06
August 2020 - 3:34 pm IST

Download Our Mobile App

Mollywood

sarbath.jpg

തരംഗമായി ഷോർട്ട് ഫിലിം സർബത്ത്

Published:14 July 2020

അടുത്ത് തന്നെ സർബത്തിന്‍റെ കന്നഡ, തെലുങ്ക് പതിപ്പുകളും പുറത്തിറങ്ങും. ഇതാദ്യമായാണ് ഒരു ഷോർട്ട് ഫിലിം എല്ലാ ഇന്ത്യൻ ഭാഷകളിലും ഒരേ പോലെ റിലീസ് ചെയ്യുന്നത്.

സംവിധായകൻ സൂരജ് ടോം ഒരുക്കിയ 'സർബത്ത്' എന്ന ഷോർട്ട് ഫിലിം മലയാളം, ഹിന്ദി, തമിഴ് പതിപ്പുകൾ റിലീസ് ചെയ്തു. അടുത്ത് തന്നെ സർബത്തിന്‍റെ കന്നഡ, തെലുങ്ക് പതിപ്പുകളും പുറത്തിറങ്ങും. ഇതാദ്യമായാണ് ഒരു ഷോർട്ട് ഫിലിം എല്ലാ ഇന്ത്യൻ ഭാഷകളിലും ഒരേ പോലെ റിലീസ് ചെയ്യുന്നത്. കൈകാര്യം ചെയ്യുന്ന വിഷയത്തിന്‍റെ പ്രസക്തിയും, അവതരണത്തിലെ പുതുമയുമാണ് സർബത്തിനെ വേറിട്ട് നിർത്തുന്നത്.

കോവിഡ് കാലത്ത് ബിഗ് ഹിറ്റായി മാറിയ ക്വാറന്‍റൈൻ സന്ദേശം ഉയർത്തുന്ന ഈ ഷോർട്ട്‌ മൂവിയിൽ മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതാദ്യമായാണ് ബാദുഷ ഒരു മുഴുനീള കഥാപാത്രം ചെയ്യുന്നത് എന്ന പ്രത്യേകതയും സർബത്തിനുണ്ട്. അഞ്ച് മിനുട്ട് മാത്രം ദൈർഘ്യമുള്ള സർബത്ത് വലിയ തിരിച്ചറിവാണ് കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ ക്വാറന്‍റൈനിൽ കഴിയുന്നതിന്‍റെ പ്രാധാന്യമാണ് സർബത്ത് ചർച്ച ചെയ്യുന്നത്. പ്രവാസികളുടെ ക്വാറൻറീൻ ജീവിതമാണ്, സർബത്തിന്‍റെ ഇതിവൃത്തം. എല്ലായിടത്തും വൻ സ്വീകാര്യതയാണ് സർബത്തിന് ലഭിച്ചത്. എല്ലാ ഭാഷകളിലും അതാത്‌ സ്ഥലങ്ങളിലെ സൂപ്പർ സ്റ്റാറുകളാണ് തങ്ങളുടെ  ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം പേജുകളിലൂടെ സർബത്ത് റിലീസ് ചെയ്തത്. ഈ വലിയ താര പങ്കാളിത്തം വളരെപ്പെട്ടെന്ന് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുവാൻ കാരണമായി.

ശ്രദ്ധേയമായ നിരവധി പരസ്യചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സൂരജ്‌ ടോമും, വിവേക് മോഹനുമാണ് സർബത്തിന്‍റെ അണിയറക്കാർ. വർഷങ്ങളായി പരസ്യചിത്ര സംവിധാന രംഗത്ത് പ്രവർത്തിക്കുന്ന സൂരജ് ടോം മുൻപ് പാവ, എന്‍റെ മെഴുതിരി അത്താഴങ്ങൾ എന്നീ സിനിമകൾ സംവിധാനം ചെയ്തിരുന്നു. ഇപ്പോൾ റിയൽസ്റ്റോറിയായ ബെറ്റർ ഹാഫ് എന്ന വെബ് മൂവിയുടെ ചിത്രീകരണത്തിലാണ്. പരസ്യ രംഗത്ത് കണ്ടന്‍റ് ഡെവലപ്പറായ വിവേക് മോഹനാണ് സർബത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

ക്യാമറ സാഗർ അയ്യപ്പൻ, എഡിറ്റർ രാജേഷ് കോടോത്ത്, പശ്ചാത്തലസംഗീതം ആനന്ദ് മധുസൂധനൻ, സൗണ്ട് ഡിസൈനിംഗ് മനോജ് മാത്യു, കളറിസ്റ്റ് അലക്സ് വർഗീസ്. സൂരജ്ടോം പ്രൊഡക്ഷൻസും, ടീം മീഡിയയും സംയുക്തമായാണ്‌ വിവിധ ഭാഷകളിൽ ഒരുക്കിയിരിക്കുന്ന സർബത്ത് നിർമ്മിച്ചിരിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top