26
January 2021 - 6:44 pm IST

Download Our Mobile App

Kerala

idukki

ചരിത്രം നേട്ടവുമായി ഇടുക്കി ജലവൈദ്യുതി പദ്ധതി; വൈദ്യുതി ഉത്പാദനം 10,000 കോടി യൂണിറ്റ് പിന്നിട്ടു

Published:12 July 2020

മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതോദ്പാദനം പതിനായിരം കോടി യൂണിറ്റ് പിന്നിട്ടു. 1976 ഫെബ്രുവരി 16ന് പ്രവര്‍ത്തനം ആരംഭിച്ച ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ നിന്നും 44 വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഇടുക്കി അണക്കെട്ടില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരത്തായി നാടുകാണി മലയുടെ താഴ്‌വാരത്ത് പാറ തുരന്നാണ് മൂലമറ്റം പവര്‍ഹൗസ് നിര്‍മിച്ചിരിക്കുന്നത്.

ഇടുക്കി: ചരിത്രം കുറിച്ച് രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി ജലവൈദ്യുതി പദ്ധതി. മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതോദ്പാദനം പതിനായിരം കോടി യൂണിറ്റ് പിന്നിട്ടു. 1976 ഫെബ്രുവരി 16ന് പ്രവര്‍ത്തനം ആരംഭിച്ച ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ നിന്നും 44 വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഇടുക്കി അണക്കെട്ടില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരത്തായി നാടുകാണി മലയുടെ താഴ്‌വാരത്ത് പാറ തുരന്നാണ് മൂലമറ്റം പവര്‍ഹൗസ് നിര്‍മിച്ചിരിക്കുന്നത്. 1975ലും 1986 ലും രണ്ട് ഘട്ടങ്ങളിലായി സ്ഥാപിച്ച മൂന്ന് വീതം ജനറേറ്ററുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

കനേഡിയന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പവര്‍ ഹൗസിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കുതിരലാടത്തിന്‍റെ ആകൃതിയിലാണ് മൂലമറ്റം വൈദ്യുതി നിലയം പണിതിരിക്കുന്നത്. പ്രദേശത്തിന്‍റെയും ഭൂപ്രകൃതിയുടെയും പ്രത്യേകത പരിഗണിച്ച് ഭൂമിയുടെ അടിയിലാണ് വൈദ്യുതി നിലയം. വിസ്തൃതി ഏറിയ പാറയ്ക്കുള്ളില്‍ തുരന്നെടുത്ത 7 നിലകളായാണ് വൈദുതി നിലയം. പുറമേയുള്ള പ്രവേശന കവാടത്തില്‍ നിന്നും തുരങ്കത്തിലൂടെ വാഹനത്തിലെത്തുന്നത് 4-ാം നിലയിലാണ്. ഇവിടെ നിന്നും മൂന്നു നിലകള്‍ വീതം താഴെയും  മുകളിലുമായുണ്ട്.

പദ്ധതിയുടെ തുടക്ക കാലത്ത് പതിനായിരത്തിലധികം ആളുകള്‍ പണിയെടുത്തതായാണ് കണക്കുകള്‍. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകളെ ഒരുമിപ്പിച്ചുള്ള ഇടുക്കി ജല സംഭരണിയാണ് ഊര്‍ജോല്‍പാദനത്തിന്‍റെ സ്രോതസ്. കുളമാവ് അണക്കെട്ടിനു സമീപം സ്ഥാപിച്ചിരിക്കുന്ന മോണിങ് ഗ്ലോറി ഇന്‍ടേക് ടവര്‍ വഴിയാണ് വെള്ളം നിലയത്തിലെത്തിക്കുന്നത്. ഇത് പൂര്‍ണമായും ജലാശയത്തിനകത്താണ്. തുടര്‍ന്നു ടണല്‍ വഴി വെള്ളം കണ്‍ട്രോള്‍ ഷാഫ്റ്റിലെത്തി ഇവിടെ നിന്നും സര്‍ജ് ഷാഫ്റ്റിലെത്തിക്കും.

നാടുകാണി മലയുടെ സമീപത്തുള്ള ബട്ടര്‍ഫ്ളൈ വാല്‍വുകള്‍ വഴി ഭൂമിക്ക് അടിയില്‍ സ്ഥാപിച്ചിരിക്കുന്ന  പെന്‍സ്റ്റോക്കുകളിലൂടെ മൂലമറ്റം വൈദ്യുതി നിലയത്തിലെത്തും. തുടര്‍ന്ന് സ്‌ഫെറിക്കല്‍ വാല്‍വ് വഴി കടത്തിവിടുന്ന വെള്ളം ജനറേറ്ററുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടര്‍ബൈനുകള്‍ കറക്കും. ഇങ്ങനെയാണ് നിലയത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. മൂന്ന് വീതം ജനറേറ്റുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് രണ്ട് തവണ സമാന്തരമായി പാറ തുരന്നിട്ടുണ്ട്. കുളമാവ് മുതല്‍ മൂലമറ്റം വരെയുള്ള തുരങ്കവും വൈദ്യുതി നിലയവും പൂര്‍ണമായി ഭൂമിക്കുള്ളില്‍ പാറ തുരന്നുണ്ടാക്കിയതാണ്.

ഇതിനായി  കുളമാവില്‍ നിന്ന് 1.5 കിലോ മീറ്റര്‍ ദൂരം  പാറ തുരന്നിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഉണ്ടായ ഇവിടെ 2011ലെ പൊട്ടിത്തെറിയില്‍ വനിതയടക്കം രണ്ട് എഞ്ചിനീയര്‍മാര്‍ മരിച്ചിട്ടുണ്ട്. അതീവ ദുഷ്‌കരമായ ജോലിക്കിടയിലും ചരിത്രനേട്ടം യാതാര്‍ഥ്യമാക്കുന്നതിന്‍റെ സന്തോഷത്തിലാണ് ഇവിടത്തെ ജീവനക്കാര്‍. 110 കോടി രൂപയാണ് ഒന്നാം ഘട്ടത്തിന്‍റെ മുതല്‍ മുടക്ക്. നിലയം നിര്‍മിക്കുന്നതിനുള്ള തുക കനേഡിയന്‍ സര്‍ക്കാര്‍ ദീര്‍ഘകാല വായ്പയായി നല്‍കിയിരുന്നു.

1967ല്‍ ഇന്ത്യയും കാനഡയും ഇതുസംബന്ധിച്ച് കരാര്‍ ഒപ്പുവച്ചു. 1969 ഏപ്രില്‍ 30 നാണ് ഇടുക്കി അണക്കെട്ടിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. എസ്എന്‍സി ലാവ്‌ലിന്‍ ആണ് പദ്ധതിയുടെ കണ്‍സല്‍റ്റന്‍റ്. നിര്‍മാണം പൂര്‍ത്തിയാക്കിയ ഡാമില്‍ 1973 ഫെബ്രുവരിയില്‍ ജലം സംഭരിക്കാന്‍ തുടങ്ങി. ആദ്യ ട്രയല്‍ റണ്‍ 1975 ഒക്ടോബര്‍ 4 ന് നടന്നു. 1976 ഫെബ്രുവരി 12 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി രാജ്യത്തിനു സമര്‍പ്പിച്ചു. മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ലയു ജെ ജോണും ആദിവാസി മൂപ്പന്‍ കരിവെള്ളായന്‍ കൊലുമ്പന്‍  എന്നിവരാണ് ഈ പദ്ധതിയുടെ സാധ്യതകളെ പറ്റി പുറം ലോകത്തെ അറിയിച്ചത്.


വാർത്തകൾ

Sign up for Newslettertop