01
October 2020 - 10:36 pm IST

Download Our Mobile App

Flash News
Archives

Other news

അസാമാന്യ തിരിച്ചുവരവ്; തീമിന് യുഎസ് ഓപ്പൺ 

Published:14 September 2020

ആദ്യ രണ്ടു സെറ്റും കൈവിട്ട ശേഷം ഓസ്ട്രിയൻ താരം ഡൊമിനിക് തീമിന്‍റെ അസാമാന്യ തിരിച്ചുവരവ്. അതും പോരാഞ്ഞ് അവസാന സെറ്റിൽ ടൈബ്രേക്കറും. റാക്കറ്റുകൾ തീപാറിച്ച പൊരിഞ്ഞ പോരാട്ടം.

ന്യൂയോർക്ക്: വനിതാ ഫൈനലിൽ ആദ്യ സെറ്റ് കൈവിട്ട ശേഷം പൊരുതിക്കയറിയാണ് നവോമി ഒസാക്ക യുഎസ് ഓപ്പൺ ടെന്നിസ് വനിതാ കിരീടം ചൂടിയത്. അതിലേറെ ആവേശകരമായ മറ്റൊരു തിരിച്ചുവരവിലൂടെ ഇതാ പുരുഷ കിരീടത്തിനായുള്ള കലാശക്കളി. ആദ്യ രണ്ടു സെറ്റും കൈവിട്ട ശേഷം ഓസ്ട്രിയൻ താരം ഡൊമിനിക് തീമിന്‍റെ അസാമാന്യ തിരിച്ചുവരവ്. അതും പോരാഞ്ഞ് അവസാന സെറ്റിൽ ടൈബ്രേക്കറും. റാക്കറ്റുകൾ തീപാറിച്ച പൊരിഞ്ഞ പോരാട്ടം.

 ലോക മൂന്നാം റാങ്കുകാരനായ തീം തന്‍റെ കന്നി ഗ്രാൻഡ് സ്ലാം കിരീടം ചൂടിയത് ഫൈനലിലെ എതിരാളി ജർമനിയുടെ അലക്സാണ്ടർ സെവ്റേവിനെ 2-6, 4-6, 6-4, 6-3, 7-6നു കീഴടക്കിയാണ്. 2004ലെ ഫ്രഞ്ച് ഓപ്പണിൽ ഗാസ്റ്റൺ ഗോഡിയോയ്ക്കു ശേഷം രണ്ടു സെറ്റിലും പിന്നിലായ ശേഷം തിരിച്ചുവന്ന് ഗ്രാൻഡ് സ്ലാം കിരീടം ചൂടുന്ന ആദ്യ താരമായി ഇതോടെ ഇരുപത്തേഴുകാരനായ തീം. ഫൈനലിലേക്കുള്ള യാത്രക്കിടെ ഒരു സെറ്റ് മാത്രം നഷ്ടപ്പെടുത്തിയിരുന്ന തീം ഫൈനലിന്‍റെ തുടക്കത്തിൽ നന്നായി പതറി. ആർതർ ആഷെ സ്റ്റേഡിയത്തിലെ ഈ സായാഹ്നം തീമിനു ദുഃഖം മാത്രം സമ്മാനിക്കുമെന്നു കരുതിയ നിമിഷങ്ങൾ.

 

പക്ഷേ, മൂന്നാം സെറ്റിലെ സെവ്റേവിന്‍റെ പിഴവുകൾ മുതലെടുത്ത് അതിശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു താരം. പുതുക്കെ കത്തിയ തീം നാലാം സെറ്റിൽ ആളിപ്പടർന്നു. എതിരാളിക്ക് യാതൊരു പിടിയും നൽകാത്ത തകർപ്പൻ ഫോമിലേക്ക് ഉയർന്നു. 1996ൽ ബോറിസ് ബെക്കർ ന്യൂയോർക്കിൽ നിന്നു കിരീടം നേടിയ ശേഷം ഒരു ഗ്രാൻഡ് സ്ലാം ചാംപ്യനാകുന്ന ആദ്യ ജർമൻ പുരുഷതാരമാവുകയെന്ന ഇരുപത്തിമൂന്നുകാരൻ സെവ്റേവിന്‍റെ മോഹം അഞ്ചാം സെറ്റിൽ കത്തിപ്പടർന്നു. തീമിന്‍റെ മുന്നേറ്റത്തെ ചെറുത്തുനിന്ന സെവ്റേവ് നാലാം മണിക്കൂറിലേക്കും ടൈബ്രേക്കറിലേക്കും മത്സരത്തെ കൊണ്ടുപോയി. ഇതാദ്യമായാണ് യുഎസ് ഓപ്പണിൽ അഞ്ചാം സെറ്റ് ടൈബ്രേക്കർ വരുന്നത്. 

1995ൽ തോമസ് മസ്റ്റർ ഫ്രഞ്ച് ഓപ്പൺ നേടിയ ശേഷം ഇതാദ്യമായാണ് ഓസ്ട്രിയൻ താരം ഗ്രാൻഡ് സ്ലാം ചൂടുന്നത്. മുൻപ് മൂന്നു തവണ ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ കളിച്ചിട്ടുണ്ട് തീം. രണ്ട് ഫ്രഞ്ച് ഓപ്പൺ ഫൈനലുകളിൽ റഫേൽ നദാലായിരുന്നു എതിരാളി. ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ലോക ഒന്നാം നമ്പറുകാരൻ നൊവാക് ജോക്കോവിച്ചും. 


വാർത്തകൾ

Sign up for Newsletter



top