Published:14 June 2018
വടകര: തൊണ്ണൂറു ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മൂന്നു പേർ പൊലീസ് പിടിയിൽ. സമീപകാലത്ത് വടകരയിലെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണിത്.
വില്യാപ്പള്ളി സ്വദേശികളായ പൊന്മേരി പറമ്പില്‍ വരിക്കോളി താഴക്കുനി ബഷീര്‍ (42), വണ്ണാന്റവിട കുനിയില്‍ വി.കെ. മന്‍സില്‍ ബദറുദീന്‍ (36), നീലിയത്ത് കുനി സെയ്ത് (34) എന്നിവരാണ് അറസ്റ്റിലായത്.
രേഖയില്ലാതെ കൊണ്ടുവരുകയായിരുന്ന 89.5 ലക്ഷം രൂപയാണ് ഇവര്‍ സഞ്ചരിച്ച കാറില്‍നിന്നു കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മൈക്ര കാറില്‍ പണവുമായി വടകര സിഐ ടി. മധുസൂദനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കൈനാട്ടിയില്‍ വാഹനം തടഞ്ഞ് ഇവരെ പിടികൂടിയത്.
മൈസൂരില്‍ നിന്ന് തലശേരി വഴി പണം കടത്തുകയായിരുന്നു. പിടിയിലായ സെയ്ത് വോളിബോള്‍ താരമാണ്.
ഇയാള്‍ക്കു വേണ്ടിയാണ് പണം കടത്തിയതെന്ന് പൊലീസ്. കാറിന്റെ രഹസ്യ അറയില്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിരുന്നു ഇവർ സൂക്ഷിച്ചത്. പൊലീസിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടിയെന്ന് റൂറല്‍ എസ്പി ജി. ജയദീപ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും സിഐയുടെ ക്രൈം സ്ക്വാഡും സംയുക്തമായാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.
എഎസ്ഐമാരായ സി.എച്ച്. ഗംഗാധരന്, കെ.പി. രാജീവന് , സിപിഒമാരായ യൂസഫ്, ഷിനു, ഷിറാജ്, ഷാജി, അജേഷ്, ഡ്രൈവര്‍ പ്രദീപ്കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കേസ് കോടതി അനുമതിയോടെ എന്‍ഫോഴ്സ്മെന്റിനു കൈമാറി.