25
September 2020 - 5:52 pm IST

Download Our Mobile App

Flash News
Archives

Travel

Rain Lands, Travel, Special Story

ആരുമറിയാത്ത മഴനാടുകൾ തേടി പോകാം

Published:12 August 2020

# ബിനിത ദേവസി

മഴയുടെ കാണാക്കാഴ്ചകൾ തേടി പോയാലോ.... മഴക്കാലത്തു മാത്രം ജീവൻ വയ്ക്കുന്ന കുറേ സ്ഥലങ്ങൾ.... കേരളത്തിലാണെങ്കിൽ വയനാടും മൂന്നാറും ഒക്കെ ചേരുന്ന കുറച്ച് സ്ഥലങ്ങൾ. എന്നാൽ അതിർത്തികൾ കടന്ന് മഴയെ കാണാൻ പോകേണ്ട സ്ഥലങ്ങളുണ്ട്...

തുള്ളിക്ക് ഒരു കുടം കണക്കെ മഴ ആർത്തുലച്ച് പെയ്യുമ്പോൾ ആ മഴയത്ത് വണ്ടിയുമെടുത്ത് മഴയുടെ കാണാക്കാഴ്ചകൾ തേടി പോയാലോ.... മഴക്കാലത്തു മാത്രം ജീവൻ വയ്ക്കുന്ന കുറേ സ്ഥലങ്ങൾ.... കേരളത്തിലാണെങ്കിൽ വയനാടും മൂന്നാറും ഒക്കെ ചേരുന്ന കുറച്ച് സ്ഥലങ്ങൾ. എന്നാൽ അതിർത്തികൾ കടന്ന് മഴയെ കാണാൻ പോകേണ്ട സ്ഥലങ്ങളുണ്ട്...

പെല്ലിങ്

അതിർത്തികൾ കടന്നുള്ള മഴയാത്രയ്ക്ക് ഏറ്റവും പറ്റിയ ഒരിടമാണ് സിക്കിമിലെ പെല്ലിങ്. വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്ന്. ഹിമാലയത്തിന്‍റെയും കാഞ്ചൻജംഗയുടെയും വശ്യമായ കാഴ്ചകൾ സാധ്യമാകുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്നും 7200 അടി ഉയരത്തിലാണ്. ഗേയ്സിങ്ങിൽ നിന്നും 10 കിലോമീറ്ററും ഗാങ്ടോക്കിൽ നിന്നും 131 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. പർവതങ്ങളുടെ കാഴ്ചകളുടെ പേരിൽ പ്രശസ്തമായിരിക്കുന്ന ഇവിടെ മഴ തേടിയെത്തുന്ന സഞ്ചാരികളാണ് കൂടുതലും. നഗരങ്ങളിലെ മഴ കണ്ടു മടുത്ത്, നാട്ടിൻപുറത്തിന്‍റെ നന്മകൾ തേടിയെത്തുന്നവരെ ഇവിടെയെങ്ങും കാണാം കഴിയും.

ബിൻസാർ

മഴക്കാലങ്ങളിൽ ഭംഗി പതിന്മടങ്ങ് കൂടുന്ന ഒരിടമാണ് വടക്കു കിഴക്കൻ ഇന്ത്യയിലെ തന്നെ ബിൻസാർ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിലുള്ള ബിൻസാർ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മഴ ആസ്വദിക്കാൻ വരുന്ന സഞ്ചാരികളുടെ ഇഷ്ട സ്ഥലം കൂടിയാണ്. സമുദ്രനിരപ്പിൽ നിന്നും 2420 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം കുമയൂൺ റീജ്യണിലെ ഏറ്റവും മനോഹരമായ സ്ഥലം കൂടിയാണ്. ചൗക്കാമ്പ, നന്ദാ ദേവി, പഞ്ചചൗലി, കേദർനാഥ് തുടങ്ങിയ പർവത നിരകളുടെ കാഴ്ചകളും ഇവിടുത്തെ ആകർഷണമാണ്. 300 കിലോമീറ്റർ ദൂരത്തിൽ പരന്നു കിടക്കുന്ന ഹിമാലയൻ പർവത നിരകൾ ഇവിടെ നിന്നാൽ കാണാന്‍ സാധിക്കും. മലകളും പൂന്തോട്ടങ്ങളും പുൽമേടുകളും അരുവികളുമൊക്കെയായി പ്രകൃതിയോട് ചേർന്നു കിടക്കുന്ന ഇടമാണിത്.

മാൽഷേജ് ഘട്ട്

കേരളത്തിൽ നിന്നുള്ള മഴസ‍ഞ്ചാരികൾക്ക് ആസ്വദിച്ച് പോയി വരാൻ സാധിക്കുന്ന ഒരിടമാണ് മഹാരാഷ്‌ട്രയിൽ പശ്ചിമഘട്ടത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മാൽഷേജ്ഘട്ട്. സ്വര്‍ഗത്തിലേക്ക് തുറക്കുന്ന കവാടം പോലെ മനോഹരമായിരിക്കുന്ന ഇവിടം സാഹസികമായി ഒരു മൺസൂൺ ട്രിപ്പ് നടത്താൻ പറ്റിയ സ്ഥലം കൂടിയാണ്. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായതിനാൽ പച്ചപുതച്ച കുന്നുകളാലും മലകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നിന്നും കർണാടക, മഹാരാഷ്‌ട്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒരു മൺസൂൺ ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്ത് ആയിരക്കണക്കിന് സഞ്ചാരികളാണ് മാൽഷേജ് ഘട്ടിലെ മഴയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. മൺസൂൺ യാത്ര മാത്രമല്ല, അപൂർവങ്ങളായ ക്ഷേത്രങ്ങളുടെ ഭംഗിയും സാഹസികമായ ഹരിശ്ചന്ദ്ര കോട്ടയിലേക്കുള്ള യാത്രയും ഒക്കെ ഇവിടെ മാത്രം അനുഭവിക്കാന്‍ പറ്റുന്ന കാര്യങ്ങളാണ്.

ബന്ദിപ്പൂർ

കാടുകളിലൂടെ പെയ്തൊഴിഞ്ഞ് അകന്നു പോകുന്ന മഴയുടെ സംഗീതം അറിയണമെങ്കിൽ പറ്റിയ ഒരിടമുണ്ട്. കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബന്ദിപ്പൂർ ദേശീയോദ്യാനം. മൈസൂരിൽ നിന്നും ഊട്ടിയിലേക്ക് പോകുന്ന വഴിയിൽ 80 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഇവിടം ഒരു കടുവ സംരക്ഷണ കേന്ദ്രം കൂടിയാണ്. നീലഗിരി മലനിരകളുടെ ഭാഗമായ ബന്ദിപ്പൂരിലൂടെയുള്ള മഴയാത്രയുടെ സുഖം പറഞ്ഞറിയിക്കാനാവാത്തതാണ്.

മാവ്ലിന്നോങ്

മാവ്ലിന്നോങ് എന്ന നമുക്ക് അധികം പരിചിതമല്ലെങ്കിലും മറ്റൊരു പേരില്‍ ഈ സ്ഥലം നമുക്ക് അറിയാം.. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന പേരിൽ. മേഘാലയയിലെ ഈസ്റ്റ് ഖാസി മലമുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ നിന്നു പോലും ഇവിടെ മഴ കാണാൻ ആളുകൾ എത്താറുണ്ടത്രെ. മാത്രമല്ല, മഴക്കാലത്ത് മാത്രം നടന്ന കാണാൻ കഴിയുന്ന ട്രക്കിങ്ങ് റൂട്ടുകളും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. ജീവനുള്ള വേരു പാലങ്ങളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച.

ദിഗാ, പശ്ചിമ ബംഗാൾ

കുറച്ചധികം യാത്ര ചെയ്ത് മൺസൂൺ കാണണമെന്നുണ്ടെങ്കിൽ അതിനു പറ്റിയ സ്ഥലമാണ് പശ്ചിമ ബംഗാളിലെ ദിഗാ കടൽത്തീരം. കടൽത്തീരം എന്നതിനേക്കാൾ സീസൈഡ് റിസോർട്ട് എന്ന പേരാണ് ഇതിനു യോജിക്കുക. അധികമാർക്കും അറിയാത്ത ഇവിടം ആഴം കുറ‍ഞ്ഞ കടൽത്തീരത്തിനു പേരുകേട്ട സ്ഥലമാണ്. കൊൽക്കട്ടയിൽ നിന്നും 183 കിലോമീറ്റര്‍ അകലെയുള്ള ദിഗാ ഒട്ടുംതന്നെ വാണിജ്യവത്കരിക്കപ്പെടാത്ത ഒരിടമാണ്. 1989ൽ സ്ഥാപിക്കപ്പെട്ട മറൈൻ അക്വേറിയം ആൻഡ് റിസർച്ച് സെന്‍റർ, തീർഥാടന കേന്ദ്രമായ ശിവക്ഷേത്രം എന്നിവയാണ് ഇവിടുത്തെ മറ്റു പ്രധാന കാഴ്ചകൾ.

ദൂത്‌സാഗർ വെള്ളച്ചാട്ടം

മഴക്കാലത്ത് സർവശക്തിയും പൂണ്ട് താഴേക്ക് പതിക്കുന്ന ദൂത്‌സാഗർ വെള്ളച്ചാട്ടം കേരളത്തിൽ നിന്നും ഏറ്റവും അധികം സന്ദർശിക്കപ്പെടുന്ന മഴ ഇടങ്ങളിലൊന്നാണ്. കർണാടക-ഗോവൻ അതിർത്തിയിൽ ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നിർത്താതെ പെയ്യുന്ന മഴയിൽ ഇവിടേക്ക് ട്രക്ക് ചെയ്ത് എത്തുന്നതിനാണ് കൂടുതലാളുകൾക്കും താത്പര്യം. കാസ്റ്റിൽ റോക്ക് റെയ്‌ൽവെ സ്റ്റേഷനിൽ നിന്നും വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ്ങാണ് ഏറ്റവും ആകർഷകമായ ഒന്ന്. റെയ്‌ൽവെ പാതയുടെ ഓരത്തുകൂടെ ഏകദേശം ഒരു കിലോമീറ്റർ ദൂരമാണ് ഈ യാത്രയിൽ സഞ്ചരിക്കേണ്ടത്. പിന്നീട് റെയ്‌ൽപാത കഴിഞ്ഞാൽ യഥാർഥ ട്രക്കിങ് ആരംഭിക്കും. 14 കിലോമീറ്റർ ദൂരം ആറു മുതൽ എട്ടു മണിക്കൂർ സമയം കൊണ്ടു മാത്രമേ നടന്നു തീർക്കാൻ സാധിക്കൂ.

ജോഗ് ഫാൾസ്

സീസൺ ഏതുമായിക്കോട്ടെ... ജോഗ് ഫാൾസ് എന്നും ജോറാണ്. കിലോമീറ്ററുകൾ അകലെ നിന്നുപോലും വെള്ളം പതിക്കുന്ന ഇരമ്പൽ ശബ്ദം കാതിലേക്കെത്തുമ്പോൾ ജോഗ് ആരെയും ഒന്നു കൊതിപ്പിക്കും. കർണായിലെ ഷിമോഗയിൽ സ്ഥിതി ചെയ്യുന്ന ജോഗ് വെള്ളച്ചാട്ടം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. മഴക്കാലങ്ങളിൽ പൂര്‍ണഭംഗിയിൽ താഴേക്ക് പതിക്കുന്ന ഇത് 253 മീറ്റർ ഉയരത്തിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നത്.


വാർത്തകൾ

Sign up for Newslettertop