30
October 2020 - 8:08 am IST

Download Our Mobile App

Flash News
Archives

World

Farooq Abdullah, Kashmir, China

കശ്മീരികൾ ആഗ്രഹിക്കുന്നത് ചൈനീസ് ഭരണം; വിവാദ പ്രസ്താവനയുമായി ഫറൂഖ് അബ്ദുള്ള

Published:24 September 2020

ഒരു ഓൺ‌ലൈൻ പോർട്ടലിനു വേണ്ടി മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിനു നൽകിയ അഭിമുഖത്തിലാണ് ഫറൂഖിന്‍റെ പരാമർശം.

ഡൽഹി: ജമ്മു കശ്മീരിൽ ചൈനീസ് ഭരണം വേണമെന്നാണ് അവിടത്തെ ജനത ആഗ്രഹിക്കുന്നതെന്ന വിവാദ പ്രസ്താവനയുമായി മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ഒരു ഓൺ‌ലൈൻ പോർട്ടലിനു വേണ്ടി മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിനു നൽകിയ അഭിമുഖത്തിലാണ് ഫറൂഖിന്‍റെ പരാമർശം. കശ്മീരികള്‍ക്ക് ഇന്ത്യക്കാരാണെന്ന തോന്നല്‍ നഷ്ടമായെന്നും ബിജെപി തന്നെയും കശ്മീരിലെ ജനങ്ങളെയും വഞ്ചിച്ചുവെന്നും അദ്ദേഹം.

കശ്മീരിൽ ഇപ്പോൾ സമരമില്ലാത്തത് അവിടത്തെ ജനത 370ാം വകുപ്പ് നീക്കിയതിനെ അനുകൂലിക്കുന്നതുകൊണ്ടാണെന്ന ബിജെപിയുടെ വാദം തെറ്റാണ്. തെരുവുകളിൽ നിന്നു സൈന്യത്തെ പിൻവലിച്ചാൽ ലക്ഷക്കണക്കിനു കശ്മീരികൾ പ്രക്ഷോഭരംഗത്തെത്തും. പുതിയ സ്ഥിരതാമസ നിയമം കശ്മീർ താഴ്‌വരയിൽ കൂടുതൽ ഹിന്ദുക്കളെ താമസിപ്പിക്കാനും അവിടം ഹിന്ദു ഭൂരിപക്ഷ പ്രദേശമാക്കാനും ഉദ്ദേശിച്ചുള്ളതാണ്. ഇതു കൂടുതൽ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വഞ്ചിക്കുകയായിരുന്നു. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് കശ്മീരിന്‍റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയില്ലെന്ന തോന്നലായിരുന്നു എനിക്കുണ്ടായത്. പക്ഷെ ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു. ജനങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ വഞ്ചകനായി. കേന്ദ്രം എന്നെ തടവിലാക്കുകയും ചെയ്തു.

കേന്ദ്ര സർക്കാർ എന്നെ വഞ്ചകനായാണ് കണ്ടത്. കശ്മീരികൾ എന്നെ ഇന്ത്യയുടെ സേവകനായി കണ്ടു. രണ്ടിടത്തും ഞാൻ ചതിയനായി മാറി. എന്നാൽ, എട്ടു മാസത്തോളം തടവിൽ കഴിയേണ്ടി വന്നതോടെ കശ്മീരിൽ മുഖ്യധാരാ പാർട്ടികൾക്ക് ജനവിശ്വാസം വീണ്ടെടുക്കാനായിട്ടുണ്ട്. ഞങ്ങളൊന്നും ഇന്ത്യയുടെ സേവകരല്ലെന്ന് അവർക്കു മനസിലായി.  കശ്മീരിന്‍റെ പദവി പുനഃസ്ഥാപിക്കാൻ മരണം വരെയും പോരാടുമെന്നും എന്നാൽ, സമാധാനപരമായിരിക്കും തന്‍റെ സമരമെന്നും ഫറൂഖ്. കശ്മീരിലെ ആളുകൾക്ക് കേന്ദ്ര സർക്കാരിനെ വിശ്വസിക്കാൻ കഴിയുന്നില്ല.

വിഭജന വേളയിൽ താഴ്വരയിലെ ആളുകൾക്ക് പാക്കിസ്ഥാനിലേക്ക് പോകാന്‍ വളരെ എളുപ്പമായിരുന്നു. പക്ഷേ അവർ "ഗാന്ധിയുടെ ഇന്ത്യയിൽ ചേർന്നു, മോദിയുടെ ഇന്ത്യയല്ല "ഇന്ന് ചൈന മറുവശത്ത് മുന്നേറുകയാണ്, കശ്മീരികളില്‍ പലരും ചൈന വരാൻ ആഗ്രഹിക്കുന്നുവെന്ന് നിങ്ങള്‍ക്ക് അവരോട് സംസാരിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. അതേസമയം ചൈനക്കാർ തങ്ങളുടെ പ്രദേശത്തെ മുസ്‌ലിംകളോട് എന്താണ് ചെയ്തതെന്ന് അവർക്കറിയാമെന്നും ഫറൂഖ്.പാർലമെന്‍റിൽ കശ്മീർ വിഷയം ഉന്നയിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും തനിക്കു സമയം അനുവദിച്ചില്ലെന്നും ഫറൂഖ് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top