24
October 2020 - 11:49 am IST

Download Our Mobile App

Cricket

devdutt

ഇന്ത്യൻ ക്രിക്കറ്റിലേക്ക് മറ്റൊരു മലയാളി, തകർപ്പൻ ഐപിഎൽ തുടക്കത്തോടെ ദേവ്ദത്ത്

Published:22 September 2020

ബംഗളൂരുവിൽ താമസിക്കുന്ന കർണാടക താരം ദേവ്ദത്ത് പടിക്കൽ. മലപ്പുറം ജില്ലയിലെ എടപ്പാളിൽ ജനിച്ച ഇരുപതുകാരൻ.

ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഒരു മലയാളി കൂടി സ്വപ്നതുല്യമായ നേട്ടത്തോടെ ചുവടുവയ്ക്കുന്നു. ബംഗളൂരുവിൽ താമസിക്കുന്ന കർണാടക താരം ദേവ്ദത്ത് പടിക്കൽ. മലപ്പുറം ജില്ലയിലെ എടപ്പാളിൽ ജനിച്ച ഇരുപതുകാരൻ. ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിന്‍റെ ഓപ്പണറായി ഇറങ്ങി, ഐപിഎല്ലിലെ തന്‍റെ കന്നിമത്സരത്തിൽ തന്നെ അർധ സെഞ്ചുറി നേടി, ഈ സീസണിലെ ടീമിന്‍റെ ആദ്യ മത്സരത്തിൽ വിരാട് കോഹ് ലിക്കും സംഘത്തിനും വിജയം നേടിക്കൊടുത്ത ദേവ്ദത്തിനെ ഇന്ത്യൻ ക്രിക്കറ്റ് ഇനി ശ്രദ്ധിക്കാതിരിക്കില്ല.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്കു വേണ്ടി ആരോൺ ഫിഞ്ചിനൊപ്പം വിരാട് കോഹ് ലി തന്നെ ഓപ്പണറായി എത്തുമെന്നായിരുന്നു ആരാധകർ പലരും കരുതിയത്. എന്നാൽ, ഫിഞ്ചിനൊപ്പം ഇടംകൈയൻ ദേവ്ദത്ത്  ബാറ്റുമായി ഇറങ്ങുന്നതാണു കണ്ടത്. കോഹ് ലിയുടെ തീരുമാനം ശരിയെന്നു തെളിയിച്ചു മലയാളി യുവതാരം.

ഫിഞ്ച് സ്കോറിങ് ചുമതല ഏറ്റെടുക്കുകയും ദേവ്ദത്ത് പതുക്കെ കളിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയും ഉടൻ തെറ്റി. ഒരറ്റത്തു ഫിഞ്ചിനെ നിർത്തി യുവവാഗ്ദാനം തകർത്തടിക്കാൻ തുടങ്ങിയപ്പോൾ ആർസിബി ആരാധകരും എതിരാളികളായ സൺറൈസേഴ്സ് ഹൈദരാബാദും ഒരുപോലെ വിസ്മയം പൂണ്ടു. രണ്ടാം ഓവറിൽ തന്നെ സന്ദീപ് ശർമയെ രണ്ടുവട്ടം ബൗണ്ടറിയിലേക്കു പായിച്ച് തുടക്കം കുറിച്ച ദേവ്ദത്ത് പിന്നാലെ ഭുവനേശ്വർ കുമാറിനെയും ബൗണ്ടറി കടത്തി.

നാലാം ഓവറിൽ നടരാജനെ മൂന്നു തവണയാണ് ബൗണ്ടറിവരയ്ക്കപ്പുറം വിട്ടത്. മിച്ചൽ മാർഷലിനെയും ബൗണ്ടറിയിലേക്കു പായിച്ചു.  42 പന്തിൽ 56 റൺസെടുത്ത ശേഷമാണ് പതിനൊന്നാം ഓവറിൽ ദേവ്ദത്ത് വിജയ് ശങ്കറിനു വിക്കറ്റ് നൽകുന്നത്. എട്ടു ബൗണ്ടറികൾ.  അപ്രതീക്ഷിതമായി ഓപ്പണർ സ്ഥാനത്തു വന്ന് കളിയിലെ കേമനായൊരു തുടക്കം!

ആഭ്യന്തര ടൂർണമെന്‍റുകളിലെ തകർപ്പൻ പ്രകടനത്തോടെയാണ് കഴിഞ്ഞവർഷം ദേവ്ദത്ത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 2109ലെ സെയിദ് മുഷ്താഖ് അലി ടി 20 ടൂർണമെന്‍റിൽ 580 റൺസ് വാരിക്കൂട്ടിയിരുന്നു. വിജയ് ഹസാരെ ഏകദിന ടൂർണമെന്‍റിലും ഏറ്റവുമധികം റൺസ് നേടിയത് ദേവ്ദത്തായിരുന്നു. ഇന്ത്യ എ, ഇന്ത്യ അണ്ടർ 19 ടീമുകളിലും കളിച്ചിട്ടുണ്ട്. മലപ്പുറത്തുനിന്ന് ആദ്യം ഹൈദരാബാദിലേക്കും പിന്നീട് ബംഗളൂരുവിലേക്കും താമസം മാറ്റിയതാണ് ദേവ്ദത്തിന്‍റെ കുടുംബം.


വാർത്തകൾ

Sign up for Newsletter



top