09
August 2020 - 7:34 pm IST

Download Our Mobile App

Kerala

Gamblling, Play Cards, Kottayam, Police Raid

ചീട്ടുകളി : മിന്നൽ പരിശോധനയിൽ പൊലീസ് പിടികൂടിയത് 18.33 ലക്ഷം രൂപയും 14 കാറുകളും; 40 പേർ അറസ്റ്റിൽ

Published:12 July 2020

# ബിനീഷ് മള്ളൂശേരി

കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് ജനങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴാണ് ഈ ലോക്ക് ഡൗൺ സമയത്ത് കോടികളുടെ സ്വർണ്ണക്കടത്തും ഒറ്റ ദിവസം 18 ലക്ഷം രൂപ പിടിച്ചെടുത്ത ചീട്ടുകളിയും സംസ്ഥാനത്ത് നടക്കുന്നത്.

കോട്ടയം: സ്വർണ്ണക്കടത്ത് വിവാദത്തിൽ കേരളം ഉലഞ്ഞുനിൽക്കുമ്പോൾ ലക്ഷങ്ങളുടെ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടിയതിന്റെ ഞെട്ടലിലാണ് കോട്ടയത്തെ നാട്ടുകാർ. കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് ജനങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴാണ് ഈ ലോക്ക് ഡൗൺ സമയത്ത് കോടികളുടെ സ്വർണ്ണക്കടത്തും ഒറ്റ ദിവസം 18 ലക്ഷം രൂപ പിടിച്ചെടുത്ത ചീട്ടുകളിയും സംസ്ഥാനത്ത് നടക്കുന്നത്. ജില്ലയിലെ ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള ബ്ളേഡ് മാഫിയ സംഘത്തലവൻ്റെ നേതൃത്വത്തിലുള്ള ചീട്ടുകളി കേന്ദ്രത്തിൽ നിന്നുമാണ് പൊലീസ് മിന്നൽ പരിശോധനയിലൂടെ 18.33 ലക്ഷം രൂപയും 14 ആഡംബര കാറുകളും 40 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തത് എന്നുള്ളതാണ് അതിലേറെ സംഭവത്തിലെ പ്രസക്തി.

ഇതുമായി ബന്ധപ്പെട്ട് 43 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷങ്ങളുടെ ചീട്ടുകളി നടക്കുന്നതായി സ്‌പെഷ്യൽ  ബ്രാഞ്ചിന് നേരത്തേ വിവരം ലഭിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള സംഘം ഇവിടെ റെയ്ഡ് നടത്തിയത്. ഉന്നതങ്ങളിലെ സ്വാധീനം ഉണ്ടാവാതിരിക്കാൻ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥരുടെയും മൊബൈൽ ഫോണുകൾ ഓഫ് ചെയ്ത ശേഷമായിരുന്നു പരിശോധന.  

കോട്ടയം മണർകാട് നാലുമണികാറ്റിനു സമീപം ശനിയാഴ്ച  വൈകിട്ട് എഴുമണിയോടെയായിരുന്നു രണ്ടു മണിക്കൂർ നീണ്ടു നിന്ന പൊലീസ് മിന്നൽ പരിശോധന. ജില്ലയിലെ ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള മാലം സ്വദേശിയായ ബ്ളേഡ് മാഫിയ സംഘത്തലവൻ്റെ നേതൃത്വത്തിലാണ്  ചീട്ടുകളി കേന്ദ്രം നടത്തിയിരുന്നത്. ഇയാള്‍  മണര്‍കാട് നാലുമണിക്കാറ്റിനു സമീപള്ള വീട് വാടകയ്ക്കു എടുത്ത ശേഷം ചീട്ടുകളി കേന്ദ്രമാക്കി മാറ്റുകയായിരുന്നു. പുറത്തു നിന്നും നാട്ടുകാരോ പൊലീസോ എത്താതിരിക്കല്‍ കൊലക്കേസ് പ്രതികള്‍ അടക്കമുള്ള ഗുണ്ടാ സംഘങ്ങളെ കാവല്‍ നിര്‍ത്തിയായിരുന്നു ചീട്ടുകളി. വീടിനുള്ളിലെ ആറു മുറികളിലായാണ് ചീട്ടുകളി നടന്നിരുന്നത്. അന്യ ജില്ലകളിൽ നിന്നടക്കം ദിനം പ്രതി നിരവധി പേരാണ് ചീട്ടുകളിയ്ക്കായി ഇവിടെ എത്തിയിരുന്നത്.

കേന്ദ്രം നടത്തിപ്പുകാരന് ഇതിലൂടെ ഒരു ദിവസം ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെ പ്രതിഫലം ലഭിച്ചിരുന്നു. അതീവ രഹസ്യമായാണ് ചീട്ടുകളി  നടത്തിപ്പോന്നത്. ലോക്ക് ഡൗൺ കാരണം നിർത്തിവച്ചിരുന്ന ചീട്ടുകളി ഈ മാസാദ്യം പുനരാരംഭിക്കുകയായിരുന്നു. വാഹനങ്ങൾ പണയം വച്ചുവരെ ചീട്ടുകളിക്കുന്നവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നടത്തിപ്പുകാരൻ ചെയ്തുകൊടുത്തിരുന്നു. സംഭവത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ചിന് വിവരം ലഭിക്കുകയും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മണര്‍കാട് പൊലീസിനു നല്‍കുകയും ചെയ്തിരുന്നു. പക്ഷെ നടപടി എടുത്തിരുന്നില്ല. തുടർന്ന് ഈ വിവരം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു കൈമാറുകയും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി  അനീഷ് വി. കോര, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ,  മണര്‍കാട് എസ്.എച്ച്.ഒ രതീഷ് കുമാര്‍, പാമ്പാടി എസ്.എച്ച്.ഒ ശ്രീജിത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകിട്ട് എഴുമണിയോടെ കേന്ദ്രത്തില്‍ മിന്നൽ പരിശോധന നടത്തുകയുമായിരുന്നു. സ്ഥലത്തെത്തിയശേഷമാണ് പല ഉദ്യോഗസ്ഥർക്കും എന്താണ് ചുമതലയെന്നുള്ള കാര്യം പോലും ബോധ്യമായത്.

കേന്ദ്രത്തിലേക്ക് ഇരച്ചുകയറിയ പൊലീസ് സംഘം  ചീട്ടുകളിക്കാർ പുറത്തു പോകാതിരിക്കുന്നതിനായി മുറികള്‍ അകത്തു നിന്നും അടച്ചുപൂട്ടിയ ശേഷം നടത്തിയ പരിശോധനയിലാണ് 18.33 ലക്ഷം രൂപ പിടിച്ചെടുത്തത്. 40 മൊബൈല്‍  ഫോണുകളും കളിക്കാർ എത്തിയ 14 കാറുകൾ അടക്കം വാഹനങ്ങളും സ്ഥലത്തുനിന്നും പൊലീസ് പിടികൂടി. സംഭവത്തിൽ 40 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എങ്കിലും സംഘത്തലവൻ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. പണം വെച്ചുള്ള  ചീട്ടുകളി, കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള  ഒത്തുചേരല്‍, അനധികൃതമായി ഭക്ഷണം പാകംചെയ്ത് വിതരണം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.


വാർത്തകൾ

Sign up for Newsletter



top