09
August 2020 - 7:40 pm IST

Download Our Mobile App

Special

cow-bull.jpg

പുള്ളിപ്പശുവിനെ പ്രണയിച്ച് അമ്പലക്കാള; കമിതാക്കളുടെ പുനഃസമാഗമം ആഘോഷമാക്കി ഗ്രാമം

Published:15 July 2020

വാനിനു ചുറ്റും നടന്ന കാള ലക്ഷ്മിയുമായി വാഹനം നീങ്ങിയപ്പോൾ ഒന്നര കിലോമീറ്ററോളം പിന്നാലെയോടി. ഒടുവിൽ മടങ്ങിയെത്തിയെങ്കിലും ആകെയൊരു ദുഃഖഭാവം. എല്ലാവരോടും അൽപ്പം ദേഷ്യവും.

മധുര: അമ്പലക്കാളയുടെ വിരഹദുഃഖം തമിഴകത്തെ കരയിപ്പിച്ചപ്പോൾ കണ്ടു നിൽക്കാനായില്ല ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്. മകൻ പ്രദീപിനെ വിളിച്ച് ഏറ്റവും വേഗം കാളക്കൂറ്റന്‍റെ കൂട്ടുകാരിയെ തിരികെയെത്തിക്കാൻ നിർദേശിച്ചു അദ്ദേഹം. അങ്ങനെ ദിവസങ്ങൾക്കുശേഷം കൂട്ടുകാരിയായ പുള്ളിപ്പശു തിരികെയെത്തിയപ്പോൾ ലോക്ഡൗണിലും പാലമേടിന് ഗ്രാമോത്സവം.

മധുരയ്ക്കു സമീപം പാലമേട് എന്ന ഗ്രാമത്തിലെ മഞ്ചമലൈ എന്ന അമ്പലക്കാളയും  സമീപത്തെ വെള്ളയ്യൻ എന്ന കർഷകന്‍റെ ലക്ഷ്മിയെന്ന പുള്ളിപ്പശുവുമാണ് പ്രണയകഥയിലെ നായകനും നായികയും. ചെറുപ്പം മുതൽ എപ്പോഴും ഒരുമിച്ചായിരുന്നു മഞ്ചമലൈയും ലക്ഷ്മിയും. അമ്പലക്കാളയാണെങ്കിലും മഞ്ചമലൈയുടെ മിക്കവാറും സമയങ്ങളിലും ലക്ഷ്മിക്കൊപ്പമായിരുന്നു. 

ലോക്ഡൗൺ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ പശുക്കളെ സംരക്ഷിക്കാൻ നിവൃത്തിയില്ലാതെ വെള്ളയ്യൻ ലക്ഷ്മിയെ വിരുതുനഗറിലെ ഫാം ഉടമയ്ക്കു വിറ്റു. അവർ വന്നു ലക്ഷ്മിയെ പിക്കപ്‌വാനിൽ കയറ്റിയപ്പോൾ മുതൽ അസ്വസ്ഥനായിരുന്നു മഞ്ചമല. വാനിനു ചുറ്റും നടന്ന കാള ലക്ഷ്മിയുമായി വാഹനം നീങ്ങിയപ്പോൾ ഒന്നര കിലോമീറ്ററോളം പിന്നാലെയോടി. ഒടുവിൽ മടങ്ങിയെത്തിയെങ്കിലും ആകെയൊരു ദുഃഖഭാവം. എല്ലാവരോടും അൽപ്പം ദേഷ്യവും.

മഞ്ചമലൈ വാഹനത്തിനു ചുറ്റും അസ്വസ്ഥനായി നടക്കുന്നതും പിന്നാലെയോടുന്നതുമായ വിഡിയൊ ദൃശ്യങ്ങൾ ആരോ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. തമിഴകത്തെ പ്രധാന ടിവി ചാനലുകൾ ഈ ദൃശ്യം സംപ്രേഷണം ചെയ്തതോടെ ലക്ഷ്മിയെ തിരികെയെത്തിക്കണമെന്ന ക്യാംപെയ്‌ൻ തുടങ്ങി. വാർത്ത ശ്രദ്ധയിൽപ്പെട്ട പനീർശെൽവം മകൻ പ്രദീപിനോട് ലക്ഷ്മിയെ തിരികെവാങ്ങാൻ നിർദേശിച്ചു.

ഫാം ഉടമയ്ക്ക് പണം നൽകിയ ലക്ഷ്മിയെ വാങ്ങിയ പ്രദീപ് കഴിഞ്ഞദിവസം പശുവിനെ പാലമേട്ടിലെ ക്ഷേത്രത്തിനു സമർപ്പിച്ചു. എന്നാൽ, ലക്ഷ്മിയുടെ മടങ്ങിവരവ് വെറുമൊരു ചടങ്ങല്ല, ഉത്സവം തന്നെയാക്കി പാലമേടുകാർ. ഗ്രാമാതിർത്തിയിൽ ലക്ഷ്മിയെ സ്വീകരിക്കാൻ മഞ്ചമലൈയെ എത്തിച്ച നാട്ടുകാർ ലക്ഷ്മിക്കും മഞ്ചമലൈക്കും പൊട്ടുകുത്തിയും മാലചാർത്തിയുമാണ് പ്രണയിതാക്കളുടെ പുനഃസമാഗമം ആഘോഷിച്ചത്.


വാർത്തകൾ

Sign up for Newsletter



top