01
December 2020 - 9:06 am IST

Download Our Mobile App

Religious

Nalambalam, Karkkidakam, Covi 19

ആദ്യമായി കർക്കിടകത്തിൽ ഭക്തരില്ലാതെ നാലമ്പലങ്ങൾ

Published:19 July 2020

# ബിനീഷ് മള്ളൂശേരി

കൊവിഡ് സമ്പർക്ക വ്യാപനം ശക്തമായതോടെയാണ് ഇക്കൊല്ലം ദർശന സൗകര്യങ്ങൾക്ക് നാലമ്പലദർശന കമ്മിറ്റി, ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയത്

കോട്ടയം: രാമായണ മാസാരംഭം മുതൽ ദർശനപുണ്യം നേടുവാൻ ആയിരക്കണക്കിന് ഭക്തരെത്തുന്ന രാമപുരത്തെ നാലമ്പല പരിസരങ്ങൾ വിജനമാണിപ്പോൾ. കൊവിഡ് സമ്പർക്ക വ്യാപനം ശക്തമായതോടെയാണ് ഇക്കൊല്ലം ദർശന സൗകര്യങ്ങൾക്ക് നാലമ്പലദർശന കമ്മിറ്റി, ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയത്. മദ്ധ്യകേരളത്തിലെ രാമപുരത്താണ് പ്രസിദ്ധമായ ശ്രീരാമ,ലക്ഷ്മണ,ഭരത, ശത്രുഘ്‌ന ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന നാലമ്പലങ്ങൾ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ രാമായണമാസങ്ങളിൽ ലക്ഷക്കണക്കിനാളുകളാണ് ഇവിടെയെത്തി മടങ്ങിയത്. സാമൂഹിക അകലം പാലിക്കുന്നതടക്കം നിയന്ത്രണങ്ങൾ പാലിക്കപ്പെടാൻ സാധ്യതയില്ലാത്തതിനാലാണ് ഇത്തവണ ദർശനം ഒഴിവാക്കപ്പെട്ടത്.

തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്. എങ്കിലും മധ്യകേരളത്തിലെ രാമപുരം നാലമ്പലങ്ങള്‍ക്കാണ് കൂടുതല്‍ പ്രസിദ്ധിയുള്ളത്. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ പെട്ട രാമപുരം പഞ്ചായത്തിലെ നാലു ചെറു ഗ്രാമങ്ങളിലായാണ് രാമായണത്തിലെ സഹോദരന്മാരായ രാമ ലക്ഷ്മണ ഭരത ശത്രുഘ്‌നന്മാരുടെ ക്ഷേത്രങ്ങൾ. രാമപുരം ശ്രീരാമക്ഷേത്രത്തിൽ തൊഴുത് തുടങ്ങി അവിടെ നിന്നും കൂടപ്പുലം ലക്ഷ്മണക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തിയ ശേഷം ശ്രീരാമക്ഷേത്രത്തിൽ തന്നെ തിരികെയെത്തി ദർശനപൂർത്തീകരണം നടത്തുന്നതാണ് നാലമ്പലദർശനത്തിന്റെ ചിട്ട.

 ഉച്ചപ്പൂജയ്ക്ക് മുൻപ് എല്ലായിടത്തും ദർശനം നടത്തി തിരികെ വരാമെന്നതിനാൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും പ്രതിദിനം ഓരോ രാമായണ മാസാചരണത്തിലും ഇവിടേയ്ക്ക് എത്തിയിരുന്നത്. വാഹനങ്ങളും ഭക്തരെയുംകൊണ്ട് സജീവമാകുമായിരുന്ന നാലമ്പല പരിസരം വിജനമാണിപ്പോൾ. ഈ തീർത്ഥാടന കാലയളവിൽ ഭക്തരെ പ്രതീക്ഷിച്ചു വ്യാപാരം നടത്താൻ കാത്തിരുന്നവരെയും കൊവിഡ് ഇത്തവണ നിരാശയിലാക്കി.

നാലമ്പലങ്ങളെപ്പറ്റി

വനവാസകാലത്ത് പമ്പാ തീരത്തേക്ക് പോകാനായി രാമലക്ഷ്മണന്മാര്‍ ഇവിടെ വിശ്രമിച്ചതുകൊണ്ടാണ് രാമപുരം എന്ന പേരു വരാന്‍ കാരണമെന്നാണ് ഐതിഹ്യം. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഈ നാലു ക്ഷേത്രങ്ങളിലും തുല്യ പ്രാധാന്യമുള്ള ദേവീ ഉപക്ഷേത്രങ്ങളുമുണ്ട്. കരിങ്കല്‍ കൊത്തുപണിയുള്ള ശ്രീകോവിലും നമസ്‌കാര മണ്ഡപവുമെല്ലാം സമാനമാണ്. എം.സി.റോഡില്‍ കൂത്താട്ടുകുളത്തു നിന്ന് പാലാ - രാമപുരം റൂട്ടില്‍ 16 കിലോമീറ്ററും പാലാ - തൊടുപുഴ റൂട്ടില്‍ പിഴകില്‍ നിന്ന് അഞ്ച് കിലോമീറ്ററും കോട്ടയം - തൊടുപുഴ റൂട്ടില്‍ പാലായില്‍ നിന്ന് അഞ്ച് കിലോമീറ്ററും സഞ്ചരിച്ചാല്‍ രാമപുരത്തെത്താം.

ഈ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് കുടുംബ ഐശ്വര്യത്തിനും ഇഷ്ട സന്താന ലബ്ധിക്കും മുജ്ജന്മ ദോഷ പരിഹാരത്തിനും ഉത്തമമാണെന്നാണ് വിശ്വാസം. പക്ഷെ കൊവിഡ് വ്യാപനം മൂലം ഇത്തവണ രാമായണമാസത്തിൽ ഭക്തർക്ക്  ഇവിടേക്ക് നേരിട്ടെത്തി ഐശ്വര്യലബ്ധി നേടാനാവില്ല. അതേസമയം ഫോണിലൂടെയും ഓൺലൈൻ, സൗകര്യങ്ങൾ വഴിയും തീർത്ഥാടകർക്ക് വഴിപാടുകൾ കഴിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.


വാർത്തകൾ

Sign up for Newslettertop