25
September 2020 - 7:40 pm IST

Download Our Mobile App

Flash News
Archives

Kerala

kerala-crash.jpg

മുന്നറിയിപ്പ് അവഗണിച്ച് വിളിച്ചു വരുത്തിയത് വൻ ദുരന്തത്തെ; റൺവേകൾ സുരക്ഷിതമോ ?

Published:08 August 2020

# ദീപു മറ്റപ്പള്ളി

കരിപ്പൂരില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണം സുരക്ഷാ കാരണങ്ങളാല്‍ കുറക്കണമെന്നും റണ്‍വേയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഡിജിസിഎ നേരത്തെ നിര്‍ദേശിച്ചിരുന്ന വിവരം പുറത്തുവന്നതോടെ ടേബിൾ ടോപ് റണ്‍വേകള്‍ നിലനിര്‍ത്തണോ എന്നതുസംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാകുകയാണ്.
കോഴിക്കോട്: മുന്നറിയിപ്പ് അവഗണിച്ചത് ദുരന്തം വിളിച്ചു വരുത്തി എന്ന ആക്ഷേപം ശക്തം. ഒരു പതിറ്റാണ്ട് മുമ്പ് നടന്ന മംഗളൂരു വിമാനദുരന്തത്തിന് ശേഷം ടേബിൾ ടോപ് റണ്‍വേകള്‍ ഉള്ള വിമാനത്താവളങ്ങളിലെ സുരക്ഷിതത്വം സംബന്ധിച്ച് വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ് അധികാരികള്‍ അവഗണിച്ചു. ഇത്തരം റണ്‍വേകളില്‍ വിമാനമിറക്കുന്നത് എല്ലാ കാലത്തും സുരക്ഷിതമാകില്ലെന്നായിരുന്നു അന്ന് വിദഗ്ധ സംഘം ചൂണ്ടിക്കാണിച്ചിരുന്നത്.
 
റണ്‍വേകളുടെ വ്യാപ്തിയും സൗകര്യവും വര്‍ധിപ്പിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വിമാനാപകടങ്ങള്‍ നടന്ന മംഗളൂരുവിലും കരിപ്പൂരിലും ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് രണ്ടിടങ്ങളിലെയും ടേബിള്‍ ടോപ് റണ്‍വേകളുടെ ഘടനകളാണ്. കരിപ്പൂരില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണം സുരക്ഷാ കാരണങ്ങളാല്‍ കുറക്കണമെന്നും റണ്‍വേയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഡിജിസിഎ നേരത്തെ നിര്‍ദേശിച്ചിരുന്ന വിവരം പുറത്തുവന്നതോടെ ടേബിൾ ടോപ് റണ്‍വേകള്‍ നിലനിര്‍ത്തണോ എന്നതുസംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാകുകയാണ്.
 
കനത്ത മഴകാരണം പൈലറ്റിനു റണ്‍വേ കാണാന്‍ കഴിയാതിരുന്നതാണ് കരിപ്പൂരില്‍ വിമാനം അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞത്. ദുരന്തസമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. വീണ്ടും ടേക്ക് ഓഫ് ചെയ്യാനുള്ള പൈലറ്റിന്‍റെ ശ്രമം പരാജയപ്പെട്ടതോടെ വിമാനം റണ്‍വേയില്‍നിന്നു താഴേക്കു വീഴുകയാണുണ്ടായത്. ടേബിള്‍ ടോപ്പ് റണ്‍വേ ആയതിനാലാണ് വിമാനം നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായത്.
 
വന്ദേഭാരത് രക്ഷാദൗത്യത്തിന്‍റെ ഭാഗമായി ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യയുടെ വിമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ടത്. സംഭവത്തില്‍ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥേ അടക്കം 18 പേരാണ് മരിച്ചത്. കൊണ്ടോട്ടികുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്‍റെ ഭാഗത്തേക്ക് 35 അടി താഴ്ചയിലേക്കാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം വീണത്. കണ്ണൂര്‍ വിമാനത്താവളത്തിലും ടേബിള്‍ ടോപ്പ് റണ്‍വേയാണ് ഉള്ളത്.
 
എന്നാല്‍ കണ്ണൂരിലെ റണ്‍വേയുടെ നീളം കരിപ്പൂര്‍ മംഗളൂരു വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദൈര്‍ഘ്യമേറിയതാണ്. ഇത് കണ്ണൂര്‍ വിമാനത്താവളത്തില്‍ അപകട സാധ്യത കുറയാന്‍ കാരണമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കണ്ണൂരിലെ റണ്‍വേ മാതൃകയില്‍ മംഗളൂരുവിലെ കരിപ്പൂരിലും ദൈര്‍ഘ്യം കൂട്ടി സുരക്ഷ ഉറപ്പുവരുത്തണമെന്നും നിലവിലുള്ള റണ്‍വേകള്‍ ഇനിയും അപകടസാഹചര്യമുണ്ടാക്കുമെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടി വേണമെന്നുമുള്ള ആവശ്യം ശക്തമാണ്. ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ അവഗണിച്ചാല്‍ ഇനിയും ഇത്തരത്തിലുള്ള അപകടങ്ങള്‍ സാക്ഷിയാകേണ്ടിവരുമെന്ന സൂചനയും നല്‍കുന്നുണ്ട്.

വാർത്തകൾ

Sign up for Newsletter



top