Published:13 September 2020
ന്യൂഡൽഹി: കൊവിഡാനന്തര മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിരോധശേഷി വർധിപ്പിക്കാൻ ഡോക്ടർമാരുടെ നിർദേശപ്രകാരം ആയുഷ് മരുന്നുകൾ ഉപയോഗിക്കാമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. കൊവിഡ് ഭേദമായതിന് ശേഷവും ചിലർക്ക് ശാരീരികാസ്വാസ്ഥ്യം കണ്ടുവരുന്നുണ്ട്.
ശരീര വേദന, ക്ഷീണം, തൊണ്ട വേദന, ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ഇതിനാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന മരുന്നുകളും വ്യായാമവും ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തു. അസുഖം മാറിയതിന് ശേഷവും മാസ്ക് ധരിക്കൽ ഉൾപ്പെടെയുളള കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണം.
മാർഗനിർദേശങ്ങൾ ഇങ്ങനെ....
* ചൂടുവെളളം ആവശ്യത്തിന് കുടിക്കണം.
* അസുഖം മാറിയതിന് ശേഷവും മാസ്ക് ധരിക്കൽ ഉൾപ്പെടെയുളള കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണം.
* രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം ആയുഷ് മരുന്നുകൾ ഉപയോഗിക്കാം.
* യോഗ, പ്രാണയാമം, ധ്യാനം എന്നിവ ആരോഗ്യസ്ഥിതി അനുസരിച്ച് പരിശീലിക്കുക.
* ഒരു സ്പൂൺ വീതം ച്യവനപ്രാശം കഴിക്കാം.
* ശ്വസനവുമായി ബന്ധപ്പെട്ട വ്യായാമം നടത്താവുന്നതാണ്. രാവിലെയും വൈകീട്ടും നടത്തം പരിശീലിക്കണം
* പുകവലി, ആൽക്കഹോൾ എന്നിവ ഉപയോഗിക്കാൻ പാടില്ല.
* ആവശ്യത്തിന് ശരീരത്തിന് വിശ്രമം നൽകണം.
* രോഗം ഭേദമായവർ അവരുടെ അനുഭവങ്ങൾ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും പങ്കിടുക.