ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:11 September 2020
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ പൗരസ്ത്യ കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിക്കപ്പെട്ടതിന്റെ 108-ാം വാര്‍ഷികം 15ന് സഭ ആകമാനം സംഘടിപ്പിക്കുവാന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കല്പനയിലൂടെ ആഹ്വാനം ചെയ്തതായി അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ അറിയിച്ചു.15-ാം തീയതി മലങ്കര സഭയുടെ പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും, കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും, സഭയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്യണം.
കാതോലിക്കേറ്റിന്റെ പ്രസക്തിയെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കേണ്ടതാണ്. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന തര്‍ക്കങ്ങളുടെയും വ്യവഹാരങ്ങളുടെയും പരിസമാപ്തിയാണ് 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയിലൂടെ സംജാതമായിരിക്കുന്നത്.മലങ്കര സഭയിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായാണ് 1958-ലും, 1995-ലും, 2017-ലും സുപ്രീം കോടതി വിധികള്‍ ഉണ്ടായത്. ഈ വിധിയിലെല്ലാം തന്നെ നിഷ്കര്‍ഷിക്കുന്നത് മലങ്കര സഭയുടെ ഭരണം നിയമാനുസൃതമാകണമെന്നാണ്. ഇടവകജനങ്ങളുടെ അധികാര അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഭരണഘടനയാണ് 1934-ലെ മലങ്കര സഭാ ഭരണഘടന. ഇടവകജനങ്ങള്‍ക്ക് ഇടവകഭരണത്തില്‍ ഇത്രയും കൂടുതല്‍ ഇടപെടല്‍ ഉറപ്പുവരുത്തുന്ന മറ്റൊരു ഭരണഘടനയും നിലവിലില്ല. ഇത് അംഗീകരിക്കുന്നതോടെ സഭയില്‍ ശാശ്വത സമാധാനത്തിന് കളമൊരുങ്ങുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.