25
September 2020 - 7:44 pm IST

Download Our Mobile App

Flash News
Archives

World

Tiktok, Wechat, Donald Trump

ടിക് ടോക്കും വിചാറ്റും നിരോധിച്ച് ട്രംപ്

Published:07 August 2020

. 45 ദിവസത്തിനുള്ളിൽ ഉത്തരവ് പ്രാബല്യത്തിലാകും. രണ്ട് ആപ്പുകൾ നിരോധിച്ചുകൊണ്ടുള്ള രണ്ട് പ്രത്യേക എക്സിക്യൂട്ടിവ് ഉത്തരവുകളിലാണ് പ്രസിഡന്‍റ് ഒപ്പുവച്ചിരിക്കുന്നതെന്ന് അധികൃതർ. 

വാഷിങ്ടൺ: അമെരിക്കയിൽ ടിക് ടോക്കും വിചാറ്റും നിരോധിക്കുന്ന ഉത്തരവിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഏറെ ജനപ്രിയമായ ഈ ചൈനീസ് ആപ്പുകൾ ദേശീയ സുരക്ഷയ്ക്കും രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയ്ക്കും ഭീഷണിയാണെന്നാണ് ഉത്തരവിൽ പറയുന്നത്. 45 ദിവസത്തിനുള്ളിൽ ഉത്തരവ് പ്രാബല്യത്തിലാകും. രണ്ട് ആപ്പുകൾ നിരോധിച്ചുകൊണ്ടുള്ള രണ്ട് പ്രത്യേക എക്സിക്യൂട്ടിവ് ഉത്തരവുകളിലാണ് പ്രസിഡന്‍റ് ഒപ്പുവച്ചിരിക്കുന്നതെന്ന് അധികൃതർ. 

ടിക് ടോക്കും വിചാറ്റും അടക്കം ചൈനീസ് ആപ്പുകൾ നിരോധിച്ച ആദ്യ രാജ്യം ഇന്ത്യയാണ്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു ഇവയടക്കം 106 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. അതിനു പിന്നാലെ തന്നെ യുഎസും നിരോധനം ഏർപ്പെടുത്തുമെന്ന സൂചനകൾ ഉണ്ടായിരുന്നു. ചൈനീസ് ആപ്പുകൾ നിരോധിക്കണമെന്ന് യുഎസിലെ നിരവധി പാർലമെന്‍റ് അംഗങ്ങളും നേതാക്കളും ആവശ്യപ്പെട്ടുവരികയായിരുന്നു.

ഇതിനിടെ, ടിക് ടോക്കിന്‍റെ അമെരിക്കയിലെ പ്രവർത്തനം മൈക്രോസോഫ്റ്റ് ഏറ്റെടുക്കാൻ ചർച്ചകൾ തുടങ്ങുകയും ചെയ്തു. പ്രസിഡന്‍റിന്‍റെ അംഗീകാരത്തോടെയായിരുന്നു ഇത്. എന്നാൽ, മൈക്രോസോഫ്റ്റും ടിക് ടോക്കിന്‍റെ ഉടമകളായ ബൈറ്റ്ഡാൻസ് ലിമിറ്റഡും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുന്നുവെന്നാണു സൂചന. ആപ് നിരോധനം ബൈറ്റ്ഡാൻസിൽ വലിയ സമ്മർദം ചെലുത്തും.

അമെരിക്കയിലെ വ്യക്തികളുടെ വിവരങ്ങൾ ചൈനീസ് ആപ്പുകൾ ചോർത്തുന്നത് വലിയ സുരക്ഷാഭീഷണി ഉയർത്തുന്നുണ്ടെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. ടിക് ടോക് ശേഖരിക്കുന്ന വിവരങ്ങൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം. ഫെഡറൽ ജീവനക്കാരുടെയും കരാറുകാരുടെയും അടക്കം വിവരങ്ങൾ ശേഖരിക്കുന്നത് ബ്ലാക് മെയിലിങ്ങിനും കോർപ്പറേറ്റ് ചാരപ്പണിക്കും ഉപയോഗിക്കുന്നുവെന്നും യുഎസ് ആരോപിക്കുന്നു. അതേസമയം, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ചൈനയിലും ഹോങ്കോങ്ങിലും നടത്തുന്ന പ്രവർത്തനങ്ങളിൽ രാഷ്ട്രീയമായി സെൻസിറ്റീവായവ ടിക് ടോക് സെൻസർ ചെയ്യുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. 

ചൈനീസ് കമ്പനി ടെൻസെന്‍റ് ഹോൾഡിങ്സിന്‍റെ വിചാറ്റും ഉപയോക്താക്കളുടെ വിവരങ്ങൾ ഓട്ടോമാറ്റിക്കായി ശേഖരിക്കുന്നുണ്ട്. മെസേജിങ്, സോഷ്യൽ മീഡിയ, ഇലക്‌ട്രോണിക് പേയ്മെന്‍റ് ആപ്ലിക്കേഷനാണ് വിചാറ്റ്. ലോകവ്യാപകമായി 100 കോടിയിലേറെ ഉപയോക്താക്കളുണ്ട് ഇതിനെന്നാണ് അവകാശവാദം. അമെരിക്ക സന്ദർശിക്കുന്ന ചൈനക്കാരുടെ വിവരങ്ങൾ വിചാറ്റ് ശേഖരിക്കുന്നുണ്ട്. സ്വതന്ത്ര സമൂഹത്തിലേക്ക് എത്തപ്പെടുന്ന ചൈനീസ് പൗരൻമാരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇതുവഴി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കു കഴിയുമെന്ന് വിചാറ്റ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ടിക് ടോക്കിന്‍റേതുപോലെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിവരങ്ങളൊന്നും പുറത്തുപോകാതിരിക്കാൻ വിചാറ്റും ശ്രമിക്കുന്നുണ്ട്- ഉത്തരവിൽ പറയുന്നു


വാർത്തകൾ

Sign up for Newsletter



top