01
October 2020 - 8:21 pm IST

Download Our Mobile App

Flash News
Archives

World

uae

ഇസ്രയേലുമായി സമാധാനക്കരാർ ഒപ്പുവച്ച് യുഎഇയും ബഹറിനും

Published:16 September 2020

ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ സയാദും ബഹറിൻ വിദേശകാര്യ മന്ത്രി അബ്ദുൾലത്തീഫ് അൽ സയാനിയുമാണ് ചരിത്രപ്രധാനമായ ഏബ്രഹാം ഉടമ്പടികളിൽ ഒപ്പുവച്ചത്.

വാഷിങ്ടൺ: ഇസ്രയേലുമായുള്ള ചരിത്രപ്രധാനമായ സമാധാനക്കരാർ യുഎഇയും ബഹറിനും ഒപ്പുവച്ചു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മധ്യസ്ഥതയിലായിരുന്നു നേതാക്കൾ കരാറുകളിൽ ഒപ്പുവച്ചത്. ഇസ്രയേലുമായി പൂർണ തോതിൽ നയതന്ത്ര ബന്ധം സ്ഥാപിക്കുകയാണ് ഇതിലൂടെ യുഎഇയും ബഹറിനും. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ സയാദും ബഹറിൻ വിദേശകാര്യ മന്ത്രി അബ്ദുൾലത്തീഫ് അൽ സയാനിയുമാണ് ചരിത്രപ്രധാനമായ ഏബ്രഹാം ഉടമ്പടികളിൽ ഒപ്പുവച്ചത്.

26 വർഷത്തിനിടയിലെ ആദ്യ അറബ്- ഇസ്രേലി സമാധാനക്കരാറാണിത്. ഇസ്രയേൽ- പലസ്തീൻ സംഘർഷത്തെക്കുറിച്ച് ഉഭയകക്ഷി കരാറുകളിൽ പരാമർശമില്ല. ചരിത്രത്തിന്‍റെ ദിശ മാറ്റാനാണ് നമ്മൾ ഈ വൈകുന്നേരം ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ദശകങ്ങൾ നീണ്ട ഭിന്നതകൾക്കും സംഘർഷത്തിനും ശേഷം പുതിയൊരു പശ്ചിമേഷ്യ ഉദയം ചെയ്യുന്നു- വൈറ്റ്ഹൗസിന്‍റെ സൗത്ത് ലോണിൽ ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നതിനു മുൻപ് ട്രംപ് പറഞ്ഞു. എല്ലാ വിശ്വാസങ്ങളിലും പെട്ട ജനങ്ങൾ ഒന്നിച്ചു സമാധാനത്തോടെ ജീവിക്കുന്ന ലോകത്തേക്കുള്ള കാൽവയ്പ്പാണ് ഇതെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

ഇസ്രയേലുമായി സമാധാനക്കരാർ ഒപ്പുവച്ച ആദ്യ അറബ് രാജ്യം ഈജിപ്റ്റാണ്- 1979ൽ. 1994ൽ ജോർദാനും സമാധാനക്കരാറിൽ ഒപ്പുവച്ചു. ഇപ്പോൾ ഒരു മാസത്തെ പരിശ്രമം കൊണ്ട് രണ്ടു സമാധാനക്കരാറുകളിൽ ഒപ്പുവയ്ക്കാൻ കഴിഞ്ഞെന്ന് ട്രംപ് പറഞ്ഞു. കരാറുകൾ പ്രകാരം യുഎഇയും ബഹറിനും ഇസ്രയേലിൽ എംബസികൾ ആരംഭിക്കും. ഈ രാജ്യങ്ങളിൽ ഇസ്രേയൽ എംബസിയുമുണ്ടാകും. ടൂറിസം, വ്യാപാരം, ആരോഗ്യം, സുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ ഈ ഗൾഫ് രാജ്യങ്ങൾ ഇസ്രയേലുമായി സഹകരിച്ചു പ്രവർത്തിക്കും. 

ഇസ്രയേലിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യുഎഇയിലെയും ബഹറിനിലെയും മുസ്ലിംകൾക്ക് ഇതുവഴി അവസരമുണ്ടാവുമെന്നും ട്രംപ് പറഞ്ഞു. ജറൂസലമിലെ അൽ-അഖ്സ മോസ്കിൽ സമാധാനത്തോടെ പ്രാർഥന നടത്താനും കഴിയും- ഇരുനൂറോളം വരുന്ന വിശിഷ്ടാതിഥികളുടെ കരഘോഷങ്ങൾക്കിടെ ട്രംപ് കൂട്ടിച്ചേർത്തു. കൂടുതൽ ഗൾഫ് രാജ്യങ്ങൾ ഇസ്രയേലുമായുള്ള കരാറിനു തയാറായി മുന്നോട്ടുവരുമെന്നും വിശാലമായ സമാധാന മേഖലയാവും ഉണ്ടാവുകയെന്നും യുഎസ് പ്രസിഡന്‍റ്. 

ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് ഈ കരാറുകളെന്ന് നെതന്യാഹു വിശേഷിപ്പിച്ചു. പുതിയ ഉദയമാണിത്. ആയിരക്കണക്കിനു വർഷമായി യഹൂദർ സമാധാനത്തിനു വേണ്ടി പ്രാർഥിക്കുന്നു. അതിപ്പോൾ യാഥാർഥ്യമാവുകയാണ്- ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ രാജ്യങ്ങൾ കരാറിലേക്ക് എത്തുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

 ലോകത്തിനു മുഴുവൻ പ്രതീക്ഷ പകരുന്ന പരിവർത്തനത്തിലാണ് യുഎഇയെന്ന് സയാദ് പറഞ്ഞു. പശ്ചിമേഷ്യയ്ക്കു പുതിയ പാത തുറക്കുകയാണ് യുഎഇയെന്നും അദ്ദേഹം. ശാശ്വതമായ സുരക്ഷയും പുരോഗതിയുമാണ് ബഹറിൻ ലക്ഷ്യമിടുന്നതെന്ന് സയാനി അഭിപ്രായപ്പെട്ടു. ദീർഘകാലമായി സംഘർഷത്തിലും അവിശ്വാസത്തിലുമായിരുന്നു പശ്ചിമേഷ്യ. നിയന്ത്രണമില്ലാത്ത വിനാശമായിരുന്നു ഫലം. യുവജനങ്ങളുടെ കർമശേഷി പരമാവധി വികസിപ്പിക്കാൻ അതു തടസമായി. അതിനൊരു മാറ്റം കൊണ്ടുവരാൻ നമുക്ക് അവസരം കൈവന്നിരിക്കുകയാണ്- ബഹറിൻ വിദേശകാര്യ മന്ത്രി പറഞ്ഞു. 

നവംബർ മൂന്നിന് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പു നേരിടുന്ന ട്രംപിന് നിർണായകമായ നയതന്ത്ര വിജയമാണ് ഈ സമാധാനക്കരാറുകൾ നൽകുന്നത്.


വാർത്തകൾ

Sign up for Newsletter



top