06
August 2020 - 11:49 pm IST

Download Our Mobile App

Crime

palathayi-rape-case-mother-goes-to-high-court

പാലത്തായി കേസ് :  വിദ്യാര്‍ഥിയുടെ മാതാവ് ഹൈക്കോടതിയില്‍

Published:23 July 2020

കണ്ണൂര്‍ പാലത്തായില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കുനിയില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു.

കൊച്ചി: കണ്ണൂര്‍ പാലത്തായില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കുനിയില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കോ ലീഗല്‍ എക്സാമിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സഹായകമായ വിധം പോക്സോ വകുപ്പുകള്‍ ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. 90 ദിവസത്തിനകം കുറ്റപത്രം കൊടുത്തത് കൊണ്ട് തന്നെ പ്രതിക്ക് ജാമ്യം അവകാശമാകുന്നില്ല. പോക്സോ കുറവ് ചെയ്ത കുറ്റപത്രം കൊടുത്തത് പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്സോ കോടതിക്ക് നഷ്ടപ്പെട്ടു.

ക്രിമിനല്‍ ചട്ട നിയമത്തിന്റെ 439 (1എ) പ്രകാരം ഇരയെ കേള്‍ക്കാതെ പ്രതിക്ക് ജാമ്യം നല്‍കിയത് നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതി വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണ്. അതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും സ്‌കൂള്‍ രേഖകള്‍ തിരുത്താനും സാധ്യതയുണ്ടെന്നും പ്രതിയെ കസ്റ്റഡിയില്‍ വച്ച് കേസിന്റെ വിചാരണ നടത്തേണ്ടതുണ്ടെന്നും കേരളാ ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഷാ, ഫോറം കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ മുഖാന്തിരം നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കുറ്റപത്രത്തില്‍ ഐപിസി 376, പോക്സോ വകുപ്പുകള്‍ ചേര്‍ക്കണമെന്നാവശ്യപെട്ട് വിദ്യാര്‍ഥിനിയുടെ മാതാവ് നേരത്തെ തലശേരി പോക്സോ കോടതിയെ സമീപിച്ചിരുന്നു. പോക്സോ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഈ അന്വേഷണ ഉദ്യോഗസ്ഥരില്‍ വിശ്വാസമില്ലെന്നും അതിനാല്‍ നിഷ്പക്ഷരായ ഉദ്യോഗസ്ഥര്‍ ഉള്‍പെടുന്ന സംഘത്തെ അന്വേഷണ ചുമതല ഏല്‍പിക്കണമെന്നാവശ്യപെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും അഭിഭാഷകര്‍ അറിയിച്ചു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന  ക്രൈംബ്രാഞ്ച് ഐജിയെ മാറ്റി വനിതാ ഐപിഎസ് ഉദ്യോഗസ്ഥക്ക് ചുമതല നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മാതാവ് കഴിഞ്ഞദിവസം കത്ത് നല്‍കിയിരുന്നു.

പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുളളപ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഭാഗിക കുറ്റപത്രം തലശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചത്. പോക്സോ ഒഴിവാക്കി കുറ്റപത്രം നല്‍കിയതോടെ ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ കേസ് അന്വേഷിക്കുന്ന ക്രൈംബാഞ്ചിന്റെ ചുമതലയുളള ഐജി എസ്.ശ്രീജിത്തിന്റെ ശബ്ദസന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത് ഏറെ വിവാദമായിരുന്നു. ഇതിലൂടെ പീഡനത്തിന് ഇരയായ തന്റെ കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി തങ്ങളെ സമൂഹത്തില്‍ അപമാനിക്കാനാണ് ശ്രമമെന്നും മാതാവ് പറഞ്ഞിരുന്നു. സാക്ഷിയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന രീതിയില്‍ കേസിലെ ഒരു സാക്ഷിയുടെ പേരും ഐജി ശ്രീജിത്ത് ഈ സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇത് പോക്സോ നിയമത്തിലെ 24(5) വകുപ്പ് പ്രകാരം പാടില്ലാത്തതും ഐപിസി 223(എ) പ്രകാരം ശിക്ഷാര്‍ഹവുമാണ്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ മാതാവ് ചൂണ്ടിക്കാട്ടിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top