01
October 2020 - 10:38 pm IST

Download Our Mobile App

Flash News
Archives

Religious

Avani Avittam, Pilleronam, Rituals, Onam

ഇന്ന് ആവണി അവിട്ടവും പിള്ളേരോണവും, അറിയാം ആചാരങ്ങളെ

Published:03 August 2020

# വിജു നമ്പൂതിരി

ചിങ്ങമാസത്തിലെ തിരുവോണത്തിനു മുൻപുള്ള തിരുവോണ ദിനമാണു പിള്ളേരോണം. ഈ ദിവസത്തിൽ നിന്ന് ഇരുപത്തേഴാം നാളാകും തിരുവോണം. ഉത്തരേന്ത്യയിൽ സഹോദരൻ- സഹോദരി ബന്ധത്തിന്‍റെ ആഘോഷമായ രക്ഷാബന്ധനും ഇന്നുതന്നെ.

ഇന്നു പിള്ളേരോണവും ആവണി അവിട്ടവും ചേരുന്ന ദിനം. ഹിന്ദു ആചാര പ്രകാരമുള്ള വിശേഷദിനം. ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുൻപു പൗര്‍ണമി നാളാണ് ആവണി അവിട്ടം. ചിങ്ങമാസത്തിലെ തിരുവോണത്തിനു മുൻപുള്ള തിരുവോണ ദിനമാണു പിള്ളേരോണം. ഈ ദിവസത്തിൽ നിന്ന് ഇരുപത്തേഴാം നാളാകും തിരുവോണം. ഉത്തരേന്ത്യയിൽ സഹോദരൻ- സഹോദരി ബന്ധത്തിന്‍റെ ആഘോഷമായ രക്ഷാബന്ധനും ഇന്നുതന്നെ.

ദക്ഷിണേന്ത്യയിൽ ബ്രാഹ്മണരിലാണ് ആവണി അവിട്ടം ആഘോഷം കൂടുതലായി കണ്ടുവരുന്നത്. ഗായത്രീ മന്ത്ര ജപത്തോടെ ബ്രാഹ്മണർ അന്നു പഴയ പൂണൂൽ മാറ്റി പുതിയതു ധരിക്കുന്നു. പൂര്‍വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നു. വേദ പഠനം തുടങ്ങാനും ഏറ്റവും നല്ല ദിവസമാണ് ആവണി അവിട്ടം. ഉപനയനം എന്നാൽ രണ്ടു കണ്ണുകൾക്കപ്പുറം മറ്റൊരു കണ്ണ്  അഥവാ അകക്കണ്ണ് എന്നാണ്. പൂണൂൽ ധരിച്ചു വേദാധ്യയനം തുടങ്ങുന്നതോടെ ജ്ഞാനത്തിന്‍റെ കണ്ണ് തുറക്കുന്നു എന്നതാണ് സങ്കൽപ്പം. മന്ത്രങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ഗായത്രീ മന്ത്ര ജപത്തോടെയാകണം അറിവിലേക്കു പ്രവേശിക്കുന്നത്.

അമൂല്യങ്ങളായ നാലുവേദങ്ങളും മുന്‍കാലത്ത് ഒന്നായിരുന്നു. ബ്രഹ്മാവിന്‍റെ നിർദേശപ്രകാരം വ്യാസനാണ്  അതിനെ നാലായി വിഭജിച്ചത്.  അതോടെ അദ്ദേഹം വേദവ്യാസനായി മാറുകയായിരുന്നു. പിന്നീട് ഭൈലമഹാമുനിയെ ഋഗ്വേദത്തിന്‍റെയും വൈശമ്പായനനെ യജുര്‍വേദത്തിന്‍റെയും ജൈമിനി മഹർഷിയെ സാമവേദത്തിന്‍റെയും ശുമന്തുമുനി അഥര്‍വവേദത്തിന്‍റെയും സംരക്ഷകരായി വേദവ്യാസന്‍ നിയമിച്ചു. ഇവരിലൂടെ തലമുറകൾ കൈമാറി വേദം നിലനിൽക്കുന്നു. ഋഗ്വേദവും യജുർവേദവും സാമവേദവുമാണ് ബ്രാഹ്മണർ അഭ്യസിച്ചിരുന്നത്. ഈ മൂന്നു വേദങ്ങളെ സൂചിപ്പിക്കുന്നതാണ് പൂണൂലിലെ നൂലിഴകളെന്നും അതിലെ പവിത്രക്കെട്ട് ഓംകാരമാണെന്നും വിശ്വാസമുണ്ട്.

വേദം സ്വായത്തമാകണമെങ്കില്‍ അടിസ്ഥാന തത്ത്വം ഉപനയനം കഴിഞ്ഞ് സന്ധ്യാവന്ദനം ഗായത്രി മുതലായവയെല്ലാം പഠിച്ച് ഉപാസിക്കണം. പൊട്ടുമ്പോള്‍ മാറുമെങ്കിലും ഉപാകര്‍മ്മം എന്ന ആവണി അവിട്ടത്തിന് പഴയ പൂണൂലുമാറ്റി പുതിയവ ധരിക്കുന്നു. ‌സാധാരണ അമ്പലങ്ങളിലോ ജലാശയ സാന്നിദ്ധ്യമുള്ളിടത്തോ ആണ് ഇതെല്ലാം പതിവ്.  ഉപാകര്‍മ്മാനന്തരം വീട്ടിലെത്തുന്നവരെ സുമംഗലികളായിട്ടുള്ള സ്ത്രീകള്‍ ആരതിയുഴിഞ്ഞ് വരവേല്‍ക്കുന്നു.

വടക്കേ ഇന്ത്യയില്‍ ആവണി അവിട്ടം രക്ഷബന്ധനായാണ് അറിയപ്പെടുന്നത്. ഇതേക്കുറിച്ചും നിരവധി ഐതിഹ്യങ്ങളുണ്ട്. ശിശുപാലനുമായുള്ള യുദ്ധത്തിൽ കൃഷ്ണന്‍റെ കൈയിൽ പരുക്കേറ്റപ്പോൾ ദ്രൗപദി തന്‍റെ വസ്ത്രത്തിൽ നിന്ന് ഒരു ഭാഗം കീറിയെടുത്തു മുറിവു കെട്ടിയെന്നും സംതൃപ്തനായ കൃഷ്ണൻ സമയം ആഗതമാകുമ്പോൾ ഇതിനുള്ള പ്രത്യുപകാരം തീർച്ചയായും ചെയ്തിരിക്കുമെന്നു വാഗ്ദാനം നൽകിയെന്നുമാണ് ഒരു കഥ.  കൗരവ സഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട ദ്രൗപദിയെ കൃഷ്ണൻ അന്നു കൈയിൽ കെട്ടിയ ചേല നൽകിയാണ് അപമാനത്തിൽ നിന്നു രക്ഷിച്ചതത്രെ. ‌

മഹാബലിയും ലക്ഷ്മീദേവിയുമായുള്ള സഹോദര ബന്ധം സൂചിപ്പിക്കുന്നതാണ് മറ്റൊരു ഐതിഹ്യം. മഹാബലിയുടെ ഭക്തിയിൽ സംപ്രീതനായ മഹാവിഷ്ണു ബലിയുടെ രാജ്യം സംരക്ഷിച്ചു കൊള്ളാമെന്ന് അദ്ദേഹത്തിന് വാക്ക് കൊടുത്തു. ഇതോടെ വൈകുണ്ഠത്തിലേക്കു മഹാവിഷ്ണുവിനെ മടക്കിക്കൊണ്ടുവരാൻ ബലിയുടെ രാജ്യത്തെത്തിയ ലക്ഷ്മീദേവി മഹാബലിയെ തന്‍റെ സഹോദരനായി കരുതി കൈയിൽ രക്ഷകെട്ടി കൊടുക്കുകയും ഭഗവാനെ തിരികെ അയയ്ക്കാൻ അഭ്യർഥിക്കുകയും ചെയ്തു. മഹാബലി അപ്രകാരം ചെയ്തുവത്രെ. അസുരന്മാരെ തോല്‍പ്പിച്ച് അമരാവതി വീണ്ടെടുത്ത ഇന്ദ്രന്‍റെ കൈത്തണ്ടയില്‍ രക്ഷയ്ക്കായി പത്നി ശചീദേവി ബന്ധിച്ചതാണു രക്ഷയെന്നും പറയപ്പെടുന്നു.

കർക്കടകത്തിലെ തിരുവോണമാണ് പിള്ളേരോണമായി ആഘോഷിക്കുന്നത്. പഴയതലമുറയുടെ ഓർമയിൽ പിള്ളേരോണം ആഘോഷമായിരുന്നെങ്കിൽ ഇന്നത്തെ തലമുറയ്ക്ക് ഇതേക്കുറിച്ചു കാര്യമായി അറിവുണ്ടാകില്ല. തിരുവോണം മഹാബലിയുടെ വരവ് ആഘോഷിക്കുന്ന ദിവസമാണെന്നും പിള്ളേരോണം വാമനനു വേണ്ടിയുള്ളതാണെന്നുമുള്ള വിശ്വാസവും നിലവിലുണ്ട്. മുൻപ് പിള്ളേരോണത്തിനും തൂശനിലയിൽ നാലുകറികൾക്കൊപ്പം പപ്പടവും വിളമ്പിയായിരുന്നു സദ്യ.


വാർത്തകൾ

Sign up for Newslettertop