01
October 2020 - 10:18 pm IST

Download Our Mobile App

Flash News
Archives

Special

corona-s-women-name-living-in-kottayam

ഇവിടെ 'കൊറോണക്കും' മാസ്ക് വെക്കേണ്ടിവന്നു

Published:12 September 2020

# ബിനീഷ് മള്ളൂശേരി

ലോകമാകെ കൊറോണയെന്ന വൈറസ് വ്യാപനത്തിൽ ജാഗരൂകരായിരിക്കുമ്പോൾ കൊറോണ മള്ളൂശേരിയിൽ എത്തിയിട്ട് പത്ത് വർഷം. വിശ്വസിച്ചേ തീരൂ. ഈ ലോകത്ത് പിറന്നിട്ട് 34 വർഷമായി.

കോട്ടയം: ലോകമാകെ കൊറോണയെന്ന വൈറസ് വ്യാപനത്തിൽ ജാഗരൂകരായിരിക്കുമ്പോൾ കൊറോണ മള്ളൂശേരിയിൽ എത്തിയിട്ട് പത്ത് വർഷം. വിശ്വസിച്ചേ തീരൂ. ഈ ലോകത്ത് പിറന്നിട്ട് 34 വർഷമായി. കൊറോണയ്ക്കും ഇവിടെയൊരു കുടുംബമുണ്ട്. ഭർത്താവും മക്കളുമുണ്ട്. കൊറോണ.എസ് എന്ന മുപ്പത്തിനാലുകാരിയായ വീട്ടമ്മയേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പേരിലിപ്പോൾ മഹാമാരിയായ വൈറസ് ഒളിഞ്ഞിരിക്കുമ്പോൾ 'കൊറോണക്കും' മാസ്ക് വെക്കേണ്ടിവന്നു. എന്തായാലും കൊറോണയാണ് ഇപ്പോൾ നാട്ടിലെ താരം.

കഴിഞ്ഞ പത്തു വർഷമായി മള്ളൂശേരി മാത്തൻ പറമ്പിൽ ഷൈൻ തോമസിൻ്റെ ഭാര്യയായി കൊറോണ ഇവിടെയുണ്ട്. വീട്ടിലും നാട്ടിലും റ്റിനു എന്ന വിളിപ്പേരുള്ള ഇദ്ദേഹത്തിന്റെ ഒഫീഷ്യൽ പേര് കൊറോണ.എസ് ആണെന്നത് നാട്ടുകാർ അറിഞ്ഞത് അടുത്തിടെയാണ്. അതിനൊരു കാരണമുണ്ട്. ഇവരുടെ മൂത്ത മകൻ കെവിൻ 5-ാം ക്ലാസിൽ മോഡൽ സ്കൂളിലും  ഇളയ മകൻ നവിൻ ടൗൺ എൽ പി.എസിൽ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. ഈ വർഷം കുട്ടികളെ ചേർക്കാൻ മാതാപിതാക്കളുടെ പേര് സ്‌കൂളിൽ നൽകിയപ്പോഴാണ് കൊറോണയെന്ന വീട്ടമ്മയ്ക്ക് പേരിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. കൊവിഡ് കാലത്തുള്ള പ്രവേശനമായതിനാൽ മാതാവിന്റെ പേരിന്റെ സ്ഥാനത്തു അറിയാതെ വന്ന എഴുത്തു പ്രശ്നമാണെന്നാണ് അധ്യാപകർ ആദ്യം കരുതിയത്. തുടർന്ന് കുട്ടികളുടെ പിതാവ് ഷൈനിനെ ഫോണിൽ വിളിച്ച് മാതാവിന്റെ തിരിച്ചറിയൽ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. ഉള്ളതാണോ അതോ തമാശയാണോ എന്നൊക്കെയായിരുന്നു പലരുടെയും ചോദ്യം. ആധാർ കാർഡും വോട്ടേഴ്‌സ് ഐ.ഡി കാർഡും നേരിട്ട് സമർപ്പിച്ചപ്പോൾ കാര്യം വ്യക്തമായി. കുട്ടികളുടെ അമ്മ കൊറോണ തന്നെ. ഒപ്പം ഈ മാസം ആദ്യം ഒരു യു ട്യൂബ് ചാനലിൽ ഇവരെപ്പറ്റി വന്ന വാർത്തകൂടിയായപ്പോൾ കൊറോണ നാട്ടിലെ താരമായി.

കൊറോണയെന്ന പേരിനെപ്പറ്റി കൊറോണ പറയുന്നു:

വീട്ടിൽ റ്റിനു എന്നാണ് പേര്. അടുത്തകാലം വരെ ഒറിജിനൽ പേര് അധികമാർക്കും അറിയില്ലാരുന്നു. ഇപ്പോൾ നാട്ടുകാരും കൂട്ടുകാരുമൊക്കെ സ്നേഹത്തോടെ തമാശയായി കളിയാക്കാറുണ്ട് ദേ കൊറോണ വരുന്നു.. ഗോ കൊറോണ എന്നൊക്കെ. കൊറോണ വൈറസ് ഇത്ര പ്രശ്നക്കാരനാണെന്ന് കരുതിയില്ല. 34 വർഷം മുൻപ് മാമോദീസയ്ക്ക് കായംകുളം സെന്റ് ജോസഫ് പള്ളി വികാരി ഫാ.ജെയിംസ് എന്ന വൈദികനിട്ട പേരാണ് കൊറോണ എന്നത്. കാർന്നോന്മാരോട് കുഞ്ഞിന് പേര് വല്ലതും കണ്ടുവച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. അന്ന് കൊറോണ എന്ന വിശുദ്ധയുടെ ദിനമായിരുന്നു. അച്ചൻ ആ പേരുതന്നെ എനിക്കും ഇട്ടുതന്നു. ആ അച്ചനിപ്പോഴും ഉണ്ടെന്ന് എന്റെ അച്ഛൻ അടുത്തിടെ പറഞ്ഞു. ഞാൻ കണ്ടിട്ടില്ല. സ്‌കൂളിലൊക്കെ പഠിക്കുമ്പോ ആദ്യമൊക്കെ ചമ്മലാരുന്നു. ഇപ്പൊ ചമ്മലൊന്നുമില്ല. ഷൈൻ ചേട്ടൻ ഇടയ്ക്കിപ്പോൾ മഹാമാരിക്ക് നിന്റെ പേരാണെന്നും പറഞ്ഞുകൊണ്ട് കളിയാക്കും എനിക്ക് ചിരിവരും.

പേരിന് ചിരിയൊക്കെ ഉണ്ടെങ്കിലും ഒരു സങ്കടം ഇവർക്ക് ബാക്കിയാണ്. രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് ഊരുറപ്പിച്ചു കയറിക്കിടക്കാൻ ഒരു കൂരയുണ്ടാവണം. ഏതു നിമിഷവും നിലംപൊത്താവുന്ന രീതിയിലാണ് പാടത്തിറമ്പിലുള്ള രണ്ടുമുറിയും അടുക്കളയുമുള്ള മഴയിൽ ചോരുന്ന വീട്. മഴ ശക്തമായാൽ വീടിൻ്റെ മേൽക്കൂര വരെ വെള്ളത്തിൽ മുങ്ങും. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീടിന്റെ ഉത്തരത്തിനൊപ്പം വെള്ളമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പിലായിരുന്നു അഭയം. തിരികെയെത്തിയപ്പോൾ വെള്ളത്തിൽ കുതിർന്ന മേച്ചിൽ ഷീറ്റുകൾ തകർന്നു. കട്ടിലും ഗൃഹോപകരണങ്ങളും കുട്ടികളുടെ സ്‌കൂൾ ബാഗുകൾ ഉൾപ്പെടെ നശിച്ചു. വീടുപണിക്കായി നഗരസഭ 4 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞു. പക്ഷെ ഉള്ളത് പൊളിച്ചാൽ വെള്ളക്കുഴിയിൽ തറ കെട്ടിപ്പൊങ്ങണമെങ്കിൽ അതിന്റെ ഇരട്ടി വേണ്ടിവരും. അതുകൊണ്ടുതന്നെ ആ തുക വാങ്ങാതെ തണുപ്പ് അരിച്ചുകയറുന്ന പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ തന്നെ കഴിയുകയാണ് കൊറോണയും കുടുംബവും. കൊറോണ വാർത്തകളിൽ ഇടം നേടുമ്പോഴും എന്തെങ്കിലും സഹായങ്ങൾ എവിടെനിന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യബന്ധനം തൊഴിലാക്കിയ ഭർത്താവ് ഷൈൻ. അടുത്തിടെയായി കാലാവസ്ഥയും തൊഴിലിന് വിലങ്ങുതടിയായിട്ടുണ്ട്.

കൊറോണയെന്ന പേര് കേട്ടാൽ നാട്ടുകാർ ഞെട്ടുമെങ്കിലും തരിമ്പും പേടിക്കാതെ 10 കൊല്ലമായി ഹൃദയത്തോട് ചേർത്ത് പിടിച്ച ഏക വ്യക്തി ഷൈനായിരിക്കും. കായംകുളം ചൂളത്തെരുവ് ജെ.ബാബുവിന്റെയും സെലിന്റെയും മകളാണ് കൊറോണ. ഒരു ചേച്ചിയുണ്ട് പേര് ഷേർലി.


വാർത്തകൾ

Sign up for Newslettertop