25
September 2020 - 6:22 pm IST

Download Our Mobile App

Flash News
Archives

Mollywood

Raghunath Paleri, Special Story, Exclusive Interview

പാല്‍ നിലാവ് പോലെ,​ രഘുനാഥ് പലേരി

Published:09 August 2020

# പി.ജി.എസ്. സൂരജ്

മലയാള സിനിമയുടെ തുടര്‍ പ്രയാണങ്ങളില്‍ വഴിത്തിരിവുകകളായ തിരക്കഥകള്‍. കുട്ടിച്ചാത്തനിലൂടെ നമ്മേ അദ്ഭ്തപ്പെടുത്തിയ പലേരി പൊന്മുട്ടയിടുന്ന താറാവിലൂടെ ഒരുപാട് ചിരിപ്പിച്ചു. വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് പാലേരിയുടെ സിനിമാ ജീവിതം

മുല്ലപ്പൂ വിരിയുന്ന ചിരിയുമായി മാത്രമേ രഘുനാഥ് പലേരിയെ കാണാന്‍ കഴിയൂ. ആ ചിരിയില്‍ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങള്‍ എത്രയോ വട്ടം മലയാളി കണ്ടിട്ടുണ്ട്. തന്‍റെ ജീവിതക്കാഴ്ചകളുടെ സരസമായ അനുഭവങ്ങള്‍ തിരക്കഥയിലൂടെ പലേരി പലവട്ടം നമുക്ക് പകുത്ത് നല്കിയിട്ടുണ്ട്. മലയാള സിനിമയുടെ തുടര്‍ പ്രയാണങ്ങളില്‍ വഴിത്തിരിവുകകളായ തിരക്കഥകള്‍. കുട്ടിച്ചാത്തനിലൂടെ നമ്മേ അദ്ഭ്തപ്പെടുത്തിയ പലേരി പൊന്മുട്ടയിടുന്ന താറാവിലൂടെ ഒരുപാട് ചിരിപ്പിച്ചു. വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് പാലേരിയുടെ സിനിമാ ജീവിതം. മേലേപ്പറമ്പിലെ ആണ്‍ വീടും മഴവില്‍ക്കാവടിയും എഴുതിയ അതേ പലേരി തന്നെയാണ് പിറവിയും വാനപ്രസ്ഥവും രചിച്ചത്. തൊട്ടപ്പനിലെ അദ്രുമാനിലൂടെ അഭിനേതാവിന്‍റെ വേഷത്തിലും തിളങ്ങിനില്‍ക്കുന്ന പലേരി മെട്രൊ വാർത്തയോട് സംസാരിച്ചപ്പോൾ.

? പുതിയ സിനിമകളില്‍ താങ്കളെ കാണാത്തത് എന്തുകൊണ്ട്

* ഒരിക്കൽ ഓടിത്തുടങ്ങിയാൽ അപ്പോൾ ഉള്ളവരല്ലെ ഒപ്പം ഓടാൻ ഉണ്ടാവുക. ഓടിയെത്തുന്ന ഇടങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നവർ നമ്മുടെ കൂടെ ചേർന്നെന്ന് വരും. അങ്ങിനെ വലിയൊരു കൂട്ടം ഇപ്പോഴും ഒപ്പം ഓടുന്നുണ്ട്.

? പുതിയ തലമുറയെ വിലയിരുത്തുന്നത്

* പുതിയ തലമുറയില്‍ എല്ലാവരും ഒന്നിനൊന്നു മികച്ചു നില്ക്കുന്നവരാണ്. ദിലീഷ് പോത്തന്‍റെയും വിനീത് ശ്രീനിവാസന്‍റെയും സിനിമകള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സമീപകാലത്ത് കണ്ട നല്ല സിനിമകളാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിന്‍റെ പ്രതികാരവും. ആഷിക് അബു, അന്‍വര്‍ റഷീദ്, ലിജോ ജോസ് പല്ലിശ്ശേരി തുടങ്ങിയവരുടെ സിനിമകളെല്ലാം തന്നെ എനിക്ക് ഇഷ്ടമാണ്.

? കോടികള്‍ മുടക്കുമുതലുള്ള സിനിമകള്‍ മലയാളത്തില്‍ വരേണ്ട സമയം ആയിട്ടുണ്ടോ

* രാജ്യത്തിന്‍റെ അതിർത്തികൾക്കപ്പുറം കമ്മ്യൂണിക്കേറ്റു ചെയ്യാന്‍ കഴിവുള്ള സിനിമകള്‍ക്ക് വേണ്ടി കാശ് ചെലവാക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ല. ഓരോ സംവിധായകരുടെയും നിർമാതാക്കളുടെയും സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ അനുസരിച്ചിരിക്കും അത്. പിറവി രാജ്യാന്തര തലത്തിൽ തന്നെ മികച്ച അഭിപ്രായങ്ങള്‍ നേടിയ ചിത്രമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് കാണാതായ മനുഷ്യരുടെ കഥയായിട്ടാണ് ഇന്ത്യക്ക് പുറത്തുള്ള പ്രേക്ഷകര്‍ പിറവിയെ ഉൾക്കൊണ്ടത്. ലോകത്തെവിടെയുമുള്ള ആസ്വാദകര്‍ക്ക് അവരുടെ ജീവിതവുമായി ബന്ധപ്പെടുത്തുവാന്‍ കഴിയുന്ന ആശയം നമ്മുടെ സിനിമകളില്‍ ഉണ്ടെങ്കില്‍ കോടികള്‍ മുടക്കി അത് പൂര്‍ണതയിലെത്തിക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല.

? താങ്കളുടെ നിരവധി സിനിമകളിലെ നായകനായിരുന്നല്ലോ മോഹൻലാൽ 

* മോഹൻലാലിന്‍റെ നടന വൈഭവത്തെ അടുത്തുനിന്ന് മതിയാവോളം കണ്ടിട്ടുള്ള ആളാണ് ഞാൻ. ഒരുപോലെ തോന്നിക്കുന്ന ഒരു ലാല്‍ കഥാപാത്രവും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്ന ഒരു വള്ളിച്ചെടിയാണ് അദ്ദേഹം. വാനപ്രസ്ഥത്തിലൊക്കെ ലാൽ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വാനപ്രസ്ഥത്തിൽ അമ്മയെ ചേർത്തുപിടിച്ച് "എന്‍റെ അമ്മയെ ഞാൻ പ്രാണനെക്കാളേറെ സ്നേഹിക്കുന്നു' എന്നു പറയുന്ന ഒരു ഡയലോഗുണ്ട്. ഞാൻ പ്രതീക്ഷിച്ചതിലും എത്രയോ മുകളിൽ നിന്നാണ് ലാൽ ആ സീനിൽ അഭിനയിച്ചിരിക്കുന്നത്.

? അൻവർ റഷീദും താങ്കളുമായി ഒന്നിക്കുന്ന സിനിമയയെക്കുറിച്ചു കേട്ടിരുന്നല്ലോ

* അൻവർ റഷീദുമായി ഒന്നിച്ചു ഒരു സിനിമ ചെയ്യാൻ പ്ലാനുണ്ടായിരുന്നു. കഥ ചര്‍ച്ച ചെയ്തതുമാണ്. എന്നാൽ നിർമാതാവായ സിയാദ് കോക്കറിന് വളരെ പെട്ടെന്ന് സിനിമ ചെയ്യണമായിരുന്നു. നിർമാതാവിന്‍റെ ഡേറ്റിനനുസരിച്ച് പെട്ടെന്ന് തിരക്കഥ പൂർത്തിയാക്കാൻ എനിക്ക് കഴിയാത്തതുകൊണ്ടാണ് ആ പ്രൊജക്റ്റ് നടക്കാതെപോയത്. നർമത്തിന്‌ പ്രാധാന്യമുള്ള ആ കഥയിൽ ഫഹദ് ഫാസിലായിരുന്നു നായകൻ. എന്നാല്‍ അതിനും മുൻപേ തന്നെ അൻവർ ഫഹദിനെ കേന്ദ്ര കഥാപാത്രമാക്കി ട്രാൻസ് പ്ലാൻ ചെയ്തിരുന്നു.

? പുതിയ സിനിമകള്‍

* മഞ്ജു വാര്യര്‍ നായികയായ ലളിതം സുന്ദരം. അഭിനയമാണ്. മൂന്ന് വികൃതിക്കുട്ടികളുടെ അച്ഛനായിട്ടാണ് വേഷം. കൊറോണ വന്നതുകൊണ്ട് മക്കളെല്ലാം ഇപ്പോൾ അവരവരുടെ വീട്ടിലാണ്. കൊറോണ കഴിഞ്ഞു വേണം മക്കളെ വീണ്ടും കാണാൻ.

? സമാന്തര,​ വാണിജ്യ സിനിമകൾ എന്ന ഭേദമില്ലാതെ എല്ലാത്തരം സിനിമകള്‍ക്ക് വേണ്ടിയും താങ്കള്‍ തിരക്കഥ എഴുതിയിട്ടുണ്ടല്ലോ

* അതൊരു സന്തോഷമുള്ള കാര്യമല്ലേ. സൃഷ്ടി ഒരാനന്ദമാണ്. ഒരേ രുപമുള്ള ഒന്നുപോലും പ്രകൃതിയിൽ ഇല്ല. ഒരേ വേഷത്തിലുള്ളതും ഇല്ലെന്നു പറയാം. സൃഷ്ടി ഉത്സവംപോലെയാണ് എനിക്ക്. അവിടം പല മേളങ്ങളും പൂത്തിരികളും ഉണ്ടാവണം. മനസ്സൊരു ഉത്സവപ്പറമ്പാണ്.

ഷാജി എൻ. കാരുണിനും സത്യൻ അന്തിക്കാടിനും സിബിമലയിലിനും വേണ്ടിയെല്ലാം ഞാൻ തിരക്കഥകൾ എഴുതിയിട്ടുണ്ട്. സത്യൻ അന്തിക്കാടിനോടൊപ്പം കുറെ നല്ല സിനിമകൾ ചെയ്യാനുള്ള ഭാഗ്യമുണ്ടായി. ഒരു നർമം പറഞ്ഞാൽ അത് അതിന്‍റെ പൂർണമായ അർഥത്തിൽ മനസ്സിലാക്കുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. സത്യന്‍റെ സിനിമകൾ കാണുമ്പോൾ പ്രേക്ഷകന് യാതൊരു ദുർഗ്രാഹ്യതയും ഉണ്ടാകാറില്ല. പൊന്മുട്ടയിടുന്ന താറാവിലെ കഥ ചെറുപ്പകാലം മുതൽ എന്‍റെ മനസ്സിലുണ്ടായിരുന്ന ഒന്നായിരുന്നു.

? താങ്കളുടെ തിരക്കഥകൾക്ക് ഏറ്റവും മികച്ച രീതിയിൽ ചലച്ചിത്ര ഭാഷ്യം നൽകിയ സംവിധായകർ ആരെല്ലാമാണ്

* ആ ചോദ്യത്തിന് ഉത്തരം പറയുക വളരെ പ്രയാസം. എന്‍റെ തിരക്കഥകൾ സിനിമയാക്കിയിട്ടുള്ള എല്ലാ സംവിധായകരും പ്രതിഭാധനന്മാരല്ലേ? പല സിനിമകളിലും എന്‍റെ എഴുത്തില്‍ നിന്നും എത്രയോ മുകളിൽ നിൽക്കുന്ന സംവിധാന മികവ് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.

പിന്‍ഗാമിപോലുള്ള സത്യന്‍ അന്തിക്കാടിന്‍റെ തികച്ചും വ്യത്യസ്തമായ സിനിമകള്‍ക്ക്‌ വേണ്ടിയും തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. സിബിമലയിലിനു വേണ്ടി എഴുതിയ സിന്ദൂരരേഖയും ദേവദൂതനും വ്യത്യസ്തമായ സിനിമകള്‍ ആയിരുന്നല്ലോ. ഫാന്‍റസിയിൽ പൊതിഞ്ഞ,​ സംഗീത പ്രാധാന്യമുള്ള ദേവദൂതന്‍ തീയേറ്ററില്‍ തകര്‍ന്നടിഞ്ഞു. പില്‍ക്കാലത്ത് സിനിമ നന്നായിരുന്നു എന്ന് പരക്കെ അഭിപ്രായം നേടി. ഇന്ന് നല്ല സിനിമയാണെന്ന് പറയുന്നവരെല്ലാം അന്ന് തീയേറ്ററില്‍ പോയി കണ്ടിരുന്നെകില്‍ ദേവദൂതന്‍ വിജയമായേനെ.

സിനിമകള്‍ പരാജയപെട്ടതിനു ശേഷം അതിന്‍റെ കാരണം തിരക്കിപ്പോകാറില്ല. പൊന്മുട്ടയിടുന്ന താറാവും മഴവിൽകാവടിയുമൊക്കെ ഇത്രയും വലിയ ഹിറ്റാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോമഡിയൊക്കെ ആളുകള്‍ക്ക് മനസിലാകണേ എന്നായിരുന്നു പ്രാര്‍ഥന. ഏറ്റവുമധികം ചിരിക്കുമെന്നു വിചാരിച്ച ഭാഗങ്ങളില്‍ മിണ്ടാതിരിക്കുന്നതും അല്‍പ്പംപോലും കോമഡി പ്രതീക്ഷിക്കാത്ത ഭാഗങ്ങളില്‍ പ്രേക്ഷകർ പൊട്ടിച്ചിരിക്കുന്നതും കണ്ടിട്ടുണ്ട്. ജനങ്ങളുടെ മനഃശാസ്ത്രം പഠിക്കുകയെന്നത് പ്രയാസകരമാണ്.

? ഇന്ത്യൻ സിനിമയ്ക്ക് മലയാള സിനിമ സമ്മാനിച്ച വിസമയമാണ് താങ്കളുടെ തിരക്കഥയില്‍ പിറന്ന മൈഡിയർ കുട്ടിച്ചാത്തൻ. ആ ഓർമകൾ

* കുട്ടിച്ചാത്തന്‍റെ തിരക്കഥയെക്കുറിച്ചു ആലോചിക്കുന്നതിനു മുൻപേ എനിക്ക് നവോദയ സ്റ്റുഡിയോയുമായി ബന്ധമുണ്ട്. സിബി മലയിലിനു വേണ്ടി ഒരു തിരക്കഥ എഴുതാനായിട്ടാണ് അവരെന്നെ ആദ്യം സമീപിക്കുന്നത്. ആ സിനിമയുടെ ചർച്ചാവേളകളിൽ ഒരു ത്രീഡി സിനിമയുടെ ആശയത്തെക്കുറിച്ചു ജിജോ എന്നോട് പറഞ്ഞു. നവോദയയുടെ ബിഗ് ബജറ്റ് സിനിമയായ പടയോട്ടം നിർമിച്ചതിന് ശേഷം ഒരു ത്രീഡി ചിത്രത്തിന് വേണ്ട മുന്നൊരുക്കങ്ങൾ നടക്കുന്ന സമയമായിരുന്നു അത്.

നൂതനമായ സിനിമാ സങ്കേതങ്ങളും അത്യാധുനിക സാങ്കേതിക വിദ്യകളും മലയാള സിനിമയിലേക്ക് കൊണ്ടുവരുന്നതിൽ ജിജോയ്ക്ക് പ്രത്യേക താല്പര്യമായിരുന്നു. ജിജോ ജനിച്ചു വീണത് തന്നെ ആരിഫ്ലെക്‌സ്‌ ക്യാമറയിലാണെന്നു ഞാൻ ജിജോയെ കാണുമ്പോൾ തമാശയ്ക്കു പറയാറുണ്ട്. നവോദയ അപ്പച്ചന്‍റെ മകനായി ജനിച്ച ജിജോയ്ക്ക് സിനിമയുമായി അഭേദ്യമായ ബന്ധമുണ്ട്. ബാലതാരമായി ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആളാണ് ജിജോ. സവിധായകനായില്ലെങ്കിൽ ചിലപ്പോൾ ജിജോ നല്ലൊരു നടനായേനെ.

പഠിക്കാൻ മിടുക്കനായിരുന്ന ജിജോ സയൻസ് വിഷയങ്ങളോട് പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഉദയ രണ്ടായി പിരിഞ്ഞ് അപ്പച്ചൻ നവോദയ സ്റ്റുഡിയോ തുടങ്ങിയപ്പോൾ മുതൽ മലയാളികൾ അതുവരെ കാണാത്ത വേറിട്ട സാങ്കേതികവിദ്യയിൽ ചിത്രീകരിക്കുന്ന സിനിമകളെക്കുറിച്ചു ജിജോ ആലോചിച്ചിരുന്നു. അങ്ങനെയാണ് ആദ്യ സിനിമാസ്കോപ്പ് ചിത്രവും (തച്ചോളി അമ്പു) ആദ്യ 70 എംഎം ചിത്രവും (പടയോട്ടം) മലയാളത്തിൽ പിറന്നത്.

ജിജോയുടെ എല്ലാ പുതിയ ചിന്തകളെയും സ്നേഹത്തോടെ പ്രോത്സാഹിപ്പിച്ച ആളായിരുന്നു അപ്പച്ചൻ. മലയാളത്തിലെ മികച്ച സിനിമാ സംസ്കാരത്തിന് തുടക്കംകുറിച്ച പ്രസ്ഥാനമായിരുന്നു നവോദയ എന്ന് നിസംശയം പറയാൻ കഴിയും. ആദ്യത്തെ സിനിമാസ്‌കോപ് ചിത്രം വന്നപ്പോൾ നവോദയ തന്നെ മുൻകൈയെടുത്താണ് കേരളത്തിലെ മിക്ക തിയേറ്ററുകളിലും സിനിമാസ്കോപ് ലെൻസ് വാങ്ങിക്കൊടുത്ത് പ്രൊജക്​ഷന് വേണ്ട സഹായങ്ങൾ ചെയ്തത്.

അതുവരെ 35 എംഎം ഫിലിം ഫോർമാറ്റ് കണ്ടു ശീലിച്ച പ്രേക്ഷകരുടെ മുന്നിലേക്ക് കാഴ്ചയുടെ പുതിയ അനുഭവം സമ്മാനിച്ചതിന്‍റെ പിന്നിൽ നവോദയ സ്റ്റുഡിയോയുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. വീണ്ടും സിനിമാസ്കോപ് ചിത്രങ്ങളും 70 എംഎം ചിത്രങ്ങളും ധാരാളമായി വന്നപ്പോൾ തീയേറ്ററുകൾ നവീകരിക്കാൻ ഉടമകൾ നിർബന്ധിതരായി. നവോദയ ത്രീഡിയെക്കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോൾ ലോകത്തു തന്നെ വളരെ കുറച്ചു ത്രീഡി ചിത്രങ്ങളേ പുറത്തിറങ്ങിയിരുന്നുള്ളൂ.

ചിത്രത്തിനുവേണ്ടി പല കഥകളും ആലോചിച്ചെങ്കിലും ഒന്നും ശരിയായില്ല. പിന്നീടാണ് കുട്ടിച്ചാത്തൻ എന്ന നമ്മുടെ നാട്ടിലെ ഐതിഹ്യത്തിലേക്ക് ജിജോ എത്തുന്നത്. രണ്ടു വർഷക്കാലം ജിജോ കുട്ടിച്ചാത്തന്‍റെ പിറകേ തന്നെയായിരുന്നു. എന്നാൽ രണ്ടുമൂന്നു വർഷം കഴിഞ്ഞതിനു ശേഷവും ചിത്രത്തിന്‍റെ കഥ കൃത്യമായി തിരക്കഥയാക്കാൻ കഴിയാതെ വന്നപ്പോഴാണ് എന്നെ ജിജോ സമീപിച്ചത്. ഞാന്‍ ഏറ്റവും സമയമെടുത്ത്‌ എഴുതിയ സ്ക്രിപ്റ്റാണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍.

? ടെക്നോളജി വളരെയധികം മുന്നോട്ടുപോയ ഇക്കാലത്ത് മൈഡിയര്‍ കുട്ടിച്ചാത്തന്‍റെ പ്രസക്തി എത്രത്തോളം

* ഞാന്‍ കണ്ടിട്ടുള്ള ഒരു ത്രീഡി സിനിമയിലും മൈഡിയര്‍ കുട്ടിച്ചാത്തന്‍റെ ദൃശ്യ,​ശ്രാവ്യ അനുഭവം ലഭിച്ചിട്ടില്ല എന്നതാണ് സത്യം. സില്‍ക്കിഷ് ടോണിലുള്ള വിഷ്വല്‍സ് ഉണ്ടാക്കി മനോഹരമായി ചായാഗ്രഹണം നിര്‍വഹിച്ചത് അശോക്‌ കുമാറാണ്. ജിജോയും സഹോദരനായ ജോസ് പുന്നൂസും അപ്പച്ചനും വിദേശത്തുപോയി ത്രീഡി ടെക്നോളജിയെക്കുറിച്ച് വിശദമായി പഠിച്ചതിനു ശേഷമാണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍റെ നിര്‍മാണത്തിലേക്ക് കടന്നത്‌.

കുട്ടിച്ചാത്തൻ ഇന്ത്യന്‍ സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്. ഡിജിറ്റൽ വിപ്ലവം ആരംഭിക്കുന്നതിനും എത്രയോ മുൻപാണ് അത്തരം ഒരു വിപ്ലവം ക്യാമറയ്ക്ക് മുന്നിൽ യാതൊരു സാങ്കേതിക സഹായവുമില്ലാതെ ഒരു കൂട്ടം അത്ഭുത പ്രതിഭകൾ നിവർത്തിച്ചത്. അതാണ് കുട്ടിച്ചാത്തന്‍റെ പ്രസക്തിയും.

? ആദ്യമായി സംവിധാനം ചെയ്ത ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തെക്കുറിച്ച്

* ആകാശത്തേക്കൊരു ജാലകം എന്നപേരിലെഴുതിയ നോവലൈറ്റാണു പിന്നീടു ഒന്നുമുതല്‍ പൂജ്യം വരെ എന്ന പേരില്‍ സിനിമയായത്. കുട്ടിച്ചാത്തന്‍റെ ചിത്രീകരണ സമയത്ത് മനോരമ വാര്‍ഷിക പതിപ്പിന് വേണ്ടി എഡിറ്റർ മണർകാട് മാത്യുവാണ് ഒരു നോവലൈറ്റ് ആവശ്യപ്പെട്ടത്. ചിത്രീകരണ സമയമായതുകൊണ്ട് പിന്നെയാവാം എന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. അദ്ദേഹത്തിന്‍റെ നിർബന്ധമാണ് ആ നോവലൈറ്റിന് കാരണം. കുട്ടിച്ചാത്തന്‍റെ ചിത്രീകരണം നടക്കുന്ന സമയത്താണ് അടുത്ത ചിത്രം സംവിധാനം ചെയ്യാൻ ജിജോ എന്നോട് ആവശ്യപ്പെടുന്നത്. ഒന്നുമുതല്‍ പൂജ്യംവരെ എന്ന സിനിമയിലേക്കെത്തുമ്പോള്‍ ആകാശത്തേക്കൊരു ജാലകം എന്ന കഥ ഒരുപാട് മാറ്റങ്ങൾക്കു വിധേയമായിരുന്നു.

? ഒന്നുമുതല്‍ പൂജ്യം വരെയിലേക്ക് ഷാജി എന്‍.കരുൺ എങ്ങനെയെത്തി

* ഷാജി എന്‍. കരുണിനെ ആദ്യമായി കാണുന്നത് മോഹന്‍ലാല്‍ ചിത്രമായ നേരം പുലരുമ്പോൾ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചാണ്. ഷാജിയുടെ സിനിമാറ്റോഗ്രഫി എനിക്ക് വളരെ ഇഷ്ടമായിരുന്നു. ആന്നത്തെ പ്രഗല്‍ഭരായ സംവിധായകരോടൊപ്പമായിരുന്നു ഷാജി ജോലി ചെയ്തിരുന്നത്. എന്നെപ്പോലെ ഒരു തുടക്കക്കാരന്‍റെ ചിത്രത്തില്‍ ഷാജി വര്‍ക്ക് ചെയ്യുമോ എന്ന് സംശയമായിരുന്നു.

കഥ പറഞ്ഞപ്പോള്‍ ഷാജിക്ക് ഒരുപാട് ഇഷ്ടമായി. ഷാജി ചെയ്ത ഏറ്റവും നല്ല ക്യാമറാവര്‍ക്കാണ് ഒന്നുമുതല്‍ പൂജ്യംവരെ. ഷാജിയെപ്പോലെ തിരക്കുള്ള ഒരു ക്യാമറാമാൻ നവാഗത സംവിധായാകനോടൊത്തു സിനിമ ചെയ്യുമെന്ന് ജിജോ വിശ്വസിച്ചിരുന്നില്ല. ഷൂട്ടിങ് ഡേറ്റ് ഫിക്സ് ചെയ്യുന്നതിന് മുൻപ് ജിജോ എന്നോട് പറഞ്ഞത് ഷാജി വരുമെന്ന് ഉറപ്പിച്ചിട്ടു പോരേ മറ്റ് കാര്യങ്ങൾ എന്നാണ്. ഷാജി അതുവരെ ചെയ്ത സംവിധായകരിൽ നിന്നെല്ലാം വ്യത്യസ്തമായ മേക്കിങ് സ്റ്റൈലായിരുന്നു ഞാൻ ഫോളോ ചെയ്തത്. അത് പൂർണതയിലെത്തിക്കാൻ ഷാജി കഠിനാധ്വാനം ചെയ്തിട്ടുണ്ട്.

? ആരുടെയും സംവിധാന സഹായിയാകാതെ ഇത്രയും മികച്ചൊരു ചിത്രം ചെയ്യാൻ കഴിഞ്ഞതിനു പിന്നിൽ

* 1978 മുതൽ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് സിനിമയിലുണ്ട്. അസിസ്റ്റന്‍റായി വർക്ക്‌ ചെയ്തിട്ടില്ലെങ്കിലും അകലെ നിന്ന് സിനിമയുടെ സാങ്കേതികമായ ടെക്നിക്കുകൾ പഠിക്കാൻ നിരവധി അവസരങ്ങൾ കിട്ടിയിട്ടുണ്ട്. ഞാൻ ആദ്യമായി തിരക്കഥയെഴുതിയ ചാരം എന്ന ചിത്രത്തിന്‍റെ ക്യാമറാമാനായ ഹേമചന്ദ്രന്‍റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരുപാട് പ്രയോജനം ചെയ്തു. മൈഡിയർ കുട്ടിച്ചാത്തനിൽ പ്രവർത്തിച്ച അനുഭവമാണ് ടെക്നിക്കൽ സൈഡിൽ എന്നെ കൂടുതൽ കരുത്തനാക്കിയത്. പിന്നെ സംവിധാനം എന്നൊക്കെ പറയുന്നത് നമ്മൾ സ്വയം ഉണ്ടാക്കിയെടുക്കുന്ന കഴിവല്ലേ. നമുക്കുള്ള എക്സിക്യൂഷൻ പവറാണ് സംവിധാനത്തിലൂടെ തെളിയിക്കുന്നത്.

? ഗീതു മോഹൻദാസിലേക്ക് എത്തിയത്

* കേന്ദ്ര കഥാപാത്രമായ ദീപമോൾക്ക് വേണ്ടി ഞങ്ങൾ ഒരുപാടു പേരെ അന്വേഷിച്ചിരുന്നു. ആ സമയത്താണ് സംവിധായകൻ ടി.കെ. രാജീവ് കുമാർ തന്‍റെ സുഹൃത്ത് മോഹൻദാസിന് ഒരു മകളുണ്ടെന്നു പറയുന്നത്. അങ്ങനെയാണ് ഞങ്ങൾ കുട്ടിയായ ഗീതു മോഹൻദാസിനെ കാണുന്നത്. മോഹൻദാസും ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗീതുവിന്‍റെ കൂടെ കുറേസമയം ചെലവഴിച്ചപ്പോൾ അവൾ തന്നെയാണ് ദീപമോൾ എന്ന് ഞാൻ ഉറപ്പിച്ചു. അവളുടെ ഒബ്‌സർവേഷൻ എന്നെ അത്ഭുതപ്പെടുത്തി. ഷൂട്ടിങ്ങിനു മുൻപ് ഞങ്ങൾ മിക്ക ദിവസവും ഒന്നിച്ച് രണ്ടു മൂന്നു മണിക്കൂർ ചെലവഴിച്ച് അഭിനയിക്കാനുള്ള അവളുടെ ചമ്മൽ മാറ്റിയെടുത്തു. ഒന്നും പഠിപ്പിച്ചുകൊടുക്കേണ്ട ആവശ്യമില്ലായിരുന്നു എന്ന് പറയാം. പ്രായപൂർത്തിയായ ആളിനോട് പറയുന്ന രീതിയിൽ തന്നെ നമുക്ക് അവളോട് കാര്യങ്ങൾ പറയാം. ഒരിക്കൽ ഒരു പൊസിഷൻ മാർക്ക് ചെയ്തു കാണിച്ചുകൊടുത്താൽ വളരെ കൃത്യമായിത്തന്നെ ഗീതു പെർഫോം ചെയ്യും.

ഗീതു ഇന്നൊരു ഡയറക്റ്ററായെങ്കിൽ അത്ഭുതമില്ല. ഫോണിൽ ഒന്ന് രണ്ടു തവണ സംസാരിച്ചു എന്നതൊഴിച്ചാൽ അതിനു ശേഷം ഇതുവരെയും ഗീതുവിനെ കണ്ടിട്ടില്ല. എനിക്ക് അതിയായ ആഗ്രഹമുണ്ട്,​ ഗീതുവിനെ ഒന്ന് കാണണമെന്ന്. ഫോണിൽ സംസാരിച്ചപ്പോൾ ഞാനെന്താ വിളിക്കേണ്ടതെന്നു ഗീതു ചോദിച്ചു. മുത്തച്ഛനെന്നു വിളിച്ചോളാൻ ഞാൻ പറഞ്ഞു. എന്‍റെ കുഞ്ഞു മോളല്ലേ അവൾ.

? പിന്നീട് എന്തുകൊണ്ടാണ് കൂടുതലായി സംവിധാനത്തിൽ ശ്രദ്ധിക്കാതിരുന്നത്

* ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിന് ശേഷം ഒരുപാട് സിനിമകൾ പ്ലാൻ ചെയ്തിരുന്നു. എന്നാൽ മറ്റു കാരണങ്ങൾകൊണ്ട് പല പ്രോജെക്റ്റുകളും നടക്കാതെ പോയി. രണ്ടാമതൊരു സിനിമ എടുക്കണമെന്ന് അന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല.

? അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നല്ലോ താങ്കൾ തിരക്കഥ എഴുതിയ പിറവി

* ഒന്നുമുതൽ പൂജ്യംവരെയുടെ ചിത്രീകരണ സമയത്താണ് ഷാജി എൻ. കരുൺ പിറവി എന്ന ചിത്രത്തെക്കുറിച്ചു പറയുന്നത്. ഷാജി ആഗ്രഹിച്ച തിരക്കഥ എഴുതിക്കൊടുക്കുക എന്നതായിരുന്നു എന്‍റെ ധർമം. ഷാജി വളരെ മികച്ച രീതിയിൽ തന്നെയാണ് പിറവി ചിത്രീകരിച്ചത്. കേരളം അന്നുവരെ കണ്ടിട്ടില്ലാത്തത്ര പുരസ്ക്കാരങ്ങളും പ്രശംസകളും നേടിയ ചിത്രമായി പിറവി. ഒന്നുമുതൽ പൂജ്യംവരെ എന്ന ചിത്രത്തിന് ഷാജി ക്യാമറയിലൂടെ നൽകിയ ഒരഭൗമമായ പരിവേഷമുണ്ട്. അതിനു ഞാൻ നൽകിയ ദക്ഷിണയാണ് പിറവിക്കു വേണ്ടി എഴുതിയ തിരക്കഥ. എഴുതുമ്പോൾ തന്നെ ആ കഥയുടെ രാഷ്​ട്രീയ പശ്ചാത്തലത്തെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്നു. ഈച്ചരവാര്യരുടെയും രാജന്‍റെയും കഥ എല്ലാ മലയാളികളെയും പോലെ എന്നെയും വൈകാരികമായി വേട്ടയാടിയിരുന്നു. അതിനു പിന്നിലെ രാഷ്​ട്രീയം മാറ്റിവച്ച്,​ മകനെത്തേടിയുള്ള വൃദ്ധനായ അച്ഛന്‍റെ അന്വേഷണമാണ് ചിത്രം പറയുന്നത്. രാഷ്​ട്രീയം പ്രത്യക്ഷത്തിൽ പറയാതെ തന്നെ അക്കാലത്തെ രാഷ്​ട്രീയം ശക്തമായി സംസാരിക്കുന്ന സിനിമയായി പിറവി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.

? താങ്കളുടെ മൂന്നാമത്തെ സംരംഭമായ കണ്ണീരിനു മധുരം റിലീസ് ആയിട്ടില്ലല്ലോ

* ഇന്ദ്രജിത്, ഭാമ, നെടുമുടി വേണു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നിർമാതാവിനുണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ഇതുവരെ റിലീസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി എഴുതിയ ചെറുകഥയാണ് ചിത്രത്തിന്‍റെ പ്രമേയം. ഈ സിനിമയുടെ ജോലികളില്‍ മുഴുകിയതുകൊണ്ടാണ് 2010 നു ശേഷം അധികം തിരക്കഥകള്‍ എഴുതാതിരുന്നത്. നിർമാതാവാണ് സിനിമയുടെ നട്ടെല്ല്. നിർമാതാവ് തളരുമ്പോൾ സിനിമയും തളരും.

? സിനിമയ്ക്ക് സാമൂഹിക പ്രതിബദ്ധത എത്രമാത്രം ആകാം

* സിനിമയിൽ സാമൂഹിക പ്രതിബദ്ധത കുത്തിനിറയ്‌ക്കണമെന്ന അഭിപ്രായമൊന്നും എനിക്കില്ല. എല്ലാ വിഷയങ്ങളിലും എന്തെങ്കിലും മെസേജ് ഉണ്ടാകും. സിനിമ ആസ്വദിക്കുന്ന സമയത്തു നമ്മളറിയാതെ മനസ്സിനെ സ്വാധീനിക്കുന്ന രീതിയിലാകണം അത്തരം ആശയങ്ങൾ തിരുകിവയ്ക്കേണ്ടത്. സമൂഹത്തിന്‍റെ ഉള്ളിൽ നിന്നുകൊണ്ടല്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

? കൊറോണ കാലത്തെ താങ്കളുടെ ജീവിതം

* ഇതൊരു മഹാമാരിയല്ലേ. അശ്രദ്ധ വന്നാല്‍ നമ്മൾ ശാന്തി അടയും. നമ്മൾ മാത്രമല്ല ഒപ്പമുള്ളവരും. അതുകൊണ്ട് ശ്രദ്ധാലുവായി കഴിയുന്നു. വീട്ടിൽ തന്നെ കഴിഞ്ഞുകൊണ്ട് മനസ്സും ശരീരവും തളരാതെ നോക്കുന്നു. അതിനുള്ള കാര്യങ്ങൾ ചെയ്യുന്നു. സാമ്പത്തിക വിഷമം മറികടക്കാനുള്ള വഴികൾ തേടുന്നു. ചങ്ങാതിമാരുമായി എപ്പോഴും സംവദിക്കുന്നു. തനിച്ചും വെറുതെയും ഇരിക്കാതെ തോന്നുന്നതൊക്കെ ചെയ്യുന്നു. ഇഷ്ടംപോലെ ചിരിക്കുന്നു. വിശപ്പിനെ നിയന്ത്രിക്കുന്നു. യോഗ ചെയ്യുന്നു. യോഗ ചെയ്യാൻ പ്രേരിപ്പിച്ച ആളെ നിത്യവും സ്മരിക്കുന്നു. അങ്ങനെയിങ്ങനെ അശേഷം സങ്കടപ്പെടാതെ കഴിയാൻ ശ്രമിക്കുന്നു. മനസ്സിന്‍റെ നട്ട് അഴിഞ്ഞാൽ അതേ നട്ട് കിട്ടണമെന്നില്ല. വേറെ ഏതെങ്കിലുമിട്ട് ടൈറ്റാക്കിയാൽ പഴയതിന്‍റെ സുഖവും കിട്ടില്ല. ആരോഗ്യ പ്രവർത്തകർക്കൊപ്പം ചേർന്ന് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ എന്നെ അവർ കൂട്ടത്തിൽ കൂട്ടുമെന്ന് തോന്നുന്നില്ല.

? ഇപ്പോള്‍ തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കും ചുവടുവച്ചല്ലോ

* അതെ. അതുമൊരു മഹാത്ഭുതം


വാർത്തകൾ

Sign up for Newslettertop