Published:05 September 2020
ദുൽഖർ സൽമാൻ , ഗ്രിഗറി തുടങ്ങിയവർ നിർമിച്ചു ഓടിടി റിലീസ് ആയി നെറ്ഫ്ലിക്സിൽ എത്തിയ പടമാണ് 'മണിയറയിലെ അശോകൻ '. തൻ്റെ വിവാഹ സ്വപ്നങ്ങളുമായി മുന്നോട്ട് പോകുന്ന അശോകൻ ഏത് നാട്ടിൻ പുറത്തും കാണാവുന്ന കഥാപാത്രം തന്നെ . മണിയറയിൽ നിന്നും ഫ്ലാഷ്ബാക്കിൽ തുടങ്ങുന്ന ചിത്രം ദൃശ്യാവിഷ്കാരത്തിൽ മികച്ചു നില്കുന്നു. പ്രകൃതി രമണീയമായ ദൃശ്യങ്ങൾ ഒപ്പിയെടുത്ത ഛായാഗ്രാഹകൻ പൂർണമായും തൻ്റെ ജോലിയോട് ആത്മാർത്ഥത പുലർത്തി. ഒരു സാദാ നാട്ടിൻ പുറത്തു നടക്കുന്ന കഥയുള്ള ചിത്രം എന്നതിലുപരി ഒരു മ്യൂസിക്കൽ ട്രീറ്റ് ആയും മണിയറയിലെ അശോകൻ മാറുന്നു. തുടക്കം മുതലുള്ള ഇമ്പമാർന്ന ഗാനങ്ങൾ ചിത്രത്തിന് പുതുമയും അതോടൊപ്പം തനിമയും ഏകുന്നുണ്ട്. മലയാള സിനിമയിലെ ഒട്ടേറെ പ്രമുഖർ അണിനിരക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമാകുന്നു മസനഗുഡിയിലെ വാഴ.
തുടക്കത്തിലുള്ള ഉണ്ണിമായ എന്ന് തുടങ്ങുന്ന ഗാനത്തിലെ ആണ് അനു സിതാര ആരെന്നുള്ള ചോദ്യത്തിന് ഉത്തരവും ഈ കേന്ദ്ര കഥാപാത്രമായ വാഴ തന്നെ . തൻ്റെ നിത്യ ജീവിതത്തിൽ യാതൊരു പങ്കുമില്ലാതിരുന്ന വാഴ, അതിനോടുള്ള പ്രണയം അശോകനെ അടിമുറി മാറ്റുന്നു. വിജയരാഘവനോപ്പം ഉള്ള ലക്ഷ്മിയുടെ കഥാപാത്രം പ്രേക്ഷകപ്രശംസ അർഹിക്കുന്നത് തന്നെ . ഒട്ടേറെ ചിത്രങ്ങളിൽ ഈ ജോഡി ഇല്ലെങ്കിലും, നല്ല കെമിസ്ട്രി ഉള്ള ജോഡിയായി തന്നെ പരിഗണിക്കാവുന്ന ഇവരുടെ നടനം ചിത്രത്തിൽ പ്രകടം. കുടുംബത്തിന് ഗുണമില്ലാത്ത , വിവാഹ സ്വപ്നവുമായി നടക്കുന്ന സ്ഥിരം നായക കഥാപാത്രത്തെ പൊളിച്ചെടുക്കുന്നു മണിയറയിലെ അശോകൻ. ചെറുതെങ്കിലും നല്ലൊരു സർക്കാർ ഉദ്യോസ്ഥൻ ആണ് അശോകൻ.
കുടുംബപ്രേക്ഷകർക്ക് രുചിക്കുന്ന ചേരുവകൾ ചേർത്തതാണ് ഈ കൊച്ചു ചിത്രം. ഓർത്തിരിക്കാവുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ചിത്രം സമ്മാനിക്കുന്നു. ചില സസ്പെന്സുകള് ഒളിച്ചു വച്ച മണിയറയിലെ അശോകനിൽ ഒരു നല്ല സുഹൃത്ത് ആയി ദുൽഖറും എത്തുന്നു. ഓണസദ്യ ആയി എത്തിയ ചിത്രം നെറ്ഫ്ലിക്സിലും തരംഗം സൃഷ്ട്ടിക്കുകയാണ്.