01
December 2020 - 8:58 am IST

Download Our Mobile App

Mollywood

Ronex Xavier, Covid 19, Malayalam Movie, Makeup Artist

കൊറോണയില്‍ തകരുന്ന സിനിമാ ജീവിതങ്ങള്‍ - 4 ; ദുരിതത്തിന്‍റെ ചമയങ്ങൾ

Published:01 August 2020

# പി.ജി.എസ്. സൂരജ്

 " ഇത്രനാളും എങ്ങനെയൊക്കെ   പിടിച്ചുനിന്നു എന്ന് ദൈവത്തിനു മാത്രമേ അറിയാവൂ. ചില    സിനിമകളില്‍ നിന്നു കിട്ടാനുള്ള   പ്രതിഫലത്തിന്റെ ബാലന്‍സ്   ഉണ്ടായിരുന്നതുകൊണ്ടാണ്     കാര്യമായ പരിക്കുകളില്ലാതെ   കടന്നുപോയത്" മലയാള സിനിമയിലെ മുന്‍നിര മേക്കപ്പ്മാനായ   റോണെക്സ് സേവ്യര്‍ പറയുന്നു

തിരുവനന്തപുരം: ചമയങ്ങളില്ലാതെ സിനിമയില്‍  അഭിനേതാക്കള്‍  പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച്  നമുക്കു ചിന്തിക്കാന്‍ കഴിയില്ല. മധ്യവയസ്കനെ യുവാവാക്കിയും യുവാവിനെ തൊണ്ണൂറു കഴിഞ്ഞ പടുവൃദ്ധനാക്കിയും സിനിമയിലെ  നമ്മളെ വിസ്മയിപ്പിച്ച മേക്കപ്പ് കലാകാരന്മാർ കൊറോണ കാലത്ത്   ദുരിതത്തിലാണ്. 150 ഓളം വരുന്ന   മേക്കപ്പ് കലാകാരന്മാര്‍  തിരികെ ചമയത്തിലേക്കു പോകേണ്ട ദിനവും കാത്തു കാത്തിരിപ്പാണ്.

 " ഇത്രനാളും എങ്ങനെയൊക്കെ   പിടിച്ചുനിന്നു എന്ന് ദൈവത്തിനു മാത്രമേ അറിയാവൂ. ചില    സിനിമകളില്‍ നിന്നു കിട്ടാനുള്ള   പ്രതിഫലത്തിന്റെ ബാലന്‍സ്   ഉണ്ടായിരുന്നതുകൊണ്ടാണ്     കാര്യമായ പരിക്കുകളില്ലാതെ   കടന്നുപോയത്" മലയാള സിനിമയിലെ മുന്‍നിര മേക്കപ്പ്മാനായ   റോണെക്സ് സേവ്യര്‍ പറയുന്നു.

'' ഞാന്‍ മേക്കപ്പ് ചെയ്യുന്ന സിനിമ കളായ കുറ്റവും ശിക്ഷയും, ആരവം, സാന്‍റാ ക്ലോസ്, പടവെട്ട്  തുടങ്ങിയ  ചിത്രങ്ങളുടെ ചിത്രീകരണം ബാക്കി  നില്‍ക്കുമ്പോഴാണ് ലോക് ഡൌണ്‍  വന്നത്. ഇത്തരം ഒരു അവസ്ഥ  വരുമെന്നു സ്വപ്നത്തില്‍  പോലും  വിചാരിക്കാത്തതുകൊണ്ടു തന്നെ  കുറേ ലോണും ചിട്ടികളും ഒക്കെ   കൊണ്ടായിരുന്നു ജീവിതം തള്ളിനീക്കിയത്. ഇപ്പോള്‍ എല്ലാം മുടങ്ങി.  

ഓരോ മാസവും നല്ല രീതിയിലുള്ള  വരുമാനം ലഭിച്ചിരുന്നു. ഭാര്യ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്. ആദ്യമൊക്കെ വീട്ടു ചെലവ് നടന്നുപോകുന്നതില്‍  ഭാര്യയുടെ  വരുമാനം ഒരു മുതല്‍കൂട്ടായിരുന്നു. കൊവിഡ് രൂക്ഷമായപ്പോള്‍ ആശുപത്രിയില്‍  വരുമാനം കുറഞ്ഞു. അതോടെ ശമ്പളവും വെട്ടിക്കുറച്ചു.'' റോണെക്സ്  പറഞ്ഞു.

മലയാള സിനിമയിലെ ഏറ്റവും  തിരക്കുള്ള മേക്കപ്പ് കലാകാരന്മാരിൽ ഒരാളാണ് റോണെക്സ് സേവ്യര്‍. സിനിമയിലെ മേക്കപ്പ് മാനായതു കൊണ്ട് മറ്റ് ജോലികള്‍ക്ക്  പോകാന്‍ പലര്‍ക്കും മാനസികമായി  ബുദ്ധിമുട്ടുണ്ട്. സ്വന്തം ബിസിനസ്   സംരംഭങ്ങളെക്കുറിച്ച്  ആലോചിച്ചിരുന്നവരും കൊവിഡ്  പ്രതിസന്ധി കാരണം പിന്നാക്കം പോയിരിക്കുകയാണ്. 

സിനിമയുടെ പ്രാരംഭ ചര്‍ച്ച മുതല്‍  മേക്കപ്പ്മാനെയും ഉള്‍പ്പെടുത്തിയാണ്   മുന്നോട്ട് പോകുന്നത്. ഓരോ  സിനിമയുടെയും പൊതുസ്വഭാവം  അനുസരിച്ച് ഗവേഷണവും  പഠനങ്ങളും നടത്തിയ ശേഷമാണ്   മേക്കപ്പ്മാന്‍ ആവസാനവട്ട   ഒരുക്കങ്ങളിലേക്ക് കടക്കുന്നത്.   മേക്കപ്പില്‍ പോരായ്മ വരാതെ  അതീവശ്രദ്ധയോടെ ചെയ്യേണ്ട   ജോലിയാണിത്.

''എന്‍റെ കീഴില്‍ പന്ത്രണ്ടോളം പേരാണ് സഹായികളായി ജോലിചെയ്യുന്നത്.  എല്ലാവരുടെയും അവസ്ഥ പരമ ദയനീയമാണ്. നിവൃത്തിയില്ലാതെ പലരും മറ്റ് ജോലിക്കു പോയി തുടങ്ങിയിട്ടുണ്ട്. പലരും കടം വാങ്ങി   നടുവൊടിഞ്ഞു നില്‍ക്കുകയാണ് " റോണെക്സ് പറഞ്ഞു. 

ആവശ്യസേവനം എന്ന  വിഭാഗത്തില്‍പ്പെടാത്തതു കൊണ്ട് സിനിമയില്‍ ജോലിചെയ്തിരുന്ന   തൊഴിലാളികളെ സര്‍ക്കാരും   കണ്ടില്ലെന്നു നടിക്കുന്ന  അവസ്ഥയാണ്. വീട്ട്  വാടകയ്ക്കും   മരുന്നിനും പണമില്ലാതെ പലരും  ബുദ്ധിമുട്ടുകയാണ്. നിലവിലെ  അവസ്ഥയുടെ ഭീകരത ചൂണ്ടികാട്ടി  ഫെഫ്ക ജനറല്‍ സെക്രട്ടറി  ബി.ഉണ്ണികൃഷണന്‍ സര്‍ക്കാരിന്  ഒരാഴ്ച മുന്‍പ് കത്തയച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top