Flash News
Archives

WORLD CUP 2018

world-cup-2018

ലോകകപ്പിലെ കന്നിപ്പോരിൽ റഷ്യൻ തേരോട്ടം, സൗദിയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്തു

Published:14 June 2018

മോസ്കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഏഷ്യൻ പ്രതിനിധികളായ സൗദി അറേബ്യയെ തകർത്ത് ആതിഥേയരായ റഷ്യയുടെ തേരോട്ടം. 

എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് റഷ്യയുടെ വിജയം.

മോസ്കോ: നാല് വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് 21ാംമത് ലോകകപ്പ് ഫുട്ബോളിന് റഷ്യയിൽ ആവേശത്തുടക്കം. മോസ്കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഏഷ്യൻ പ്രതിനിധികളായ സൗദി അറേബ്യയെ തകർത്ത് ആതിഥേയരായ റഷ്യയുടെ തേരോട്ടം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് റഷ്യയുടെ വിജയം. പകരക്കാരനായി ഇറങ്ങിയ ഡെന്നീസ് ചെറിഷേവ് ഡബിൾ‌ നേടി. 

കളിയുടെ 12ാം മിനിറ്റിലായിരുന്നു റഷ്യ മുന്നിലെത്തിയത്. യൂറി ഗസിന്‍സിക്കിയാണ് ആതിഥേയർക്ക് ലീഡ് സമ്മാനിച്ചത്. 2018 ലോകകപ്പിലെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. തുടർന്നും വാശിയോടെ കളിച്ച റഷ്യ, സൗദിക്ക് മേൽ സമ്പൂർണ ആധിപത്യം നേടുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഡെന്നീസ് ചെർഷേവിലൂടെ റഷ്യ വീണ്ടും സൗദിയുടെ വല കുലുക്കി.

വ്യക്തമായ ലീഡ് നേടി‍യെങ്കിലും രണ്ടാം പകുതിയിലും സൗദിക്കെതിരായ ആക്രമണത്തിൽ നിന്നും റഷ്യപ്പട പിൻവാങ്ങിയില്ല. അതിന്‍റെ ഫലമെന്നോണം 71ാം മിനിറ്റിൽ ആർടെം ഡിസ്യൂബ മൂന്നാം ഗോൾ നേടി ലീഡ് ഉയർത്തി. കളി തീരാൻ‌ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ തുടരെ തുടരെ ഗോൾ നേടി റഷ്യ ഗോൾ പട്ടിക പൂർത്തിയാക്കി. കളിയുടെ എക്ട്രാ ടൈമിൽ അലക്സാണ്ടർ ഗോളോവിനും ചെറിഷേവുമാണ് സൗദി വലയിൽ പന്തെത്തിച്ചത്.

പന്ത്രണ്ട് വർഷത്തെ ഇടവേളയക്കു ശേഷമാണ് സൗദി ലോകകപ്പിനു യോഗ്യത നേടിയത്. റഷ്യക്കെതിരേ ഇതിനുമുമ്പ് കളിച്ച ഏക മത്സരത്തിൽ ജയിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് സൗദി ഇന്നു കളത്തിലിറങ്ങിയത്. എന്നാൽ ആരവം മുഴങ്ങിയപ്പോൾ കളി മറന്ന അവസ്ഥയിലായിരുന്നു സൗദി. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top