01
December 2020 - 9:07 am IST

Download Our Mobile App

Travel

a-journey-to-attappady-travel-stories

അങ്ങിനെയിരുന്നപ്പൊ ഞാന്‍ അട്ടപ്പാടിക്ക് പോയി

Published:31 July 2020

# ബിനിത ദേവസി

എന്നാണെന്നൊന്നും ചോദിച്ചേക്കരുത്, പറയാന്‍ മടിയുണ്ടായിട്ടൊന്നുമല്ല, സത്യമായിട്ടും ഓര്‍മയില്ലാഞ്ഞിട്ടാ... എന്തിനാണാവോ അവന്‍ അന്ന് വാട്സ് ആപ്പില്‍ ചാറ്റ് ചെയ്തത്.. പാതിരാ പിന്നിട്ട നേരത്ത് അവനെന്നോട് ചോദിച്ചു- എന്തിനാടീ നീയീ കാടു കേറാന്‍ പോണേ...? നിനക്കെന്താ പ്രാന്തുണ്ടോ...? എല്ലാത്തിനും ആണ്‍പിള്ളേര് കൂട്ടു വേണോല്ലോടി മരം കേറി....

എന്നാണെന്നൊന്നും ചോദിച്ചേക്കരുത്, പറയാന്‍ മടിയുണ്ടായിട്ടൊന്നുമല്ല, സത്യമായിട്ടും ഓര്‍മയില്ലാഞ്ഞിട്ടാ... എന്തിനാണാവോ അവന്‍ അന്ന് വാട്സ് ആപ്പില്‍ ചാറ്റ് ചെയ്തത്.. പാതിരാ പിന്നിട്ട നേരത്ത് അവനെന്നോട് ചോദിച്ചു- എന്തിനാടീ നീയീ കാടു കേറാന്‍ പോണേ...? നിനക്കെന്താ പ്രാന്തുണ്ടോ...? എല്ലാത്തിനും ആണ്‍പിള്ളേര് കൂട്ടു വേണോല്ലോടി മരം കേറി....

മൂക്കിന്‍റെ തുമ്പത്തേക്കോ മറ്റോ ദേഷ്യം ഇരച്ചുകയറിയെങ്കിലും നിയന്ത്രിച്ചു, എനിക്ക് ഇഷ്ടമുള്ളിടത്ത് ഞാന്‍ പോകും, പോയി കിടന്നുറങ്ങ് ചെക്കാ എന്നു പറഞ്ഞ് ചാറ്റിങ് അവസാനിപ്പിച്ചു. അല്ല പിന്നെ! ഇങ്ങനെയൊക്കെ വെല്ലുവിളിച്ചാ ദേഷ്യം വരാണ്ടിരിക്കോ, അതും എനിക്ക്...!!!
വന്ന ഉറക്കം ഏതു വഴിക്കു പോയെന്നറിയില്ല. ഒരു കാര്യവുമില്ലാണ്ട് അവന്‍ ചോദിച്ച ചോദ്യങ്ങള്‍ മനസില്‍ കിടന്നങ്ങ് തിളച്ചു മറിഞ്ഞു. ഇന്നുവരെ പോയ യാത്രകള്‍ ഞാനോര്‍ത്തു. എല്ലാത്തിന്‍റേം കൂടെ, കയറിയ കാടുകളും. എല്ലാത്തിലും ഒപ്പം ഒരുപാട് ആളുകള്‍... ഒരിടത്തും തനിച്ചു പോയിട്ടില്ല. പ്രത്യേകിച്ച് കാട് കേറിയപ്പോ, ഒപ്പമുണ്ടായിരുന്നത് അവന്‍റെ വര്‍ഗത്തില്‍പ്പെട്ടവര്‍... ദേഷ്യത്തില്‍ സ്വന്തം പല്ലാണെന്നു പോലും ഓര്‍ക്കാതെ നന്നായങ്ങ് കടിച്ചു. എന്നും പട്ടിക്കുട്ടീനെ കെട്ടിപ്പിടിച്ചുറങ്ങണ ഞാന്‍ അന്ന് കട്ടിലില്‍ തലകുത്തി കിടന്നു. ജനലിനു പുറത്ത് നീണ്ടു നിവര്‍ന്നു കിടന്ന നീലാകാശത്തെ നക്ഷത്രങ്ങള്‍ എന്നെ നോക്കി പല്ലിളിച്ച അതേസമയത്തു തന്നെ എന്‍റെ മനസു കൊടും കാട്ടിലേക്ക് യാത്ര ആരംഭിച്ചുവെന്നാണ് ഓര്‍മ.പിറ്റേന്ന് എണീറ്റത് എങ്ങോട്ടെങ്കിലും എത്രയും പെട്ടെന്ന് പോണമെന്ന ചിന്തയോടെയാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ല. എന്നാലും പെട്ടെന്ന് മനസില്‍ തോന്നി -അട്ടപ്പാടി... അവിടെ എന്താ ഇപ്പൊ കാണാനുള്ളേ... പതിവു ചോദ്യം. ആദിവാസി ഊരുകള്‍.. സ്വയം പറഞ്ഞു, വിശ്വസിച്ചു. അവിടന്നങ്ങോട്ട് എങ്ങനെ അങ്ങട് പോകുമെന്ന ചിന്തയായി. എല്ലാവരും ആദ്യം നോക്കുന്ന പോലെ ഞാനും ഗൂഗിള്‍ തപ്പി, എന്തൊക്കെയോ കുറെ കണ്ടു. ഒരിക്കലും കാണാത്ത അട്ടപ്പാടിയും അവിടുത്തെ ആദിവാസി ഊരുകളും മനസിലങ്ങനെ നിറഞ്ഞു നിന്നു....
എന്താ ഇത്ര ചിന്തിക്കാന്‍- പുറകില്‍ നിന്നു കേട്ട ആ ചോദ്യം എന്‍റെ സ്വപ്നങ്ങളെ അപ്പാടെ തകര്‍ത്തു.

സൗമ്യമായി ഞാന്‍ ചോദിച്ചു- അട്ടപ്പാടിയില്‍ പോകാന്‍ വല്ല വഴിയുമുണ്ടോ ചേട്ടാ...?

സാധാരണയായി ഇത്തരം ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നതിനു മുമ്പേ, എന്തിനാ ഇപ്പൊ അങ്ങട് പോണേന്നുള്ള ചോദ്യങ്ങളായിരിക്കും തിരിച്ചു വരിക.

എന്നാ ഇവിടെ അത് അപ്പാടെ മറിഞ്ഞു- അതിനൊക്കെ വഴിയുണ്ടെന്ന മറുപടിക്കൊപ്പം, പാലക്കാടുള്ള പ്രാദേശിക ലേഖകന്‍റെ നമ്പര്‍ തന്നിട്ട്, ഒരു പറച്ചില്‍.. പോയി വാ....

കൃത്യമായി പറഞ്ഞാല്‍ ചാറ്റിങ് കഴിഞ്ഞുള്ള ആറാം ദിവസം പാതിരാ വെളുപ്പ് ഞാന്‍ കണ്ടത് അങ്ങ് പാലക്കാട് റെയ്ല്‍വെ സ്റ്റേഷനിലായിരുന്നു. ഇതിനിടെ മലപ്പുറംകാരി ഒരു മൊഞ്ചത്തിക്കുട്ടീം കൂടെക്കൂടി. അങ്ങനെ തനിച്ചാരംഭിച്ച യാത്ര, ഞങ്ങടെ രണ്ടു പേരുടെയുമായി. ആലിയ ഷെറീഫ് എന്ന പേരിനപ്പുറം ഒന്നുമറിയാത്ത അവള്‍ പിന്നീടെന്‍റെ വല്യ ചങ്ങായിയായി.

തിരക്കുപിടിച്ച ജീവിതത്തില്‍നിന്ന് ആരോടും ഒന്നും പറയാതെയാണ് ആ യാത്ര ആരംഭിച്ചത്. എറണാകുളത്തുനിന്നും രാത്രി പത്തരയുടെ കാരയ്ക്കല്‍ എക്സ്പ്രസ്.... വേളാങ്കണ്ണിക്കു പോകാനുള്ള ഒരു കൂട്ടം ആളുകള്‍, അവര്‍ക്കിടയിലൂടെ ട്രെയ്നിലെ ലേഡീസ് കംപാര്‍ട്ട്മെന്‍റിനെ ലക്ഷ്യം വച്ച് ഞങ്ങള്‍ നടന്നു. അസാമാന്യ തിരക്ക്.... തീവണ്ടിയുടെ ചൂളം വിളികള്‍ കാതില്‍ മുഴങ്ങി, ഞങ്ങളുടെ യാത്രയുടെയും.... പരസ്പരമുള്ള നോട്ടത്തിനിടയില്‍ എന്തൊക്കെയോ സംസാരിച്ചു, ട്രെയ്ന്‍ പാലക്കാട് സ്റ്റേഷനില്‍ എത്തുന്നതു വരെ... സമയം വെളുപ്പിന് മൂന്ന് മണി... ഇടയ്ക്ക് കൂകിപ്പായുന്ന തീവണ്ടികളൊഴിച്ചാല്‍ പാലക്കാട് സ്റ്റേഷന്‍ പരിസരം ശാന്തം.. നടന്നെത്തിയത് സ്ത്രീകളുടെ വെയ്റ്റിങ് റൂമിനു മുമ്പിലായിരുന്നു. കൂടുതലൊന്നും ആലോചിക്കാതെ ഞങ്ങള്‍ അകത്തു കയറി. പെട്ടെന്നാണ് അത് സംഭവിച്ചത്- കണ്ടുമടുത്ത പത്രത്താളുകള്‍ അവള്‍ എനിക്കു നേരെ നീട്ടി. ഇവള്‍ക്കെന്താ ഭ്രാന്താണോ, എന്നു ചിന്തിച്ച എന്നെ ഞെട്ടിച്ചുകൊണ്ട് അവള്‍ പത്രത്താളുകള്‍ കൊണ്ട് എനിക്ക് കിടക്കയൊരുക്കി. കിടക്കെടി... നമുക്ക് അലാം വയ്ക്കാം... ഒരു കൊച്ചുകുട്ടിയെപ്പോലെ അവള്‍ പറഞ്ഞത് ഞാനനുസരിച്ചു.
കൈയില്‍ ചവിട്ടേന്‍റതിന്‍റെ വേദനയിലാണ് ഞാന്‍ കണ്ണുതുറന്നത്. നേരം വെളുത്തിരുന്നു... സ്റ്റേഷന്‍ പരിസരം ആളുകളെക്കൊണ്ട് നിറഞ്ഞു. ബാഗെടുത്ത് ഞങ്ങള്‍ പുറത്തേക്കു നടന്നു. എല്ലാത്തിനും ഒരു തെളിവു വേണമെന്നതുകൊണ്ടുതന്നെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ചറപറ സെല്‍ഫികളും എടുത്തു. ട്രാക്കിലൂടെ വരുന്ന അമൃത എക്സ്പ്രസിന്‍റെ ചൂളം വിളി പാലക്കാട് സ്റ്റേഷനിലാകമാനം നിറഞ്ഞു. ആകാംക്ഷയോടെ ഞങ്ങള്‍ ട്രെയ്നിലേക്ക് നോക്കി, വേറെ ഒന്നു കൊണ്ടല്ല, അട്ടപ്പാടിയില്‍ താമസിക്കാന്‍ ഒരു സ്ഥലം വേണമെന്ന ആവശ്യവുമായി ഞാന്‍ വിളിച്ച പ്രാദേശിക ലേഖകന്‍ ആ ട്രെയ്നിലുണ്ടായിരുന്നു.

വിചാരിച്ച പോലെ പ്രസാദേട്ടന്‍ വിളിച്ചു, ചോദിച്ചു- എവിടെയാണ്...? പെട്ടെന്ന് കണ്ടുപിടിക്കാമല്ലോ എന്നു കരുതി സ്റ്റേഷന്‍റെ മുന്നില്‍തന്നെ നിന്നു. മുന്നിലൂടെ നടന്നുപോയ എല്ലാവരെയും ഞാന്‍ തുറിപ്പിച്ചുനോക്കി. അധികം വൈകിയില്ല, പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും നിരവധി തവണ ഫോണില്‍ക്കൂടി കേട്ട ശബ്ദത്തിനുടമയെ ഞാന്‍ കണ്ടു. അട്ടപ്പാടിക്കുള്ള ബൊലേറോയുടെ വാതില്‍ ഞങ്ങള്‍ക്കു മുന്നില്‍ തുറന്നു.

ഇവര് രണ്ടുപേരും ഊരുമൂപ്പന്‍മാരാണ്. പരിചയപ്പെട്ടോളൂ.. വണ്ടിയില്‍ കയറുന്നതിനിടിയില്‍ പ്രസാദേട്ടന്‍ പറഞ്ഞു.
ആദ്യമായി കണ്ടതുകൊണ്ടാണോ, ഭാഷയുടെ പ്രശ്നമാണോ എന്നറിയില്ല, പതിവില്ലാത്ത ഒരു സ്റ്റാര്‍ട്ടിങ് ട്രബിള്‍.... ഇരുവശവും മരങ്ങള്‍ നിറഞ്ഞ റോഡിലൂടെ ബൊലേറോ അടിച്ചുമിന്നിച്ചു പോയി. വനപ്രദേശം, വലിയ വളവുകള്‍, പെട്ടെന്ന് വണ്ടി സഡന്‍ ബ്രേക്കിട്ട് നിന്നു. സിനിമയില്‍ കാണുന്ന പോലെയൊരു കവല മുന്നില്‍. പഴമയുടെ ഗന്ധമുള്ള ചെറിയൊരു ചായക്കട. മുന്നിലെ ചില്ലുപെട്ടിനിറയെ പലഹാരങ്ങള്‍.. അവിടെ എല്ലാവര്‍ക്കും തമ്മില്‍ തമ്മില്‍ അറിയാമായിരുന്നു. ഞങ്ങളെ ഒഴിച്ച്. ആരും ഒന്നും ചോദിച്ചില്ല, ഞങ്ങള്‍ പറഞ്ഞുമില്ല. ഇടയ്ക്ക് എപ്പഴോ മൂപ്പന്‍മാര്‍ നോക്കി ചിരിച്ചു. ഞങ്ങള്‍ തിരിച്ചും... അട്ടപ്പാടിയിലെ വെള്ളേപ്പോം കടലക്കറീം, പുഴുങ്ങിയ മുട്ടേം കഴിച്ച് വീണ്ടും യാത്ര തുടങ്ങി.

ആകാശം മുട്ടെ ഉയരമുള്ള കൊടിമരവും അതില്‍ പാറിക്കളിക്കുന്ന കൊടികളും കണ്ടിരിക്കെ പിടിച്ചു വലിച്ചു നിര്‍ത്തിയ പോലെ വണ്ടി വീണ്ടും നിന്നു. എല്ലാരും ജീപ്പില്‍ നിന്നിറങ്ങി. ഒന്നിനു പുറകെ ഒന്നായി നിരന്നു കിടക്കുന്ന ജീപ്പുകളിലേക്ക് കൈ ചൂണ്ടി പ്രസാദേട്ടന്‍ പറഞ്ഞു. അതില്‍ പോണം....

നടന്നു കാടു കയറണമെന്ന ആഗ്രഹം വെള്ളത്തില്‍ വരച്ച വരപോലെയായോ എന്നു മനസില്‍ ചിന്തിച്ചു തുടങ്ങുന്നതിനു മുമ്പേ വീണ്ടും. അതുകണ്ട് ആശ്വസിക്കണ്ട, കുറച്ചു ദൂരമേ ജീപ്പ് പോകൂ.. അത് കഴിഞ്ഞ് നടന്നു കയറണം.
എന്തിനാണാവോ- ചിരിച്ചുകൊണ്ട് ചുമ്മാ ഞാന്‍ നെടുവീര്‍പ്പിട്ടു. എല്ലാരോടും യാത്രപറഞ്ഞ് ഞങ്ങള്‍ ജീപ്പില്‍ കയറി. പാറകളും ചെമ്മണ്ണും നിറഞ്ഞ വഴിയിലൂടെ ജീപ്പ് ഞങ്ങളുമായി നീങ്ങി. കാട് കൂടുതല്‍ കൂടുതല്‍ ഭീകരമായി വന്നു. ഇന്‍റര്‍ലോക്ക് ചെയ്യാന്‍ കൂട്ടിയിട്ടിരിക്കുന്ന കട്ടകളും, മെറ്റലുകളും റോഡിന്‍റെ വശങ്ങളെ അലങ്കോലപ്പെടുത്തിയിരിക്കുന്നു. റോഡ് പണി പ്രമാണിച്ചാണോ എന്നറിയില്ല, ജീവനറ്റ ചില മരങ്ങളും അതിലുണ്ടായിരുന്നു.

തമിഴ്നാട്- കേരള ബോര്‍ഡറില്‍ മാത്രം ഞാന്‍ കണ്ടിട്ടുള്ള ഒരു ചെക്ക് പോസ്റ്റ് എന്‍റെ കണ്ണില്‍പ്പെട്ടു. അതിനു മുന്നില്‍ കാക്കി യൂണിഫോമിട്ട കുറെ പേരും. പിടിക്കപ്പെട്ട പ്രതികളെ പോലെ ഞങ്ങള്‍ ചെക്ക് പോസ്റ്റില്‍ നിന്നു. കരിങ്കല്ലുമായി വന്ന ലോറികള്‍ കടത്തിവിടുന്ന തിരക്കിലായിരുന്നതു കൊണ്ടാകാം പത്ത് മിനിറ്റലധികം ഞങ്ങളാ നില്‍പ്പ് നിന്നു.

എങ്ങോട്ടാക്കേ പോണേ... പരുക്കന്‍ ശബ്ദത്തോടെയാണ് പൊലീസുകാരന്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. വളരെ സൗമ്യമായി ഞാന്‍ പറഞ്ഞു- ആനവായ് ആദിവാസി ഊരിലേക്കാണ്.
അവിടന്നങ്ങട് തുരെ തുരെ ചോദ്യങ്ങളായിരുന്നു. എന്തിനാ അങ്ങോട്ട് പോണേ....
ആദിവാസി ഊരുകള്‍ കാണാന്‍ വന്നതാ... ചുറ്റും നിന്ന പൊലീസുകാര്‍ ഞങ്ങളെ തുറിച്ചു നോക്കി. പന്തികേടിന്‍റെ മണം. എങ്കിലും വളിച്ച ചിരി മുഖത്ത് വച്ച് അവിടെത്തന്നെ നിന്നു, വേറെ വഴിയില്ലല്ലോ.
അവിടേക്ക് അങ്ങനെ വെറുതെ പോകാന്‍ പറ്റില്ല, അതും നിങ്ങള്‍ രണ്ടു പെണ്‍കുട്ടികള്‍. കൂടെ വേറെ ആണ്‍പിള്ളേരുണ്ടോ...?
ഇല്ല എന്ന് ഞാന്‍ കനപ്പിച്ചു പറഞ്ഞു (ആണൊരുത്തനെ വെല്ലുവിളിച്ച് ആരംഭിച്ച യാത്രയില്‍ കൂടെ ആണുണ്ടോന്ന് ചോദിച്ച പൊലീസ് ഏമാനോട് ദേഷ്യം തോന്നും, സ്വഭാവികം).

എന്നാപ്പിന്നെ വന്ന വഴി തിരിച്ചു പൊയ്ക്കോളൂ, അതാ നല്ലത്, പൊലീസുകാരും പറഞ്ഞു. ദേഷ്യപ്പെട്ടിട്ട് കാര്യമില്ലെന്ന് മനസിലാക്കി ഞാന്‍ വീണ്ടും പറഞ്ഞു- സര്‍, ഞാന്‍ പത്രത്തീന്നാ, ആദിവാസി ഊരുകളുടെ സംസ്കാരം, അവരുടെ ജീവിത ശൈലി എന്നിവയെക്കുറിച്ച് റിസര്‍ച്ച് പേപ്പര്‍ തയാറാക്കുന്നതിന്‍റെ ഭാഗമായി വന്നതാണ്, പ്രസ് ഐഡി കാര്‍ഡും കാണിച്ചു. മൊത്തത്തില്‍ ഞങ്ങളെ തറപ്പിച്ച് നോക്കിയിട്ട് അവര്‍ പരസ്പരം എന്തൊക്കെയോ പറഞ്ഞു. ഒന്നും മനസിലാകാതെ ഞങ്ങള്‍ കാത്തു നിന്നു.

ഇപ്പൊ അങ്ങോട്ട് പോകണത് ഒട്ടും സെയ്ഫല്ല. കഴിഞ്ഞ ആഴ്ച കൂടി അവിടെ മാവോയിസ്റ്റുകള്‍ വന്നതാണ്. പ്രത്യേകിച്ച് നിങ്ങള്‍ രണ്ടു പെണ്‍കുട്ടികള്‍ പോകുമ്പോള്‍, എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നറിയുമോ...? ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞങ്ങള്‍ തയാറല്ല....
സ്വന്തം റിസ്കില്‍ പൊക്കോളാന്നും ഐഡി കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാമെന്നും പറഞ്ഞു. പറ്റില്ലാന്ന് അവര്‍ കടുപ്പിച്ചു പറഞ്ഞു.
കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമെന്നാണല്ലോ.... ഞങ്ങളെ പോകാന്‍ അനുവദിക്കണം. ഇന്നു തന്നെ തിരിച്ചു പോന്നാളാം. പ്ലീസ് സര്‍... എങ്ങനെയൊക്കെ താണുകേണു പറയാമോ അങ്ങനെയൊക്കെ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കാലുപിടിക്കലുകള്‍ക്കും ഒടുവില്‍ നിവൃത്തിയില്ലാതെയോ ശല്യം സഹിക്കാതെയോ അവര്‍ സമ്മതം മൂളി. എല്ലാം സമ്മതിച്ച് സ്വന്തം റിസ്കില്‍ കയറുകയാണെന്നു തീയതി സഹിതം ഒപ്പിട്ടുകൊടുത്ത് ഞങ്ങള്‍ ജീപ്പില്‍ കയറി.

ചെക്ക് പോസ്റ്റ് കടക്കുന്നതിനു മുന്നേ മുന്‍കരുതലെന്നോളം പൊലീസുകാരന്‍ പറഞ്ഞു- സൂക്ഷിക്കണം, അവിടുത്തെ അന്തരീക്ഷം കണ്ട് അവിടെ തങ്ങാന്‍ തുനിയരുത്. അപകടമാണ്. എപ്പോഴും മാവോയിസ്റ്റുകളുടെ പോക്ക് വരവുള്ള ഊരാണത്. നിങ്ങള്‍ പുറത്തു നിന്നു ചെല്ലുന്നവരാണ്, പ്രത്യേകിച്ച് പത്രക്കാര്‍. ബുദ്ധിമോശം കാണിക്കരുത്....
ഇതിപ്പൊ മുന്‍ കരുതലാണോ അതോ പേടിപ്പിച്ചതാണോ...! എന്തായാലും അധികം ചിന്തിച്ചില്ല. എന്നാലും ചെറിയോരു ഭയം മനസില്‍ കേറിയേര്‍ന്നു.

പോകുന്ന വഴി കാണുന്നവരെല്ലാം മാവോയിസ്റ്റുകളാണോയെന്നു വരെ തോന്നി. ഇല്ലാത്ത ധൈര്യവും സംഭരിച്ച് കാടിന്‍റെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്നു. ചെളിക്കുണ്ടിലൂടെ ജീപ്പിന്‍റെ ടയറുകള്‍ കയറിയിറങ്ങി. മുന്നോട്ടു പോകുന്തോറും കുണ്ടുകള്‍ കൂടിവന്നു. അങ്ങനെ വലിയൊരു ചെളിക്കുണ്ടില്‍ ജീപ്പിന്‍റെ ടയറുകളെ പ്രകൃതി പിടിച്ചുനിര്‍ത്തി. അവരെ തമ്മില്‍ വേര്‍തിരിക്കാന്‍ ജീപ്പ് ഡ്രൈവറും ഞങ്ങളും അതിലൂടെ പോയ സകലമാന ആള്‍ക്കാരും പഠിച്ച പണി പതിനെട്ടും നോക്കി. എല്ലാവരുടെയും പരിശ്രമത്തിനൊടുവില്‍ അവസാനം അത് സംഭവിച്ചു. ജീപ്പ് മുന്നോട്ടേക്കാണോ പിന്നോട്ടേക്കാണോ പോയതെന്ന് ഇപ്പോഴും ഓര്‍മയില്ല. എന്തായാലും ജീപ്പ് കുണ്ടില്‍നിന്നു കരകയറി.

വീണ്ടും റിസ്ക് എടുക്കാന്‍ തുനിയാതെ ഞങ്ങള്‍ ജീപ്പ് ഡ്രൈവര്‍ക്ക് സുലാന്‍ പറഞ്ഞു നടത്തം തുടങ്ങി. തലേന്നത്തെ മഴ ചെമ്മണ്ണിനെ ചെളിയാക്കിക്കഴിഞ്ഞിരുന്നു. കാലു വയ്ക്കുന്നിടമെല്ലാം കുഴി.ഭവാനിപ്പുഴയുടെ കൈവഴിക്കു കുറുകെ പണി തീര്‍ത്ത പാലം ഞങ്ങളെ നോക്കി ഒച്ചയുണ്ടാക്കി ചിരിച്ചു. കഴിഞ്ഞ വര്‍ഷം ഒരു മാവോയിസ്റ്റ് നേതാവിനെ മൊഴിയെടുക്കാന്‍ കൊണ്ടുവന്നത് ഇവിടെയാണെന്നു കേട്ടിട്ടുണ്ട്. ബാഗ് പാലത്തില്‍ വച്ച് ഞങ്ങള്‍ പുഴയിലേക്കിറങ്ങി. കൈവഴിയാണെങ്കിലും ആഴമുണ്ട്. എന്നാലും ഭവാനിപ്പുഴയല്ലേ, കുറച്ച് വെള്ളം കുടിച്ചു, വിയര്‍ത്തു കുളിച്ച മുഖോം കഴുകി... ഫ്രീസറൊക്കെ എന്തെന്ന് തോന്നിപ്പോയി...

ചെളി നിറഞ്ഞ റോഡ് പിന്നിട്ട് ഞങ്ങള്‍ കാടിനകത്തേക്കു കടന്നു. ടൗണിലേക്ക് പോകാന്‍ അവിടത്തുകാര്‍ വെട്ടിയുണ്ടാക്കിയ വഴികള്‍; അപ്പുറവും ഇപ്പുറവും മരങ്ങള്‍; അകലെ അവിടവിടെയായി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. (അവ പൊലീസ് എയ്ഡ് പോസ്റ്റുകളായിരുന്നവെന്ന് പിന്നീട് മനസിലായി). നടന്ന വഴികളില്‍ എവിടെ നിന്നാണെന്ന് അറിയില്ല ഒരു കുഞ്ഞി പട്ടിയും കൂടെക്കൂടിയേര്‍ന്നു.... അവന്‍റെ വെളുത്ത ശരീരത്തില്‍ അങ്ങിങ്ങായി കാപ്പിപ്പൊടി നിറത്തില്‍ പുള്ളിക്കുത്തുകളുണ്ടായിരുന്നു. ഒന്നു കുരയ്ക്കുക പോലും ചെയ്യാതെ അവന്‍ ഞങ്ങളുടെ പിന്നാലെ തന്നെ കൂടി.

എന്തുകൊണ്ടോ ആ വഴികളും കാടും എന്നെ ഭയപ്പെടുത്തിയില്ല. എതിരേ വരുന്നവരെ നോക്കി ചിരിച്ചു. ചിലര്‍ മറുചിരി ചിരിച്ചു. ചിലര്‍ രൂക്ഷമായി നോക്കി. ചിലര്‍ക്ക് നാണം....
അഞ്ചെട്ടു പത്ത് കേറ്റങ്ങള്‍ക്കൊടുവില്‍ ഞങ്ങളെത്തിയത് അവിടേക്കാര്‍ന്നു... നമ്മുടെ ആനവായ് ഊരിലേക്ക്; അല്ലാണ്ട് എവിടേക്കാ!
ഭീകര കാട്... അതിനുള്ളില്‍ അങ്ങിങ്ങായി വീടുകള്‍... നിറയെ പൂച്ചെടികള്‍... കിളിയൊച്ചകള്‍. എങ്ങോട്ടെന്നില്ലാണ്ട് ഒഴുകുന്ന കാട്ടരുവിയുടെ ശബ്ദം കാടിനുള്ളില്‍ നിറഞ്ഞു നിന്നു. ഞങ്ങളെ കണ്ടപാടെ എവിടന്നൊക്കെയോ ആള്‍ക്കാര്‍ ഇറങ്ങിവന്നു.
ഊരു കാണാന്‍ വന്നതാ... ഇങ്ങോട്ട് ചോദ്യം ചോദിക്കുന്നതിനു മുന്നേ ഞാന്‍ അങ്ങോട്ടു കയറി പറഞ്ഞു. വല്ലാത്തൊരും ചിരി ചിരിച്ചു എല്ലാവരും.

കാടിനുള്ളിലെ വീടെന്ന എന്‍റെ സങ്കല്‍പ്പം... കല്ലും മണ്ണും നിറഞ്ഞ വഴികള്‍; ഹോളാബ്രിക്സ് കട്ടകള്‍ കൊണ്ടു നിര്‍മിച്ച് ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ വീടുകള്‍; മുള കൊണ്ട് നിര്‍മിച്ച വേലികള്‍; വലിയ കിണര്‍; അതിനടുത്ത് ഒരു പൈപ്പ്.... നിറച്ച വെള്ളക്കുടങ്ങളുമായി ചിലര്‍ വീടുകളിലേക്കു മടങ്ങുന്നു, മറ്റുചിലര്‍ പൈപ്പിനു മുന്നില്‍ കാത്തുനില്‍ക്കുന്നു.

അപ്രതീക്ഷിതമായി എത്തിയ അതിഥികളെ കണ്ടതുകൊണ്ടാകാം ചിരിച്ചു കളിച്ചു വര്‍ത്തമാനം പറഞ്ഞുനിന്ന കുട്ടികളെല്ലാം പകച്ചു പോയ
ബാല്യങ്ങളായി. എപ്പഴോ കൈയില്‍ കരുതിയ മിഠായികള്‍ കൊടുത്തതോടെ കുറച്ചു മുമ്പുണ്ടായിരുന്ന ഒച്ചപ്പാടും ബഹളുവുമൊക്കെ തിരിച്ചുവന്നു. സ്കൂള്‍ വിശേഷങ്ങള്‍ ചോദിച്ചതോടെ സംസാരം അണപൊട്ടിയൊഴുകി. കൂട്ടത്തില്‍ ഒരു സുന്ദരക്കുട്ടന്‍ പാട്ടും പാടി. പൂര്‍ണമായും മലയാളം ആണെന്നൊന്നും പറയാന്‍ പറ്റാത്തൊരു പാട്ട്.

മൂപ്പനെ കണ്ടേര്‍ന്നോ... പെട്ടെന്നുള്ള ഒരു അശരീരിയായിരുന്നു അത്. സങ്കല്‍പ്പവും ആചാരവും അനുസരിച്ച് ഊരിലെത്തിയാല്‍ ആദ്യം കാണേണ്ടത് മൂപ്പനയാണത്രേ.

പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ അങ്ങ് നടന്നു, വഴി അറിഞ്ഞട്ടൊന്നുമല്ല... എന്നാലും... ആരൊക്കെയോ ഞങ്ങടെ പിന്നാലെ വന്നു.
വെട്ടിയൊരുക്കിയ വഴികള്‍, കഷ്ടിച്ച് രണ്ടു പേര്‍ക്ക് പോകാന്‍ മാത്രം വീതി. നടപ്പാതയുടെ വശങ്ങളിലുള്ള വീടുകളില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും പലരും ഞങ്ങളെ നോക്കി, ഞങ്ങള്‍ തിരിച്ചും. വേലി കൊണ്ടു മറച്ചിരിക്കുന്ന മറുവശത്ത് കാണത്തക്ക ഒന്നുമുണ്ടായിരുന്നില്ല, കുറച്ചു മരങ്ങളല്ലാതെ. വേലിക്കരികില്‍ നിന്നു താഴേക്കു നോക്കാനുള്ള മോഹമുള്ളതു കൊണ്ടുതന്നെ ഒരാളോടും അനുവാദം ചോദിക്കാതെ ഞങ്ങള്‍ നോക്കി. വലിയൊരു കൊക്ക. തിങ്ങിനില്‍ക്കുന്ന മരങ്ങള്‍. കെട്ടുപിണഞ്ഞു കിടക്കുന്ന മരച്ചില്ലകള്‍. അങ്ങകലെ ഒഴുകുന്ന അരുവിയുടെ അവ്യക്തമെങ്കിലും വശ്യമായ ദൃശ്യം. കൊക്കയില്‍ അദൃശ്യമായ മായക്കാഴ്ചകളെന്തോ മറഞ്ഞിരിക്കുന്നുണ്ടെന്നു മനസ് മന്ത്രിച്ചു. കാണാമറയത്തുള്ള അരുവിയില്‍ മുങ്ങിനിവരാന്‍ തോന്നി. എന്തിനേറെ, ഒന്നു ചാടിയാലോ എന്നുവരെ തോന്നി...! മനുഷ്യനല്ലേ, എല്ലാ ആഗ്രഹങ്ങളും നടക്കില്ലാന്ന് പണ്ടോരോ പറഞ്ഞത് സത്യമാണെന്ന് എനിക്കപ്പോ തോന്നി. ഒന്നും മിണ്ടാതെ വീണ്ടും നടന്നു.

അധിക ദൂരം ആകുന്നതിനു മുമ്പേ ഞാന്‍ കണ്ടു- ഫുട്ബോള്‍ മൈതാനം പോലെയൊരു സ്ഥലം... ഒത്ത നടുക്ക് വലിയൊരു മാവ്, അവിടവിടങ്ങളിലായി മണ്ണുകൊണ്ട് നിര്‍മിച്ചിരിക്കുന്ന തിണ്ടുകള്‍, പൂച്ചെടികള്‍. മൈതാനത്തോട് അടുക്കുന്തോറും കുറെ ആളുകളും കണ്ണില്‍പ്പെട്ടു. കഷ്ടിച്ച് ഒരാള്‍ പൊക്കമുള്ള വീട്. വെട്ടുകല്ലുകൊണ്ട് നിര്‍മിച്ചതാണ്. ഉള്‍ഭാഗം ചാണകം മെഴുകിയിരുന്നു. വീടിനോടു ചേര്‍ന്നുള്ള വരാന്തയില്‍ കുറെ സ്ത്രീകളും കുട്ടികളും, തിണ്ടുകളില്‍ ബീഡി വലിച്ചുകൊണ്ട് കുറെ പുരുഷന്മാരും. ഞങ്ങളെ കണ്ട് യാതൊരു ഭാവമാറ്റവും അവര്‍ക്കുണ്ടായില്ല. ഇതെന്താ ഇങ്ങനേന്ന് തോന്നി.
ചിലപ്പോ മൂപ്പനും മൂപ്പത്തീം ഒക്കെ ആയതുകൊണ്ടാകാം.. ചുമ്മാ മനസില്‍ പറഞ്ഞു.. പിന്നാലെ എത്തിയവര്‍ ഞങ്ങളെ പരിചയപ്പെടുത്തി- നമ്മടെ ഊര് കാണാന്‍ വന്നതാ... ഇത് കക്കി മൂപ്പന്‍, ഇത് മൂപ്പന്‍റെ ഭാര്യ മല്ലിക....

മോളെ, മനസില്‍ ലെഡു പൊട്ടി. സൂപ്പര്‍ ഫാസ്റ്റ് ബസിനു പോലും ചിലപ്പൊ ഇത്ര സ്പീഡ് കാണില്ല, അമ്മാതിരി വേഗത്തിലാ ഞങ്ങള്‍ വീടിന്‍റടുത്തേക്ക് എത്തിയത്. മിനിമം കാണിക്കേണ്ട സാമാന്യ മര്യാദകള്‍ ഒന്നും പാലിക്കാതെ ഞങ്ങള്‍ മൂപ്പന്‍റെ അപ്പുറവും ഇപ്പുറവും ഇരുന്നു. 100 വോള്‍ട്ട് ബള്‍ബ് കത്തുമ്പോ എങ്ങനെയുണ്ടാകും, അതുപോലെയാര്‍ന്നു ഞങ്ങടെ മുഖം... അവര്‍ക്ക് മനസിലായോന്ന് അറിയില്ല. എങ്കിലും സ്വയം പരിചയപ്പെടുത്തി. അറിയേണ്ടത് അവരുടെ വിശേഷങ്ങളായിരുന്നതു കൊണ്ട് ചോദിക്കാന്‍ ഒരു മടീം കാണിച്ചില്ല. വീടിനോടു ചേര്‍ന്നുള്ള അമ്പലം, അതിനു മുന്നിലുള്ള മുല്ലവള്ളിയുടെ കഥ. ഊരിലെ ആചാരങ്ങള്‍. ഭക്ഷണം. അങ്ങനെ സംസാരം മണിക്കൂറുകള്‍ നീണ്ടു. സംസാരത്തിനിടയില്‍ മല്ലിക മൂപ്പത്തിയുടെ നെറ്റിയില്‍ പച്ച കുത്തിയിരിക്കുന്നതില്‍ തൊട്ടു നോക്കി. കൊച്ചീലൊക്കെ പിള്ളേര്‍ പച്ച കുത്തണത് കണ്ടട്ട്ണ്ട്. എന്താ ഈ നെറ്റിയില്‍ എഴുതിയേക്കണേന്ന് ചോദിച്ചു. മലയാളോമല്ല, തമിഴുമല്ല. എന്തോ ഒരു ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു. എനിക്കൊന്നും മനസിലായില്ല, അവള്‍ക്കും.

കോര്‍ത്തു വലിച്ചു കെട്ടിയിരിക്കുന്ന കറുത്ത മുടിയാണ് മൂപ്പത്തീടേത്, കഴുത്തില്‍ രണ്ടു മാല (കാണാന്‍ കരിമണി മാല പോലെ), മൂക്കിന്‍റെ ഇരുവശവും സ്വര്‍ണ നിറത്തിലുള്ള മൂക്കുത്തി, കാതില്‍ കമ്മല്‍, ആദിവാസി സ്ത്രീകളുടെ പരമ്പരാഗത വസ്ത്രരീതിയിലുള്ള മുലക്കച്ചയില്‍ മൂപ്പത്തി എന്നെക്കാള്‍ സുന്ദരിയാണെന്നും തോന്നി. അഴിച്ചു പറച്ചിട്ടേക്കണ എന്‍റെ മുടി കണ്ടതുകൊണ്ടാകാം പിടിച്ചുവലിച്ചു അടുത്തേക്ക് ഇരുത്തി. ഒന്നും ചോദിച്ചില്ല, മുടി അങ്ങ് കെട്ടാന്‍ തുടങ്ങി. സാധാരണ രീതിയില്‍ ബുഷ് വച്ച് കെട്ടിയാല്‍പ്പോലും ഒതുങ്ങാത്ത എന്‍റെ മുടി, രണ്ടോ മൂന്നോ സ്ലൈഡുകള്‍ മാത്രം വച്ച് കോര്‍ത്തുവലിച്ച് കെട്ടി. മുടിയുടെ ഒരു വശത്ത് ചെമ്മന്തിപ്പൂവും (നാട്ടിലെ കടലാസു റോസ) വച്ചുതന്നു. ഭാരിച്ച പണി പൂര്‍ത്തിയായ ആശ്വാസത്തോടെ എണീപ്പിച്ച് നിര്‍ത്തി കവിളില്‍ ഒരു പിച്ചും. കൂടെ ഒരു പറച്ചിലും- ഊര് പെണ്ണിനെപ്പോലുണ്ട്... കൂടെ നിന്ന എല്ലാവരും ആര്‍ത്തു ചിരിച്ചു... എന്തേലുമാകട്ടെ എന്ന കണക്കില്‍ ഞാനും ചിരിച്ചു....
അവര്‍ തന്ന ചക്കരക്കാപ്പി കുടിക്കുന്നതിനിടയില്‍ ഇടിവെട്ടേറ്റ പോലെയായിരുന്നു മൂപ്പന്‍റെ ആ ചോദ്യം- തങ്ങണുണ്ടോ...?
അതിപ്പോ എന്താ പറയാ... ഞങ്ങള്‍ പരസ്പരം നോക്കി. കേട്ട കഥകളും നല്‍കിയ നിര്‍ദേശങ്ങളും ഒരു നിമിഷത്തേക്ക് മറന്നാലോ എന്നങ്ങു ചിന്തിച്ചു.
എന്താ ചെയ്യാ... അവള്‍ ശബ്ദം താഴ്ത്തി എന്നോട് ചോദിച്ചു. ഞാനിപ്പോ എന്നാ പറയാനാ... അല്ല പറഞ്ഞിട്ടും കാര്യമില്ല... അതുകൊണ്ടുതന്നെ അധികമൊന്നും ചിന്തിച്ചില്ല. ഇല്ല പോണമെന്ന് പറഞ്ഞു....
ന്നാ വൈകണ്ട, കാടിറങ്ങിക്കോ, മഴ വരണ്ട്....
ഛെ അങ്ങനെ പറയണ്ടാര്‍ന്നൂന്ന് ആദ്യം തോന്നി. പറഞ്ഞില്ലേ, ഇനിപ്പോ പറഞ്ഞിട്ട് കാര്യമില്ലാല്ലോ. ചക്കരക്കാപ്പീടെ ഗ്ലാസ് മൂപ്പത്തീടെ കൈയില്‍ കൊടുത്ത് ബാഗെടുത്ത് ഞങ്ങളിറങ്ങി.
ഈ പോട്ടങ്ങളൊക്കെ ഞങ്ങള്‍ക്ക് തരോ...?
അടുത്ത തവണ വരുമ്പോ കൊണ്ടുവരാം.... ഉറപ്പ്....
നടക്കുമെന്ന് ഒരു ശതമാനം പോലും ഉറപ്പില്ലാത്ത വാക്കുകളായിരുന്നെങ്കിലും അത് കേട്ടപ്പോ മൂപ്പത്തി ചിരിച്ചു.

എല്ലാവര്‍ക്കും റ്റാറ്റ കൊടുത്തു. ചിലര്‍ തിരിച്ചും കൈവീശി. ചിലരുടെ മുഖത്ത് തെല്ലു സങ്കടം... മൂപ്പന്‍റെ മുഖത്ത് ഭാവമാറ്റങ്ങളൊന്നുമില്ല. പണ്ട് വെക്കേഷന്‍ കഴിഞ്ഞ് തിരിച്ച് കോളെജ് ഹോസ്റ്റലിലേക്ക് പോകുമ്പോഴത്തെ അതേ അവസ്ഥ. കുടിച്ച ചക്കരക്കാപ്പിയുടെ സ്വാദ് ചുണ്ടിലേക്ക് തേട്ടി വന്നുകൊണ്ടിരുന്നു. വിരലുകളില്‍ ചക്കര ഒട്ടിപ്പിടിച്ചിരുന്നു. മഴയെ വരവേല്‍ക്കാന്‍ മാനം കറുത്തിരുണ്ടിരുന്നു. ഇനിയൊരു വരവ്, അതുണ്ടാകുമോ.... എന്തിനെന്നറിയാതെ കണ്ണില്‍നിന്നു രണ്ടു തുള്ളി കണ്ണീര്‍ ഊരിലെ മണ്ണില്‍ വീണു. തിരിഞ്ഞുനോക്കാതെ ഞങ്ങള്‍ നടന്നു....


വാർത്തകൾ

Sign up for Newslettertop