24
October 2020 - 12:11 pm IST

Download Our Mobile App

National

farmbill

താങ്ങുവില നിയമത്തിന്‍റെ ഭാഗമായിരുന്നില്ല: കൃഷിമന്ത്രി

Published:24 September 2020

ആർക്കു വേണമെങ്കിലും ഉത്പന്നം വിൽക്കാനും മതിയായ വില ഉറപ്പുവരുത്താനും കർഷകനു കഴിയും. അവർക്കിനി വിള വൈവിധ്യവത്കരണം നടത്താം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൃഷിച്ചെലവ് കുറയ്ക്കാം. ഒട്ടേറെ ഗുണങ്ങളുണ്ട് ബില്ലിന്- തോമർ പറഞ്ഞു.

ന്യൂഡൽഹി: പാർലമെന്‍റ് പാസാക്കിയ കാർഷിക ബില്ലുകൾ രാജ്യത്തെ കൃഷിക്കാരുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. ആർക്കു വേണമെങ്കിലും ഉത്പന്നം വിൽക്കാനും മതിയായ വില ഉറപ്പുവരുത്താനും കർഷകനു കഴിയും. അവർക്കിനി വിള വൈവിധ്യവത്കരണം നടത്താം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൃഷിച്ചെലവ് കുറയ്ക്കാം. ഒട്ടേറെ ഗുണങ്ങളുണ്ട് ബില്ലിന്- തോമർ പറഞ്ഞു.

നിയമം പ്രാബല്യത്തിലാകുന്നതോടെ താങ്ങുവില ഇല്ലാതാകുമെന്ന പ്രതിപക്ഷ ആരോപണം വസ്തുതാ വിരുദ്ധമെന്നും തോമർ. താങ്ങുവില തുടരും. സർക്കാർ സംഭരണവും എപിഎംസിയും പതിവുപോലെയുണ്ടാകും. താങ്ങുവിലയും നിയമവുമായി ഒരുകാലത്തും ബന്ധമുണ്ടായിരുന്നില്ല. താങ്ങുവില നിയമത്തിനു കീഴിലാക്കിയിട്ടുമില്ല. ഇപ്പോൾ വിമർശനം ഉന്നയിക്കുന്ന കോൺഗ്രസ് സ്വന്തം പാർട്ടി ഭരിച്ചപ്പോഴൊന്നും താങ്ങുവില നിയമം മൂലം സ്ഥിരപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും തോമർ ചോദിച്ചു.

കാർഷിക ബില്ലുകൾ സംബന്ധിച്ച സമരവും വിവാദവും രൂക്ഷമായിരിക്കെ ഒരു വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണു മന്ത്രി കേന്ദ്ര സർക്കാരിന്‍റെ നിലപാടുകൾ വിശദീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ കർഷകർക്കു വേണ്ടി നിരവധി നടപടികളെടുത്തിരുന്നു. പക്ഷേ, നിയമ ഭേദഗതി വരുത്താതെ താഴേത്തട്ടിൽ ഇതു കർഷകരിലേക്കെത്തില്ലെന്നാണ് ഞങ്ങൾക്കു മനസിലായത്. അതുകൊണ്ടാണു നിയമഭേദഗതി നടപ്പാക്കിയത്.
താങ്ങുവിലയെ ഈ ബില്ലുകൾ ബാധിക്കില്ല.

റാബി വിളകൾക്ക് താങ്ങുവില ഉയർത്തിയത് തന്നെ ഇതിനു വ്യക്തമായ തെളിവാണ്. എന്നെങ്കിലും താങ്ങുവില ഏതെങ്കിലും നിയമത്തിന്‍റെ ഭാഗമായിരുന്നോ എന്നു വിമർശിക്കുന്നവർ പറയട്ടെ. കുറ്റം പറയാനൊന്നുമില്ലാത്തതിനാൽ കോൺഗ്രസ് താങ്ങുവിലയെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. കർഷകരുടെ കാര്യം പറയുമ്പോൾ രാഷ്‌ട്രീയം പാടില്ല. അവരോട് ഒരുപാട് അനീതികൾ ചെയ്തു. ചൂഷണങ്ങൾക്കിരയാക്കി. അതുകൊണ്ടാണ് മോദി സർക്കാർ ബില്ലുകളിലൂടെ അവർക്ക് സ്വാതന്ത്ര്യം നൽകിയത്.

എപിഎംസിയുടെ നിയന്ത്രണത്തിലുള്ള ചന്തകളിൽ നികുതിയൊടുക്കണം. ഇടനിലക്കാരുടെ കമ്മിഷൻ വേണ്ടിവരും. കൃഷിക്കാർ ഉത്പന്നങ്ങളുമായി ചന്തയിലെത്തുമ്പോൾ ലൈസൻസുള്ള 25- 30 പേർ ലേലത്തിനെത്തും. അവർ ലേലത്തിൽ പറയുന്ന തുക എന്തായാലും അതിനു വഴങ്ങേണ്ടിവരും കർഷകർ. അല്ലെങ്കിൽ ഉത്പന്നം മടക്കിക്കൊണ്ടുപോകാം. പക്ഷേ, വിൽക്കണമെങ്കിൽ വീണ്ടും ചന്തയിലെത്തണം. അതിനു വീണ്ടും ഗതാഗതച്ചെലവുൾപ്പെടെ കർഷകന്‍റെ പോക്കറ്റിൽ നിന്നു പോകും. ഇതൊക്കെയാണ് പുതിയ ബില്ലുകളിലൂടെ പൊളിച്ചെഴുതിയത്.

കർഷകനു പൂർണ സംരക്ഷണമൊരുക്കുന്നതാണ് പുതിയ ബിൽ. വ്യാപാരിയുമായി തർക്കമുണ്ടായാൽ 30 ദിവസത്തിനുള്ളിൽ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഇടപെട്ടു പരിഹരിക്കണമെന്നാണു ബില്ലിലെ വ്യവസ്ഥ. കർഷകനു വേണമെങ്കിൽ കരാറിൽ നിന്നു പിന്മാറാം. എന്നാൽ, വ്യാപാരിക്ക് അതിന് അവകാശമില്ല. അഥവാ പിന്മാറണമെങ്കിലും കരാർ പ്രകാരമുള്ള പണം കർഷകനു നൽകണം. ഒരു തരത്തിലും കർഷകന്‍റെ ഭൂമി നഷ്ടമാകില്ല. തർക്കത്തിന്‍റെ ഭാഗമായി കർഷകനിൽ നിന്ന് നഷ്ടം ഈടാക്കാൻ തീരുമാനമായാൽ പോലും അതു പണമായി മാത്രമേ സ്വീകരിക്കാനാവൂ.

ഭൂമിയിൽ ഒരു നടപടിയും പാടില്ല. ഈ സർക്കാർ പൂർണമായും കർഷകർക്കൊപ്പമാണ്. പിഎം കിസാൻ പദ്ധതിയിൽ ഇതുവരെ 93,000 കോടി രൂപ കർഷകർക്കു നൽകിക്കഴിഞ്ഞു. 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതിനാണ് സർക്കാർ ശ്രമിക്കുന്നത്.
കോൺഗ്രസിന് കൃഷിയെക്കുറിച്ച് അറിയില്ല. അവർ ആകെ അമ്പരപ്പിലും ഞെട്ടലിലുമാണ്. കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ സ്ഥാപിത ലക്ഷ്യങ്ങളുണ്ട്. കോൺഗ്രസിലെ നല്ല നേതാക്കളെ ആരും കേൾക്കുന്നില്ല. മറ്റുള്ളവർ പറയുന്നതു കേൾക്കാൻ കൂട്ടാക്കാത്തവരാണ് നേതൃത്വത്തിൽ- തോമർ പറഞ്ഞു.

 


വാർത്തകൾ

Sign up for Newslettertop