24
October 2020 - 12:26 pm IST

Download Our Mobile App

Mollywood

movie.jpg

ട്രിവാന്‍ഡ്രം ലോഡ്ജ് റിലീസായിട്ട് എട്ട് വര്‍ഷം പിന്നിടുന്നു

Published:22 September 2020

പ്രണയത്തിന്റേയും, വിരഹത്തിന്റേയും, ലൈംഗികതയുടേയും, ആരാധനയുടേയുമൊക്കെ മൂര്‍ത്തീഭാവങ്ങളാണ് ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും. സമ്പന്നതയുടെ നിറവില്‍ കഴിഞ്ഞിട്ടും, അകാലത്തില്‍ പൊലിഞ്ഞുപോയ ഭാര്യയുടെ ഓര്‍മ്മകള്‍ക്കൊപ്പം ജീവിക്കുന്ന രവിശങ്കര്‍ (അനൂപ് മേനോന്‍) പറയുന്നുണ്ട്:

 ട്രിവാന്‍ഡ്രം ലോഡ്ജ് സിനിമ പുറത്തിറങ്ങി എട്ട് വര്‍ഷം പൂര്‍ത്തിയായ സന്തോഷം പങ്കുവെച്ച് നടന്‍ അനൂപ് മേനോന്‍. സിനിമയെ സ്‌നേഹിച്ച എല്ലാവര്‍ക്കും അസ്വസ്ഥരായ കുറച്ച് പേര്‍ക്കും നന്ദി എന്നാണ് അനൂപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, സിനിമയെ കുറിച്ച് അനൂപ് തൊഴൂക്കര എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. പ്രണയത്തിന്റേയും, വിരഹത്തിന്റേയും, ലൈംഗികതയുടേയും, ആരാധനയുടേയുമൊക്കെ മൂര്‍ത്തീഭാവങ്ങളാണ് ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും എന്നാണ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പ്:

ട്രിവാന്‍ഡ്രം ലോഡ്ജിന്റെ എട്ട് വര്‍ഷം

മൂന്നോ നാലോ തവണ കണ്ടു കഴിഞ്ഞിട്ടും അറിയപ്പെടാത്ത എന്തോ ഒരു നിഗൂഢത ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്ന ചിത്രത്തിനുണ്ട്. അല്ലെങ്കില്‍ 2012 സെപ്റ്റംബര്‍ 21-നു റിലീസ് ചെയ്ത ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ ഒരു നിശ്ശബ്ദ സന്തോഷമായി മനസ്സില്‍ കൊണ്ട് നടക്കില്ലല്ലോ. സിനിമ കാലഘട്ടങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്ന ഒരു ഒരു മാധ്യമമാണ്. മറ്റെല്ലാ കലാരൂപങ്ങളേയും പോലെ മലയാള സിനിമയും ആദ്യം ഭക്തി സംബന്ധമായ വിഷയങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.

1970 കാലഘട്ടങ്ങളിലൊക്കെ അത് സാമൂഹിക വിഷയങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. 1980-കളിലും 90-കളിലും ശക്തമായ കുടുംബ കഥകള്‍ പറഞ്ഞു കൊണ്ട് മറ്റു ഭാഷാചിത്രങ്ങളെ പോലെ മലയാള സിനിമയും ജനമനസ്സുകളില്‍ ഇടം നേടി. ശ്രീ അനൂപ് മേനോന്‍ രചിച്ച്, ശ്രീ വി.കെ പ്രകാശ് സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രം നിര്‍മ്മിച്ചത് ശ്രീ പി .എം സെബാസ്റ്റ്യാനാണ്. ശ്രീ എം. ജയചന്ദ്രന്‍ സംഗീതം നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയത് ശ്രീ ബിജിപാല്‍ ആണ്.

പ്രദീപ് നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ട്രിവാന്‍ഡ്രം ലോഡ്ജിന്റെ ഹെലിക്യാം ഓപ്പറേറ്റ് ചെയ്തത് അരവിന്ദ് ആണ്. ‘ബ്യൂട്ടിഫുള്‍’ എന്ന ചിത്രത്തിനുശേഷം വി.കെ പ്രകാശ് ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ ചെയ്യുമ്പോള്‍ ലൊക്കേഷന്‍ തിരഞ്ഞെടുത്തത് ഫോര്‍ട്ട്കൊച്ചിയും, മട്ടാഞ്ചേരിയും, തിരുവനന്തപുരവും ഒക്കെയാണ്. രാജീവ് നായരും റഫീഖ് അഹമ്മദും ചേര്‍ന്നാണ് ഗാനങ്ങള്‍ രചിച്ചത്. നജീം ഹര്‍ഷദ്, രാജേഷ് കൃഷ്ണന്‍, എം. ജയചന്ദ്രന്‍, സുചിത്ര എന്നിവര്‍ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കി.

മഹേഷ് നാരായണന്‍ ചിത്രസംയോജനം നിര്‍വ്വഹിച്ച ഈ ചിത്രം ‘ടൈം ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്’ എന്ന പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിച്ച് ‘പോപ്‌കോണ്‍ എന്റെര്‍റ്റൈന്മെന്റ്‌സ്’ വിതരണം നിര്‍വ്വഹിക്കുകയായിരുന്നു.
ഒരു മനോഹരമായ കായലോരത്ത് പഴക്കം ചെന്ന ഒരു ലോഡ്ജും അതിനെ സ്വന്തം ഭവനം പോലെ സ്‌നേഹിക്കുന്ന കുറെ അന്തേവാസികളും ചേര്‍ന്ന ഒരു ലോകമാണ് പ്രത്യക്ഷത്തില്‍ ഈ സിനിമ. ഒറ്റ നോട്ടത്തില്‍ അങ്ങിനെ തോന്നുമെങ്കിലും ഈ ചിത്രത്തിന് വേറെ വലിയ അര്‍ത്ഥങ്ങളുണ്ട്.

അപൂര്‍ണ്ണമായ മനുഷ്യ ജീവിതങ്ങള്‍ നിറഞ്ഞ വലിയ ഈ ലോകത്തിന്റെ മൈക്രോസ്‌കോപിക് നേര്‍ക്കാഴ്ചയാണ് ‘ട്രിവാന്‍ഡ്രം ലോഡ്ജ്’. അടങ്ങാത്ത ആഗ്രഹങ്ങളുടേയും, പ്രതീക്ഷകളുടേയും, ഒറ്റപ്പെടലുകളുടേയും, നിരാശയുടേയുമൊക്കെ ലോകത്ത് ജീവിക്കുന്ന മനുഷ്യ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍.. കൊച്ചി കായലിന്റെ മനോഹാരിതയിലേക്ക് കണ്ണും നട്ട്, ആ ഓളപ്പരപ്പിലേക്ക് തലചായ്ക്കുന്ന ഒരു പഴഞ്ചന്‍ കെട്ടിടമാണ് ട്രിവാന്‍ഡ്രം ലോഡ്ജ്. കൃത്യമായ ജീവിത രീതികള്‍ ഇല്ലാത്ത, അല്ലെങ്കില്‍ ജീവിതത്തിന്റെ പല തുരുത്തുകളില്‍ അറിയാതെ ഒറ്റപ്പെട്ട ചില മനുഷ്യ ജീവിതങ്ങളുടെ അഭയസ്ഥാനം.

അവരില്‍ ജീവിതം തുടങ്ങുന്നവരുണ്ട്, പ്രതീക്ഷാ നിര്‍ഭരരായി കായലിന്റെ കുഞ്ഞലകളിലേക്ക് നോക്കുന്നവരുണ്ട്, ചരട് പൊട്ടിപ്പോയ പട്ടം പോലെ അപൂര്‍ണ്ണമായവരും ഉണ്ട്. ഇനിയും പിറക്കാനിരിക്കുന്ന പുലരികളില്‍ പ്രതീക്ഷ തേടുന്നവരുണ്ട്. കൃത്യമായി വാടക കൊടുക്കാന്‍ പോലും നിര്‍വ്വാഹമില്ലെങ്കിലും ആ ലോഡ്ജ് അവരുടെ അഭയമാണ്. പലര്‍ക്കും അതിനോടുള്ളത് ആഴത്തിലുള്ള ആത്മബന്ധമാണ്.
ഒരേ ലോഡ്ജിലെ അന്തേവാസികള്‍ ആണെങ്കിലും അവരുടെ വ്യക്തിത്വങ്ങളിലെ വൈരുധ്യാത്മകത ശ്രദ്ധേയമാണ്.

പ്രണയത്തിന്റേയും, വിരഹത്തിന്റേയും, ലൈംഗികതയുടേയും, ആരാധനയുടേയുമൊക്കെ മൂര്‍ത്തീഭാവങ്ങളാണ് ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും. സമ്പന്നതയുടെ നിറവില്‍ കഴിഞ്ഞിട്ടും, അകാലത്തില്‍ പൊലിഞ്ഞുപോയ ഭാര്യയുടെ ഓര്‍മ്മകള്‍ക്കൊപ്പം ജീവിക്കുന്ന രവിശങ്കര്‍ (അനൂപ് മേനോന്‍) പറയുന്നുണ്ട്: ‘ഒരാളേ മാത്രം സ്‌നേഹിക്കാന്‍, ഇന്റെന്‍സ് ആയി പ്രണയിക്കാന്‍, to be a one woman man; അതങ്ങനെ ചെയ്യാന്‍ it demands a mind of Quality!’ അതൊരു ആത്മ സമര്‍പ്പണമാണ്. പ്രണയത്തിനും ലൈംഗികതയ്ക്കും ഇടയിലുള്ള വ്യക്തമായ നൂല്‍ പാലമാണ്. രണ്ടു ശരീരങ്ങള്‍ തമ്മില്‍ ഉരസുമ്പോള്‍ ഉണ്ടാകുന്ന ഫ്രിക്ഷന്‍ മാത്രമാണ് ചില നേരത്ത് സെക്‌സ് എന്ന് രവിശങ്കര്‍ പറയുമ്പോള്‍, 999 സ്ത്രീകളെ പ്രാപിച്ച് ആയിരാമത്തേത് ഒരു സ്‌പെഷ്യല്‍ ആവണമെന്നും, ഉള്ളിലെ ആഗ്രഹം ഒരു പോലീസുകാരിയെ അവളുടെ യൂണിഫോമില്‍ പ്രാപിക്കാനാണെന്നും പറയുന്ന കോര വക്കീല്‍ (പി.ബാലചന്ദ്രന്‍) ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്ന സിനിമയുടെ ആദ്യ വൈരുധ്യാത്മകതയാണ്.

പ്രണയത്തിന്റെ ആഴവും പരപ്പും രവിശങ്കറും ഭാര്യ മാളവികയും (ഭാവന) തമ്മിലുള്ള ജീവിതം കൊണ്ട് കാണിക്കുമ്പോള്‍, ഭാര്യ കാശുണ്ടാക്കാന്‍ അറിയുന്ന നക്ഷത്ര വേശ്യയായിരുന്നു എന്നും അവളുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു ചില്ലിക്കാശുപോലും തനിക്ക് വേണ്ട എന്നും പറഞ്ഞ് ഒരു ചായക്കടയിലേക്ക് ഒതുങ്ങിക്കൂടിയ നാരായണന്‍ നായര്‍ (ജയചന്ദ്രന്‍) ഈ ലോകത്തിന്റെ വിഭ്രകാത്മക സൗന്ദര്യത്തില്‍ മയങ്ങാന്‍ കൂട്ടാക്കാത്ത സാധാരണക്കാരനാണ്.

ലോഡ്ജിലെ അന്തേവാസിയാണ് അബ്ദു (ജയസൂര്യ). ഒന്നിലും പ്രതീക്ഷയില്ലാതെ, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു സ്ത്രീയെ സ്പര്‍ശിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്ന ഒരു പൗര പ്രതീകം. എന്നാല്‍ അതേ ലോഡ്ജിലേക്കാണ് ഷിബു വെള്ളായണി (സൈജു കുറുപ്പ്) എന്ന സിനിമ റിപ്പോര്‍ട്ടര്‍ തന്റെ കാമുകിയുമായി രാത്രിയില്‍ കടന്നു വരുന്നത്. മസില്‍ ഉരുട്ടി കയറ്റി ജിമ്മില്‍ പോകുന്നവനും, സിനിമയില്‍ ചാന്‍സ് തരാം എന്ന് പറഞ്ഞു ഷിബു വെള്ളായണി കൂടെ കൂട്ടി ഓസിനു ഫുഡ് അടിക്കുന്ന ചെറുപ്പക്കാരനും, ലോഡ്ജില്‍ മെസ് നടത്തുന്ന പെഗ്ഗി ആന്റിയും (സുകുമാരി), പിയാനോ പഠിപ്പിക്കുന്ന ആര്‍തര്‍ ഗോപാല്‍ റെല്‍ട്ടനും (ജനാര്‍ദ്ദനന്‍) ലോഡ്ജിലെ മറ്റു അന്തേവാസികളാണ്.

പെഗ്ഗി ആന്റിയും റെല്‍ട്ടണും ഭാര്യാഭര്‍ത്താക്കന്മാരായിരുന്നു എന്നത് കഥാന്ത്യത്തിലാണ് പ്രേക്ഷകര്‍ അറിയുന്നത്. ജീവിത പ്രാരാബ്ധങ്ങളുടെ മൗന വാത്മീകങ്ങള്‍ തച്ചുടച്ച് അവര്‍ ചുണ്ടനക്കുന്നത് വരെ പ്രേക്ഷകന് അത് സര്‍പ്രൈസ് തന്നെ. കുടിച്ചു ഫിറ്റായി ലോഡ്ജില്‍ കരം പിരിക്കാന്‍ പോകാന്‍ കഴിയാതെ ഉറങ്ങുന്ന രവിശങ്കറിനെ നോക്കി ആര്‍ക്കെങ്കിലും ബോധമുണ്ടോ എന്ന് പരിഹാസ രൂപേണ ചോദിച്ച് സദാനന്ദനോടൊപ്പം (കൊച്ചു പ്രേമന്‍) വാടക പിരിക്കാന്‍ പോകുന്ന രവിശങ്കറിന്റേയും മാളവികയുടെയും മകന്‍ അര്‍ജുന്‍ (മാസ്റ്റര്‍ ധനഞ്ജയ്) നാളെയുടെ യുവത്വത്തിന്റെ പ്രതീക്ഷയാണ്.

ലോഡ്ജിലെ പിയാനോ അധ്യാപകനായ റെല്‍ട്ടന്റെ വിദ്യാര്‍ത്ഥിനി അമലയുമായി (ബേബി നയന്‍താര) അര്‍ജുന് ചെറിയ ഒരു പ്രണയമുണ്ട്. ട്രിവാന്‍ഡ്രം ലോഡ്ജില്‍ തന്നെ പിയാനോ പഠിക്കാന്‍ പോകണമെന്ന ആഗ്രഹം അര്‍ജുന്‍ അച്ഛനെ അറിയിച്ചപ്പോള്‍ ‘ആരാ മോനേ പെണ്ണ്?’ എന്ന് രവിശങ്കര്‍ ചോദിക്കുന്നിടത്ത് ഒരച്ഛന്റെ കരുതലും വാത്സല്യവുമുണ്ട്. അതിലേറെ അമ്മ മാളവികയെ ആദ്യമായ് കണ്ട അതേ പിയാനോ ശ്രുതികളുടെ ഓര്‍മ്മകളുണ്ട്. ധ്വനി നമ്പ്യാര്‍ (ഹണി റോസ്) ആ ലോഡ്ജില്‍ എത്തുന്നത് യാദൃശ്ചികമായാണ്. ഓഫീസിലെ ഇടുങ്ങിയ അരക്കെട്ടുകളെ കുറിച്ച് താരതമ്യം ചെയ്ത്, വ്യക്തി ഹത്യ വരെ നടത്തിയ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി, വയറുനിറച്ച് ഭക്ഷണം കഴിക്കാനും, പിന്നെ പ്രാര്‍ത്ഥനകളേക്കാള്‍ പുതുമയുള്ള ‘ഫോണിക്കേറ്റ് വിത്ത് അബാഡണ്ടന്റ്’ ; ഒട്ടും റിഫൈന്‍ഡ് അല്ലാത്ത, വളരെ റോ ആയ മീറ്റി എന്‍കൗണ്ടര്‍സ് ആയ, അലഞ്ഞു തിരിയുന്ന ആത്മാക്കളില്‍ തന്റെ അഭിനിവേശം തീര്‍ക്കാനും ഇറങ്ങി തിരിച്ച ഒരു മോഡേണ്‍ യുവതി.

തന്റെ സുഹൃത്ത് സെറീനയെ (ദേവി അജിത്) തേടിയെത്തുമ്പോള്‍ സെറീനയുടെ ഭര്‍ത്താവ് അല്‍ത്താസുമായുള്ള (ജോജു ജോര്‍ജ്) സെറീനയുടെ ദാമ്പത്യ ബന്ധത്തിന്റെ പൊട്ടാത്ത ചങ്ങലക്കെട്ടിന്റെ രഹസ്യം എനിക്കിന്നും മനസ്സിലാകാത്ത ഒരു പാരഡോക്‌സ് ആണ് എന്ന് കുസൃതിയായി ചോദിക്കുന്നുണ്ട് ധ്വനി.
കണ്ണട വച്ച ഒരു IAS കാരന്‍, അല്ലെങ്കില്‍ മീശയില്ലാത്ത ഒരു സിലിക്കണ്‍ വാലി ടെക്കി, ഒക്കെയായിരിക്കും സെറീനയുടെ ഭര്‍ത്താവ് എന്നു കരുതിയ ധ്വനിയ്ക്ക് അതൊരു അമ്പരപ്പായിരുന്നു. ഒട്ടും വിദ്യാഭ്യാസം ഇല്ലാത്ത, നിറയെ പണവും ആവശ്യത്തിന് മണ്ടത്തരവുമുള്ള ഒരു മാപ്പിളയായിരിക്കണം തന്റെ സങ്കല്‍പ്പത്തിലെ ഭര്‍ത്താവ് എന്ന് സെറീന പറയുമ്പോള്‍; എന്നാല്‍ രാത്രി ആന കരിമ്പനകാട്ടില്‍ കയറുന്ന പോലെ തന്നെ പ്രാപിക്കാന്‍ വരുന്ന അയാളുടെ കണ്ണില്‍ നമ്മളാണ് ‘ദി എപിറ്റമി ഓഫ് ലവ്’ എന്ന് പറയുന്നിടത്ത് ധ്വനി സമാധാനമായ മറ്റൊരു ജീവിതം കാണുന്നു.

ട്രിവാന്‍ഡ്രം ലോഡ്ജിലെ സുന്ദരിയായ ധ്വനിയെ പ്രാപിക്കാന്‍ എല്ലാവരും ആഗ്രഹിക്കുമ്പോഴും അവള്‍ വശംവദയാകുന്നത്, ആ ലോഡ്ജില്‍ ആരും തിരിഞ്ഞുനോക്കാത്ത പേക്കോലമായ അബ്ദുവിനാണെന്ന് സിനിമ പറയാതെ പറയുന്നു. ഒരു സെക്‌സ് മാനിയാക്ക് ഫേസ് അല്ലെങ്കില്‍ ഒരു സീരിയല്‍ കില്ലര്‍.. ഇതാണ് അബ്ദുവിന് ധ്വനി നല്‍കുന്ന വിശേഷണം. എന്റെ ശരീരത്തില്‍ അബ്ദുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണെന്ന് അവള്‍ ചോദിക്കുമ്പോള്‍ ‘കുണ്ടി’ (സെന്‍സര്‍ ബോര്‍ഡ് കട്ട്) എന്ന് അവനും, മറുചോദ്യം അബ്ദു ചോദിച്ചപ്പോള്‍ ‘നിന്റെ പല്ലിലെ കമ്പി’ എന്ന് ധ്വനിയും പറയുന്നിടത്ത് ലൈംഗികത എന്ന അടിസ്ഥാന വികാരം വിശപ്പിനോളം, ദാഹത്തോളം പ്രധാനപ്പെട്ട ഒന്നാണെന്ന ‘എബ്രഹാം മാസ്ലോ’ എന്ന മനഃശാസ്ത്ര വിദഗ്ധന്റെ തിയറികളെ സാധൂകരിക്കുന്നു..

സ്ത്രീകളുടെ വറൈറ്റികളില്‍ ആനന്ദം കണ്ടെത്തുന്ന ഷിബു വെള്ളായണിയ്ക്ക്, കന്യകാ മേനോന്‍ (തെസ്‌നി ഖാന്‍) എന്ന കാള്‍ ഗേളിന്റെ കന്യകാത്വം പോലും തിരിച്ചറിയാന്‍ പറ്റാതെ പോകുന്നിടത്ത്, സിനിമയില്‍ ഹാസ്യവും നിറഞ്ഞു നില്‍ക്കുന്നു. അബ്ദു ഒരിക്കല്‍ കന്യകാ മേനോനെ തേടി പോകുന്നതും, എന്നാല്‍ അവരുടെ ദാരിദ്ര്യവും, അവശനായ ഭര്‍ത്താവിന്റെ മലമൂത്ര വിസര്‍ജ്യങ്ങളും കണ്ട് നിരാശനായി മടങ്ങുന്നതും ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തന്നെ.

തികച്ചും അവിചാരിതമായി കന്യകാ മേനോനെ ‘തൂവാന തുമ്പികള്‍’ എന്ന പദ്മരാജന്‍ സൂപ്പര്‍ ഹിറ്റിലെ തങ്ങളുടെ (ബാബു നമ്പൂതിരി) കഥാപാത്രം പരിചയപ്പെടുന്നതും, കന്യകാ മേനോനും ഭര്‍ത്താവിനും സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാവുന്നതും കൂടെ സിനിമ സംസാരിക്കുമ്പോള്‍, ഫാന്റസിയും റിയാലിറ്റിയും തമ്മിലുള്ള ഒരു സംഘര്‍ഷവും സിനിമ സൃഷ്ടിക്കുന്നുണ്ട്. അബ്ദുവും ധ്വനിയും നടന്നു പോകുമ്പോള്‍ ‘നീ ഇപ്പോളും ഇവളെ കൊണ്ടു നടക്കുകയാണോ!?’ എന്ന കന്യകാ മേനോന്റെ ചോദ്യം അത്ഭുതമാണ്. ധ്വനിക്ക് തന്റെ ഭര്‍ത്താവിന്റെ കോംപ്ലക്‌സ്‌കളോട് പ്രതികരിക്കാനുള്ള ഒരു ഉപാധിയും കൂടെയാണ് അബ്ദു. പഞ്ച നക്ഷത്ര ഹോട്ടലിന്റെ ശീതള ഛായയില്‍ തന്റെ ഭാര്യ, ധ്വനി, മറ്റൊരുത്തനൊപ്പം കിടക്കുന്നത് കാണുന്ന അയാളില്‍ ഉണ്ടാവുന്ന ഷോക്ക് ഒരു മധുര പ്രതികാരം കൂടിയാണ്.

ഷിബു വെള്ളായണി എന്ന സിനിമാ പ്രവര്‍ത്തകന്‍ ട്രിവാന്‍ഡ്രം ലോഡ്ജിലേക്ക് കൊണ്ടുവന്ന പെണ്ണിനെ കണ്ട് കോര വക്കീല്‍ ‘ശംഖിനിയാണ് അല്യോടാ’ എന്ന് ചോദിക്കുന്നതും ‘അല്ല, റോസ്ലി, നമ്മുടെ കണ്ണമാലി പള്ളിക്കടുത്തുള്ള..’ എന്ന് പറയുന്നതും, ‘അതല്ലെടാ, വ്യാത്സായനന്റെ കാമ ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന നാലിനം പെണ്ണുങ്ങളില്‍, ശംഖിനിയാണ് അവള്‍ എന്നും, കാമ സലിലത്താല്‍ സദാ നനവാര്‍ന്നവള്‍ ശംഖിനി..!’ എന്ന് കോര വക്കീല്‍ തിരുത്തുന്നതും, താന്‍ പ്രാപിച്ച 999 പെണ്ണുങ്ങളില്‍ 303 എണ്ണം ശംഖിനികള്‍ ആണെന്ന് സമര്‍ത്ഥിക്കുക കൂടി ചെയ്യുന്നിടത്താണ് ശ്രീ അനൂപ് മേനോന്‍ എന്ന ജീനിയസ് സ്‌ക്രിപ്റ്റ് റൈറ്ററെ നാം കൂടുതല്‍ ചികയുന്നത്. പിന്നെ ആ വകഭേദങ്ങള്‍ തേടിയുള്ള യാത്രയുടെ, പ്രേക്ഷകരുടേയും അനുവാചകരുടേയും ജിജ്ഞാസയുടെ ഉത്തരമാണ് ബാക്കിയെല്ലാം :

പദ്മിനി
പൂര്‍ണ്ണ ചന്ദ്ര ശോഭയുള്ള, മഞ്ഞത്താമര നിറമുള്ള, ഗോളാകൃത നേത്രങ്ങളുള്ള, ഉയര്‍ന്ന മാറിടമുള്ള, ഉമിനീര്‍ വിഴുങ്ങുന്നത് കാണുമാറാകുന്ന വിധത്തില്‍ കടഞ്ഞെടുത്ത കഴുത്തഴകുള്ള, നീണ്ട മൂക്കുള്ള, അടിവയറില്‍ മൂന്ന് മടക്കുകളോടെ മുല്ലപ്പൂ ഗന്ധവും, കുയില്‍ നാദവും, ദൈവാരാധനയും, ബുദ്ധിമതിയും, പതുങ്ങുകയോ പരുങ്ങുകയോ ചെയ്യാത്തവളും ആയവള്‍ പദ്മിനി.

ചിത്രിണി
കറുത്ത കാര്‍കൂന്തലും, സിംഹതുല്യമായ അരക്കെട്ടും, നനുത്ത രോമാലംകൃതമായ അടിവയറും തേന്‍ ഗന്ധവും, മയില്‍ സ്വരവും, ബാഹ്യലീലകളില്‍ ആനന്ദം കണ്ടെത്തുന്നവളും, കാമാസലിലത്തിനു ഒട്ടല്‍ ഉള്ളവളും, ഗാനാലാപനം, വളര്‍ത്തു പക്ഷികളെ താലോലിക്കാന്‍ എന്നീ വിനോദങ്ങള്‍ ഉള്ളവളും ചിത്രിണി.

ശംഖിനി
കാമസലിലത്താല്‍ സദാ നനവാര്‍ന്നവള്‍, ദേഷ്യം കലര്‍ന്ന മുഖവും, ചൂട് കൂടിയ ശരീരവും, നീണ്ടു മെലിഞ്ഞ തലയും കൈ കാലുകളും, ധൃതിയില്‍ നടന്നു നീങ്ങുന്നവളും, ഓട്ട കണ്‍ നോട്ടമെറിയുന്നവളും, ഇണയില്‍ നഖക്ഷതങ്ങള്‍ ഏല്‍പ്പിക്കുന്നവളും, ചെറിയ മാറിടങ്ങള്‍ ഉള്ളവളും ശംഖിനി.

ഹസ്തിനി
താരതമ്യേന ഉയരം കുറഞ്ഞവളും, തടിച്ച ചുണ്ടുകളും, അല്‍പ്പം വളഞ്ഞ കഴുത്തും, കുനിഞ്ഞ നടത്തവും, അല്‍പ്പം മര്യാദക്കുറവും, ലജ്ജയില്ലായ്മയും, ദീര്‍ഘ നേരം നീണ്ടു നില്‍ക്കുന്ന വേഴ്ച പ്രിയരും, ആനയുടെ മദജലത്തിന് തുല്യമായ മദഗന്ധമുള്ളവളും ഹസ്തിനി. വ്യാത്സായന മഹര്‍ഷിയുടെ ‘കാമശാസ്ത്രം’ ഒളിഞ്ഞും തെളിഞ്ഞും പലകുറി പരാമര്‍ശിക്കപ്പെടുന്നുണ്ട് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ഈ സിനിമയില്‍.
അബ്ദു എന്ന ഡ്രൈവര്‍ക്ക് തന്റെ ആരാധകയായ അമലയെ പരിചയം ഉണ്ട് എന്നത് അര്‍ജുന് അയാളെ സ്ഥിരമായി ജോലിക്കെടുക്കുന്നതിന് ഒരു കാരണമാകുന്നു. അമലയുടെ ‘കുട്ടിക്കൂറ’ പൗഡര്‍ തന്റെ വില കൂടിയ പെര്‍ഫ്യൂമിനേക്കാള്‍ നല്ലതാണെന്ന് അര്‍ജുന്‍ പറയുന്നിടത്ത് കുഞ്ഞു മനസ്സിന്റെ നിര്‍മ്മലമായ സ്‌നേഹവും പ്രേക്ഷകര്‍ അനുഭവിക്കുന്നു.

‘ട്രിവാന്‍ഡ്രം ലോഡ്ജ്’ റവന്യൂ നടപടികളുടെ ഭാഗമായി എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന തിരിച്ചറിവ് എവരിലും ദുഃഖം ജനിപ്പിക്കുന്നു. തന്റെ പ്രിയതമയുടെ ആഗ്രഹ പ്രകാരം അവളുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തി കൊണ്ട് കല്‍പ്പാന്തകാലം വരെ അത് അവിടെ ഉണ്ടാകണം എന്ന് രവിശങ്കറും ആഗ്രഹിച്ചിരുന്നു. ലോഡ്ജിന്റെ കൈവശാവകാശ രേഖകള്‍ തേടി എല്ലാവരും പരക്കം പായുന്നതും, ഒടുവില്‍ തികച്ചും അപ്രതീക്ഷിതമായി അങ്ങോട്ട് കടന്നു ചെന്ന്, വേശ്യയുടെ സമ്പാദ്യം തനിക്കു വേണ്ടെന്ന് പറഞ്ഞ് ഏകനായി ജീവിച്ച നാരായണന്‍ നായര്‍; താന്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്ന ആ രേഖകള്‍ മകനെ ഏല്‍പ്പിക്കുന്നതും, ‘വയസ്സുകാലത്ത് നീയൊക്കെ എന്നെ നോക്കും എന്നതിന് എന്താണ് ഉറപ്പെന്ന്?’ ഒരു ഹിന്ദി ഗസലിന്റെ പശ്ചാത്തലത്തില്‍ മകനോട് ചോദിക്കുകയും ചെയ്യുന്നിടത്ത് ട്രിവാന്‍ഡ്രം ലോഡ്ജ് അവസാനിക്കുന്നു.

അച്ഛനോടൊപ്പം രണ്ടു പെഗ്ഗ് കഴിച്ച് അദ്ദേഹത്തെ തന്റെ കൂടെ ജീവിക്കാന്‍ ക്ഷണിക്കുന്ന രവിശങ്കറും, ധ്വനി എന്ന സര്‍പ്പസുന്ദരിയെ പ്രാപിക്കാന്‍ വേണ്ടി ലോഡ്ജില്‍ ഉറക്കമൊഴിച്ച് പലരും കാത്തിരിക്കുമ്പോള്‍ ശാന്തനായി ഉറങ്ങുന്ന അബ്ദുവും പ്രതീകാത്മക ചിത്രീകരണം തന്നെ. ശ്രീ.വി.കെ.പ്രകാശും, ശ്രീ. അനൂപ് മേനോനും ചേര്‍ന്ന് അഭ്രപാളിയില്‍ വരച്ചു തീര്‍ത്തത് നമ്മുടെയൊക്കെ മനസ്സാണ്. മനുഷ്യ മനസ്സിന്റെ അകവും പുറവും പച്ചയായി ആവിഷ്‌ക്കരിക്കപ്പെട്ടു എന്നതാണ് ട്രിവാന്‍ഡ്രം ലോഡ്ജിനെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.


വാർത്തകൾ

Sign up for Newslettertop