26
January 2021 - 5:08 pm IST

Download Our Mobile App

Mollywood

samam.jpg

സമം ഫെയ്സ്ബുക്ക് ലൈവ് ഗ്രാൻഡ് ഫിനാലെ ഇന്ന്

Published:14 July 2020

എല്ലാ ദിവസവും രാത്രി 8 മണി മുതൽ 9 മണിവരെ ആയിരുന്നു സംഗീത പരിപാടി. ലോകചരിത്രത്തിൽ ആദ്യമായാണ് സംഗീതകലാകാരന്മാരുടെ ക്ഷേമത്തിനായി ഒരു സംഘടന ഇത്രയും ദിവസം തുടർച്ചയായി സാമൂഹ്യ മാധ്യമത്തിലൂടെ പരിപാടി അവതരിപ്പിക്കുന്നത്.

കഴിഞ്ഞ 72 ദിവസമായി നടന്നുവരുന്ന സമം ഫെയ്സ്ബുക്ക് ലൈവ്  ഇന്ന് സമാപിയ്ക്കുകയാണ്. മലയാളത്തിലെ ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ സമം കൊവിഡ്  വ്യാപനം മൂലം തൊഴിൽ നഷ്ടമായ കേരളത്തിലെ സംഗീതരംഗത്തെ കലാകാരന്മാർക്ക്  സാമ്പത്തിക സഹായം നൽകുന്നതിനായി ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടിയാണ് തുടർച്ചയായി 72 ദിവസം ഓൺലൈൻ സംഗീതപരിപാടി സംഘടിപ്പിച്ചത്. സമത്തിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് എൺപതോളം പ്രമുഖ പിന്നണിഗായകർ ഇഷ്ടഗാനങ്ങളും വിശേഷങ്ങളുമായി ആസ്വാദകരുമായി സംവദിച്ചത്.

മുതിർന്ന പിന്നണി ഗായകരായ പി ജയചന്ദ്രൻ, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, മിൻമിനി, ഉണ്ണിമേനോൻ, ലതിക, കൃഷ്ണചന്ദ്രൻ, മാർക്കോസ് തുടങ്ങിയവരും പുതിയ തലമുറയിലെ എല്ലാ പ്രമുഖഗായകരും എഫ്ബിയിൽ ലൈവ് അവതരിപ്പിച്ചു.  2020 മെയ് നാലാം തീയതി മുതൽ  60 ദിവസം 60 ൽ അധികം പിന്നണിഗായകർ എന്ന രീതിയിലാണ് ഈ ലൈവ് ഷോ  ആസൂത്രണം ചെയ്തിരുന്നത്.

എൺപതോളം പിന്നണിഗായകർ അംഗങ്ങളായ സമത്തിലെ കൂടുതൽ പേർ ലൈവ് അവതരിപ്പിക്കാൻ തയ്യാറായി വരികയും കാണികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് 72 മേളകർത്താരാഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം 72 ദിവസങ്ങൾ 72 ലധികം ഗായകർ എന്ന നിലയിലേക്ക് പരിപാടി പുനരാസൂത്രണം ചെയ്തത്.

എല്ലാ ദിവസവും രാത്രി 8 മണി മുതൽ 9 മണിവരെ ആയിരുന്നു സംഗീത പരിപാടി. ലോകചരിത്രത്തിൽ ആദ്യമായാണ് സംഗീതകലാകാരന്മാരുടെ ക്ഷേമത്തിനായി ഒരു സംഘടന ഇത്രയും ദിവസം തുടർച്ചയായി സാമൂഹ്യ മാധ്യമത്തിലൂടെ പരിപാടി അവതരിപ്പിക്കുന്നത്. ചില ദിവസങ്ങളിൽ ആസ്വാദകരുടെ അഭ്യർത്ഥന മാനിച്ച് 10 മണി വരെ ലൈവ് നീണ്ടു. പത്തോളം ദിവസങ്ങളിൽ രണ്ടു ഗായകർ വീതം ലൈവ് അവതരിപ്പിച്ചിരുന്നു.

അമെരിക്ക,കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി സംഘടനകളും വ്യക്തികളും സമത്തിന്‍റെ ഈ ഉദ്യമത്തെ പിന്തുണയ്ക്കാൻ സഹായഹസ്തവുമായി എത്തി. ഇത്തരത്തിലും  ലൈവ്  കാണുന്ന കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ നിന്നുമായി സമാഹരിച്ച15 ലക്ഷത്തോളം  രൂപ അഞ്ഞൂറോളം സംഗീതകലാകാരന്മാർക്ക്  ഓൺലൈനായി അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ നൽകും. 

ലോക് ഡൗൺ തുടങ്ങിയ ഘട്ടത്തിൽ തന്നെ,  പരിപാടികൾ നഷ്ടപ്പെട്ട് ദുരിതത്തിലായ 240 ഗായകർക്ക് സമം- കല്യാൺ ജ്വല്ലേഴ്സ് വെൽഫെയർ സ്കീമിലൂടെ ആറേകാൽ  ലക്ഷത്തോളം രൂപ സഹായധനമായി നൽകിയിരുന്നു. 
ലൈവ് കാണുന്നവർക്കായുള്ള ഗായകരുടെ ചോദ്യോത്തരപക്‌തിയിലൂടെ വിജയികൾക്ക് ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങളും സമം വിതരണം ചെയ്തു.

സംഗീതരംഗത്ത് ഇപ്പോൾ സജീവമല്ലാത്ത മുൻകാല പിന്നണിഗായകരുൾപ്പെടെ സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന സംഗീതകലാകാരന്മാരുടെ ഉന്നമനത്തിനായി മറ്റു സാമൂഹ്യമാധ്യമങ്ങളിലൂടെ  സംഗീതപരിപാടികൾ തുടരാനാണ് സമത്തിന്‍റെ  തീരുമാനം. ഓഗസ്റ്റ് മാസം മുതൽ രണ്ടിലധികം ഗായകർ ഒന്നിക്കുന്ന ലൈവ് പരിപാടികൾ അവതരിപ്പിച്ചു തുടങ്ങും.
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഏറ്റവും ജനപ്രിയമായി മാറിയ ഓൺലൈൻ സംഗീത പരിപാടിയാണ് സമം എഫ്ബി ലൈവ്.  ഒരുലക്ഷം മുതൽ മൂന്നര ലക്ഷം ആളുകൾ വരെ എഫ്ബി ലൈവ്  കണ്ട് ആസ്വദിച്ച ദിവസങ്ങളുണ്ട്.

ജൂലൈ 14ന്  സമം എഫ്ബി ലൈവ് 72 ദിവസം ഗ്രാന്‍റ് ഫിനാലെയിയിലൂടെ സംഘടനയുടെ ചെയർമാൻ പത്മവിഭൂഷൻ ഡോക്ടർ കെ. ജെ യേശുദാസ് ഉൾപ്പടെയുള്ള എൺപതോളം പിന്നണിഗായകർ ഒന്നിക്കുന്ന സംഗീത വിരുന്നാണ്  സംഗീതപ്രേമികളുടെ മുന്നിലെത്തുന്നത്. 

സുദീപ് കുമാർ,( പ്രസിഡൻറ്) രവിശങ്കർ (സെക്രട്ടറി), അനൂപ് ശങ്കർ (ട്രഷറർ), രാഗേഷ് ബ്രഹ്മാനന്ദൻ (മീഡിയ സെക്രട്ടറി), അഫ്സൽ (എക്സിക്യൂട്ടീവ് അംഗം), വിജയ് യേശുദാസ് (വൈസ് പ്രസിഡന്‍റ്), എന്നിവരടങ്ങുന്ന യുവ ഗായകരുടെ സംഘമാണ് ഓൺലൈൻ സംഗീത പരിപാടിയുടെ ചുക്കാൻ പിടിച്ചത്.


വാർത്തകൾ

Sign up for Newslettertop