമായി വിമർശിക്കുന്നുമുണ്ട്. നേരത്തേ, മിഷിഗണിലെ ഫോർഡ് പ്ലാന്‍റിൽ സ്വകാര്യ സന്ദർശനം നടത്തിയപ്പോൾ മാത്രമാണ് ട്രംപ് മാസ്ക് ധരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നത്.


വാർത്തകൾ

Sign up for Newsletter



top