30
September 2020 - 10:58 am IST

Download Our Mobile App

Travel

Majuli Island, Travel, Travel Story, Special

"മജൗലി ദ്വീപ്' നദിയില്‍ അപ്രത്യക്ഷമാകാന്‍ ഇനി പത്തു വര്‍ഷം മാത്രം

Published:07 August 2020

# ബിനിത ദേവസി

വടക്കു കിഴക്കന്‍ ഇന്ത്യയുടെ സൗന്ദര്യം മുഴുവനായും ഒപ്പിയെടുത്തിരിക്കുന്ന അസമിലെ ദ്വീപ്. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ്.

മജൗലി... പേരില്‍ വെറും മൂന്ന് അക്ഷരങ്ങള്‍ മാത്രമേയുള്ളുവെങ്കിലും അതിനു പിന്നിലൊളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിവരിക്കാന്‍ ആയിരം വാക്കുകളും പോരാതെ വരും. വടക്കു കിഴക്കന്‍ ഇന്ത്യയുടെ സൗന്ദര്യം മുഴുവനായും ഒപ്പിയെടുത്തിരിക്കുന്ന അസമിലെ ദ്വീപ്. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ്.

മജൗലി എന്നാല്‍

മജൗലി എന്നാല്‍ രണ്ട് സമാന്തര നദികൾക്കിടയിലുള്ള ഭൂമി എന്നാണര്‍ഥം. ഈ പേരിനോളം തന്നെ ശരിയാണ് അതിനു പിന്നിലുള്ള കഥയും. ബ്രഹ്മപുത്ര നദിയും അതിന്‍റെ ശാഖാ നദികളുടെയും ഒഴുക്കാണ് ഇത്തരത്തിലൊരു ദ്വീപിന്‍റെ ജനനത്തിനു കാരണമായത്. ഏകദേശം 300 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഒരു വലിയ ഭൂമി കുലുക്കമാണ് ഇതിനു പിന്നില്‍. ഈ ഭൂമികുലുക്കത്തിന്‍റെ ഫലമായി ബ്രഹ്മപുത്ര നദിയില്‍ വലിയ വെള്ളപ്പൊക്കമുണ്ടാവുകയും അത് നദിയുടെ ഗതി തെക്കോട്ടേയ്ക്ക് മാറ്റുകയും ചെയ്തു. അങ്ങനെ ഒഴുകിയെത്തിയ അവശിഷ്ടങ്ങളും മണ്ണുമൊക്കെ ചേര്‍ന്നാണ് മജൗലി ദ്വീപ് ഉണ്ടായതെന്നാണ് വിശ്വാസം.ജനവാസമുള്ള ഏറ്റവും വലിയ നദീദ്വീപ്

ജനവാസമുള്ള ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് എന്ന വിശേഷണം മാത്രം മതി മജൗലിയെ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാക്കാന്‍. സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചകളും ജീവിത രീതികളുമ‍ൊക്കെ ഇവിടെയുണ്ട്. ബ്രഹ്മപുത്ര നദിയില്‍ 421.65 കിലോമീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഈ ദ്വീപ് വ്യാപിച്ചു കിടക്കുന്നത്.

അസമിന്‍റെ സാംസ്കാരിക തലസ്ഥാനം

മലയാളികള്‍ക്ക് തൃശൂര്‍ എന്നു പറയുന്നതു പോലെയാണ് അസമുകാര്‍ക്ക് മജൗലി. അസമിന്‍റെ സാംസ്കാരിക തലസ്ഥാനമാണിത്. വ്യത്യസ്തരായ നിരവധി ഗോത്ര വിഭാഗക്കാരാണ് ഇവിടുത്തെ താമസക്കാര്‍. പ്രദേശത്തിന്‍റെ സമ്പന്നമായ സംസ്കാരമാണ് ഇതിനു കാരണം

.

ദ്വീപിനുള്ളിലെ ച‌െറു ദ്വീപുകള്‍

ദ്വീപിനുള്ളിലെ ചെറിയ ദ്വീപുകള്‍ കൂടി ചേര്‍ന്നതാണ് മജൗലി. ചപോരി എന്നാണ് ഈ ചെറിയ ദ്വീപുകള്‍ അറിയപ്പെടുന്നത്. നദിയുടെ തുടർച്ചയായ ബ്രെയിഡിങ് സംവിധാനത്തിന്‍റെ ഫലമായി അവ മനോഹരമായ ഒരു ചെറിയ ദ്വീപായി മാറുന്നു. നിലവിൽ 22 ചെറിയ ദ്വീപുകൾ മജൗലി ദ്വീപിനുള്ളിലുണ്ട്.മാസ്ക് എന്ന കല

ഒരിക്കലെങ്കിലും മജൗലിയില്‍ പോയിട്ടുള്ളവര്‍ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെട്ടിരിക്കുക ഇവിടുത്തെ മുഖംമൂടി നിര്‍മാണത്തിലായിരിക്കും. ഇത് ഒരു കലയായി അഭിമാനത്തോടെ കൊണ്ടുനടക്കുന്നവരാണിവര്‍. ഇന്ത്യന്‍ സംസ്കാരവും ഹൈന്ദവതയും കൂടിച്ചേര്‍ന്നുള്ള തരത്തിലുള്ള മാസ്കുകളാണ് ഇവര്‍ നിര്‍മിക്കുന്നത്. അസമിലെ പുണ്യ പുരുഷനായി അറിയപ്പെടുന്ന ശ്രീശാന്താ സന്‍കാര്‍ദേവയാണ് മാസ്ക് നിര്‍മാണത്തിന് തുടക്കം കുറിക്കുന്നത്. പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തിലുപരിയായി ഒരു പുണ്യ പ്രവര്‍ത്തിയായാണ് ആളുകള്‍ ഇതിനെ കാണുന്നത്. മണ്ണ്, ചാണകം, പച്ചക്കറികളില്‍ നിന്നുള്ള നിറം, കോട്ടന്‍ തുണി തുടങ്ങിയവയാണ് മാസ്ക് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്.ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപ്

ഇന്ത്യയില്‍ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപും മജൗലിയാണ്. 2016ലാണ് മജൗലി ഒരു ജില്ലയായി മാറുന്നത്. അസം മുഖ്യമന്ത്രി സർബാനന്ദാ സോനോവാൾ ആണ് മജൗലിയെ ജില്ലയായി പ്രഖ്യാപിച്ചത്. അസമിലെ ഏറ്റവും ചെറിയ ജില്ല കൂടിയാണിത്.

കമ്പില്‍ കുത്തിനിര്‍ത്തിയ വീടുകള്‍

മഴക്കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ ബ്രഹ്മപുത്ര നദി കരകവിയുന്നതിനാല്‍ മജലിയിലെ വീടുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വെള്ളപ്പൊക്കത്തെ നേരിടാനായി മുളയുടെ പ്രത്യേകം കമ്പുകളില്‍ കുത്തിനിര്‍ത്തിയാണ് വീടുകള്‍ നിര്‍മിക്കുന്നത്. അത് പിന്നീട് മുളകൊണ്ടും പുല്ലുകൊണ്ടും മേയുകയും ചെയ്യും.

സഞ്ചാരം കടത്തുവഴി മാത്രം

സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ ദ്വീപെങ്കിലും റോഡ് മാര്‍ഗം ഇവിടേക്ക് എത്താനാവില്ല. ദ്വീപിലേക്ക് എത്താനുള്ള ഏക വഴി കടത്ത് അഥവാ ഫെറി ആണ്. നിരവധി ബോട്ടുകള്‍ ഈ വഴി സർവീസ് നടത്തുന്നുണ്ട്.
 

ജീവിക്കാന്‍ വേണ്ടതെല്ലാം

ഒരു നാട്ടില്‍ ജീവിക്കാന്‍ വേണ്ട സൗകര്യങ്ങളെല്ലാം മജൗലിക്ക് സ്വന്തമായുണ്ട്. ആശുപത്രികളും കടകളും എന്തിനധികം സ്കൂളുകളും കോളെജും വരെ ഈ ദ്വീപിനു സ്വന്തമായുണ്ട്. 248 ഗ്രാമങ്ങളാണ് ഈ ദ്വീപിലുള്ളത്.

2030 ആയാല്‍

ബ്രഹ്മപുത്ര നദിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ മണ്ണൊലിപ്പ് ഭീഷണിയാണ് ദ്വീപ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. അതിശക്തമായ ഒഴുക്ക്, വെള്ളപ്പൊക്കം, മണ്ണൊലിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ ദ്വീപിന്‍റെ വലുപ്പം ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 2030ഓടെ ദ്വീപ് പൂര്‍ണമായും മുങ്ങുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. 


വാർത്തകൾ

Sign up for Newslettertop