06
August 2020 - 1:00 am IST

Download Our Mobile App

Travel

mcleodganj-travel.jpg

ഇന്ത്യയിലെ കൊച്ചു ടിബറ്റ്... മക്ലിയോഡ് ഗഞ്ച്!!

Published:25 July 2020

# ബിനിത ദേവസി

ചൈന ടിബറ്റില്‍ അതിക്രമിച്ച് കയറിയതോടെ നിലനില്‍പ്പില്ലാതെ ബുദ്ധ മതത്തിന്‍റെ ആത്മീയ ആചാര്യനായാ ദലൈ‌ലാമയും അനുയായികളും ഇന്ത്യയിലേക്ക് വരുകയുണ്ടായി.

ഇടതടവില്ലാതെയുള്ള പ്രാര്‍ഥനകളാലും മന്ത്രോച്ചാരണങ്ങളാലും നിറഞ്ഞു നില്‍ക്കുന്ന നാട്... എവിടെ നോക്കിയാലും കാണുന്ന ആശ്രമങ്ങളും മഞ്ഞു മൂടിയ കുന്നുകളും... മക്ലിയോഡ് ഗഞ്ച്.... പേരില്‍ തന്നെ നിഗൂഢത ഒളിപ്പിച്ചു വച്ച ഹിമാചലിലെ സ്വര്‍ഗങ്ങളിലൊന്ന്. നിറഞ്ഞ മുഖത്തോടെ കാണുന്ന ബുദ്ധ സന്യാസികളും ചൂടു പറക്കുന്ന മോമോസുകളും വ്യത്യസ്തങ്ങളായ ഭാഷകള്‍ സംസാരിക്കുന്നവരുമെല്ലാം ചേര്‍ന്ന് മക്ലിയോഡ് ഗഞ്ച് വേറിട്ടു നിൽക്കുന്നു. ധര്‍മശാലയുടെ പ്രധാന ഭാഗം കൂടിയാണ് ഇവിടം.

ലിറ്റില്‍ ലാസ‌

ബുദ്ധമതത്തിന്‍റെ കേന്ദ്രസ്ഥാനമാണ് ‌ടിബറ്റിവെ ലാസ. ചൈന ടിബറ്റില്‍ അതിക്രമിച്ച് കയറിയതോടെ നിലനില്‍പ്പില്ലാതെ ബുദ്ധ മതത്തിന്‍റെ ആത്മീയ ആചാര്യനായാ ദലൈ‌ലാമയും അനുയായികളും ഇന്ത്യയിലേക്ക് വരുകയുണ്ടായി. പാലായന യാത്രയില്‍ അവര്‍ മക്ലിയോഡ് ഗഞ്ചിലാണ് അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നിര്‍ദേശാനുസരണം എത്തുന്നത്.

പിന്നീട് ഇവിടെ അവര്‍ ബുദ്ധവിഹാരങ്ങളും താമസ സ്ഥലങ്ങളും നിര്‍മിക്കുകയും തങ്ങളുടെ ഇടമായി അതിനെ മാറ്റിയെടുക്കുകയും ചെയ്തു. ടിബറ്റന്‍ അഭയാര്‍ഥി ഗവണ്‍മെന്‍റിന്‍റെ ആസ്ഥാനമായ സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷനും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

തീർഥാടകരുടെ പ്രിയ കേന്ദ്രം

ഇന്ന് ബുദ്ധമത വിശ്വാസികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് മക്ലിയോഡ് ഗഞ്ച്. ഒരിക്കല്‍ ചൈനയെ പേടിച്ച് നാടുവിട്ട ഇവര്‍ ഇന്നിവിടെ അഭിമാനത്തോടെ തലയുയര്‍ത്തി ജീവിക്കുകയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് സഞ്ചാരികളും തീര്‍ഥാടകരും ഒഴുകിയെത്തുന്നു. ടിബറ്റന്‍ ബുദ്ധമത വിശ്വാസികളാണ് ഇവിടെയുള്ളവരില്‍ ഏറിയ പങ്കും.

പേരുവന്ന വഴി

ബ്രിട്ടീഷ് ഇന്ത്യയുടെ സമയത്തു തന്നെ പ്രസിദ്ധമായിരുന്ന നാടായിരുന്നു മക്ലിയോഡ് ഗഞ്ച്. പ്രകൃതി ഭംഗിയും പ്രശാന്തമായ കാലാവസ്ഥയും തണുപ്പും ഹിമാലയ മലനിരകളുടെ സാന്നിധ്യവും ഒക്കെയായിരുന്നു ഇവിടേക്ക് ബ്രിട്ടീഷുകാരെ ആകര്‍ഷിച്ച പ്രധാന കാര്യങ്ങള്‍. ഡേവിഡ് മക്ലിയോഡ് പ്രഭുവിന്‍റെ പേരില്‍ നിന്നുമാണ് മക്ലിയോഡ് ഗഞ്ചിനു പേരു ലഭിക്കുന്നത്. പഞ്ചാബ് പ്രവിശ്യയുടെ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ കൂടിയായിരുന്നു അദ്ദേഹം.

ഭൂപ്രകൃതി

സമുദ്ര നിരപ്പില്‍ നിന്നും 2,082 മീറ്റര്‍ ഉയരത്തിലാണ് മക്ലിയോഡ് ഗഞ്ച് സ്ഥിതി ചെയ്യുന്നത്. ധൗലാധര്‍പര്‍വത നിരകളുടെ ഭാഗം കൂടിയാണിത്. ധര്‍മശാല, പാലംപൂര്‍, സിദ്ധ്ബാരി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങള്‍.

നംഗ്യാല്‍ മൊണാസ്ട്രി

ഇന്ന് ടിബറ്റിനു പുറത്തുള്ള ഏറ്റവും വലിയ ബുദ്ധ ക്ഷേത്രമാണ് മക്ലിയോഡ് ഗഞ്ചില്‍ സ്ഥിതി ചെയ്യുന്ന നംഗ്യാല്‍ മൊണാസ്ട്രി. തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം ടിബറ്റില്‍ ഉപേക്ഷിച്ച് പോരേണ്ടി വന്ന ദലൈലാമയ്ക്കും വിശ്വാസികള്‍ക്കും വേണ്ടി നിര്‍മിച്ച ബുദ്ധ ക്ഷേത്രമാണിത്. ലാസയിലുണ്ടായിരുന്ന ആശ്രമത്തിന്‍റെ അതേ രൂപമാണിത്. 14-ാം ദലൈ‌ലാമയുടെ സ്വകാര്യ ആശ്രമമാണിത്.

ദാല്‍ തടാകം‌

മക്ലിയോഡ് ഗഞ്ചിലും ഒരു ദാല്‍ തടാകമുണ്ട്. നഗരത്തില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാറി ടിബറ്റന്‍ ചില്‍ഡ്രന്‍സ് വില്ലേജ് സ്കൂളിനടുത്തായാണ് ഈ തടാകം. നഡ്ഡി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബര്‍ മാസങ്ങളില്‍ വാര്‍ഷിക ആഘോഷങ്ങള്‍ നടക്കാറുണ്ട്. ഗഡ്ഡി വിഭാഗക്കാരാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 1775 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ടിബറ്റന്‍ മ്യൂസിയം

1998ല്‍ സ്ഥാപിച്ച് 2000ത്തില്‍ പതിനാലാം ദലൈ‌ലാമ ഉദ്ഘാടനം ചെയ്ത ടിബറ്റന്‍ മ്യൂസിയം ഇവിടെ പ്രധാന കാഴ്ചകളിലൊന്നാണ്. ‌ടിബറ്റന്‍ ബുദ്ധമത വിശ്വാസികളുടെ കഷ്ടപ്പാടുകള്‍ നിറഞ്ഞ യാത്രകളുടെ കഥയെ ഇവിടെ കാണാം. അവര്‍ പിന്നിട്ട വഴികളും അനുഭവിച്ച ബുദ്ധിമുട്ടുകളും എല്ലാം ചിത്രങ്ങളായും വിവരണങ്ങളായും ഇവിടെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവകൂടാതെ അവരുടെ പുരാതനങ്ങളായ വസ്തുക്കള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 30000ത്തിലധികം ഫോട്ടൊഗ്രാഫുകള്‍ ഇവിടെയുണ്ട്. ഹിമാലയം വഴി ഇന്ത്യന്‍ അഭയാര്‍ഥികളായി എത്തിയ ടിബറ്റന്‍ വിശ്വാസികളുടെ കഥ പറയുന്ന ഡോക്യുമെന്‍റെറിയും ഇവിടെ കാണേണ്ടതു തന്നെയാണ്.

സെന്‍റ് ജോണ്‍ ഇന്‍ദ വൈല്‍ഡേര്‍ന്‍സ്

ഇവിടുത്തെ സാധാരണ കാഴ്ചകളില്‍ നിന്നും ഏറെ വ്യത്യസ്തമായി കാണപ്പെടുന്ന ഒന്നാണ് സെന്‍റ് ജോണ്‍ ഇന്‍ദ വൈല്‍ഡേര്‍ന്‍സ് ദേവാലയം. അതിപുരാനമായ രീതിയില്‍ ഗോഥിക് ശൈലിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ദേവാലയം കാഴ്ചയില്‍ തന്നെ അതിമനോഹരമാണ്. 1852ലാണ് ഈ ദേവാലയം നിര്‍മിക്കുന്നത്. ഈ ആംഗ്ലികന്‍ ദേവാലയം കല്ലിലാണ് നിര്‍മിച്ചിരിക്കുന്നത്. ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ലോഡ് എല്‍ജിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.

എത്തിച്ചേരാന്‍‌

ധര്‍മ്മശാലയില്‍ നിന്നും 15 കിലോമീറ്റ‍ര്‍ അകലെയുള്ള കാംഗ്രാ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കാംഗ്രാ വാലി റെയ്‌ൽവെ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയ്‌ൽവെ സ്റ്റേഷന്‍. ധര്‍മ്മശാലയില്‍ നിന്നും 9 കിലോമീറ്റര്‍ ദൂരമാണ് മക്ലിയോഡ് ഗഞ്ചിലേക്കുള്ളത്. ഡല്‍ഹിയില്‍ നിന്നും 485 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.


വാർത്തകൾ

Sign up for Newslettertop