24
October 2020 - 11:11 am IST

Download Our Mobile App

World

Saudi King, UN, Saudi King Speech

സൗദി രാജാവിന്‍റെ അപൂർവ യുഎൻ പ്രസംഗം; പലസ്തീനികളെ കൈവിടില്ല

Published:24 September 2020

പലസ്തീനികളുടെ അവകാശങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും അതേസമയം തന്നെ പശ്ചിമേഷ്യയിലെ സമാധാനത്തിനായി അമെരിക്ക നടത്തുന്ന പരിശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും രാജാവ് പറഞ്ഞു

ദുബായ്: ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രസംഗിക്കുന്ന രണ്ടാമത്തെ സൗദി രാജാവായി എൺപത്തിനാലുകാരൻ സൽമാൻ രാജാവ്. പൊതുപ്രസംഗങ്ങൾ വളരെ അപൂർവമായി മാത്രം നടത്താറുള്ള അദ്ദേഹം വിഡിയോയിലൂടെയാണ് യുഎൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തത്. പലസ്തീനികളുടെ അവകാശങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും അതേസമയം തന്നെ പശ്ചിമേഷ്യയിലെ സമാധാനത്തിനായി അമെരിക്ക നടത്തുന്ന പരിശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും രാജാവ് പറഞ്ഞു. മേഖലയിലെ അസ്ഥിരതയ്ക്ക് ഉത്തരവാദി ഇറാനാണെന്നും സൽമാൻ രാജാവ് കുറ്റപ്പെടുത്തി.

സൽമാൻ രാജാവിന്‍റെ സഹോദരനായിരുന്ന അന്തരിച്ച മുൻ സൗദ് രാജാവ് 1957ൽ ന്യൂയോർക്കിലെ യുഎന്‍ ആസ്ഥാനത്ത് പ്രസംഗിച്ചിരുന്നു. 63 വർഷത്തിനു ശേഷമാണ് യുഎൻ പൊതുസഭയിൽ മറ്റൊരു സൗദി രാജാവിന്‍റെ പ്രസംഗം. മുസ്ലിം ലോകത്തിന്‍റെയും ഇസ്ലാമിക വിശ്വാസികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ചരിത്രപരമായ ഉത്തരവാദിത്വം സൗദി അറേബ്യയ്ക്കുണ്ട്. ഇസ്ലാമിന്‍റെ ജന്മസ്ഥലത്തുനിന്നാണ് താൻ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ പിതാവ് അബ്ദുൾ അസീസ് രാജാവിന്‍റെ വലിയ ചിത്രത്തിനു മുന്നിലിരുന്നാണ് എഴുതിത്തയാറാക്കിയ പ്രസംഗം സൽമാൻ രാജാവ് വായിച്ചത്.

ഇസ്രയേലുമായി സമാധാനത്തിന് 2002ൽ മുന്നോട്ടുവച്ച കരാറിലെ ഉപാധികളിൽ പ്രമുഖം പലസ്തീനികൾക്ക് സ്വതന്ത്ര രാജ്യം അംഗീകരിക്കുക എന്നതാണെന്നും രാജാവ് ചൂണ്ടിക്കാട്ടി. ഇസ്രയേലിനെ അംഗീകരിക്കുന്നതിനുള്ള മുൻഉപാധിയായിരുന്നു ഇത്. മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള അടിസ്ഥാനം ഈ അറബ് സമാധാന പദ്ധതിയാണ്- അദ്ദേഹം പറഞ്ഞു. ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിക്കാൻ അടുത്തിടെ യുഎഇയും ബഹറിനും കരാറുകൾ ഒപ്പുവച്ചതിനു പിന്നാലെയാണ് സൗദി രാജാവിന്‍റെ ഈ പരാമർശങ്ങൾ. 

സൗദിയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങളെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ച ഇറേനിയൻ നടപടിയെ രാജാവ് വിമർശിച്ചു. ആഗോള സാമ്പത്തിക വ്യവസ്ഥയുടെയോ എണ്ണ വിപണിയുടെയോ ഭദ്രതയെക്കുറിച്ച് ഇറാൻ ചിന്തിക്കുന്നില്ലെന്ന് സൽമാൻ രാജാവ് കുറ്റപ്പെടുത്തി. 


വാർത്തകൾ

Sign up for Newsletter



top