26
January 2021 - 4:48 pm IST

Download Our Mobile App

SPB Songs, Malayalam Songs, SP Balasubrahmanyam, SPB Tamil Songs, SPB Malayalam Songs

ആയിരം നിലവും കണ്ടു മടങ്ങി

Published:25 September 2020

# സി.കെ.വിശ്വനാഥൻ

എം.ജി.ആർ അടിമൈപ്പെൺ എന്ന സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ അതിലെ ഏറ്റവും മനോഹരമായ ഗാനം പാടാൻ ഒരു പുതിയ ശബ്ദം മതി എന്ന നിർദേശം മുന്നോട്ടുവച്ചു. ബാലസുബ്രഹ്മണ്യം എന്ന യുവഗായകനെ മനസ്സിൽക്കണ്ടാണ് എം.ജി.ആർ ഇതു പറഞ്ഞത്.

രോഗാവസ്ഥയാണ് എസ്.പിയെ സംഗീത ജീവിതത്തിന്‍റെ തുടക്കത്തിൽ തുണച്ചതെങ്കിൽ ഇപ്പോഴിതാ ലോകം വിറങ്ങലിച്ചു നിൽക്കുന്ന മറ്റൊരു രോഗകാലത്ത് ജീവിതത്തിന്‍റെ അരങ്ങിൽ നിന്ന് ഒഴിയുന്നു. എം.ജി.ആർ അടിമൈപ്പെൺ എന്ന സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ അതിലെ ഏറ്റവും മനോഹരമായ ഗാനം പാടാൻ ഒരു പുതിയ ശബ്ദം മതി എന്ന നിർദേശം മുന്നോട്ടുവച്ചു. ബാലസുബ്രഹ്മണ്യം എന്ന യുവഗായകനെ മനസ്സിൽക്കണ്ടാണ് എം.ജി.ആർ ഇതു പറഞ്ഞത്. ബാലുവിന്‍റെ ശബ്ദം എപ്പോഴോ ആ സൂപ്പർ താരത്തിന്‍റെ കാതിൽപ്പെട്ടിരുന്നു. ബാലു അന്ന് എൻജിനിയറിങ് വിദ്യാർഥിയാണ്.

എം.ജി.ആറിന്‍റെ ചിത്രത്തത്തിൽ ചാൻസു കിട്ടാൻ ആരായാലും കൊതിച്ചു നടക്കുന്ന കാലം. അടിമൈപ്പെൺ എന്ന ചിത്രത്തിനുവേണ്ടി കെ.വി.മഹാദേവന്‍റെ സംഗീത സംവിധാനത്തിൽ ബാലുവിനെക്കൊണ്ടു പാടിക്കാൻ തീരുമാനിച്ചത് എം.ജി.ആർ തന്നെയായിരുന്നു.

പക്ഷെ, പെട്ടെന്നു പിടിപെട്ട കടുത്ത പനിമൂലം ബാലു കിടപ്പിലായി. തുടക്കക്കാരനായ തനിക്കുകിട്ടിയ സുവർണാവസരം അങ്ങനെ പോയല്ലോ എന്നത് ബാലുവിനെ കടുത്ത ദുഃഖത്തിലാഴ്ത്തി. പനി സുഖപ്പെട്ടുവരാൻ ഒരു മാസത്തിലേറെ സമയമെടുത്തു. അതുകഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് അടിമൈപ്പെണ്ണിന്‍റെ റെക്കോഡിങ് നടന്നിട്ടില്ലെന്നറിഞ്ഞത്. ബാലു എം.ജി.ആറിനെ കാണാൻ ചെന്നു.

അന്ന് എം.ജി.ആറിനെ കണാൻ സാധിച്ചില്ലെങ്കിലും മഹാദേവനെ കണ്ടു. ബാലുവിനെ കണ്ട മാത്രയിൽ മഹാദേവൻ പറഞ്ഞു - "അല്ലാ ബാലു, നീ ഇത്രമാത്രം എന്ത് വശ്യമന്ത്രമാണ് എം.ജി.ആറിനോട് പ്രയോഗിച്ചത്?'' സംഗതി കേട്ടപ്പോൾ ബാലു ഒന്നു പേടിച്ചു. സംഗീത സംവിധായകൻ ഇങ്ങനെ പറഞ്ഞാൽ പിന്നെ പാടിയിട്ടെന്തു കാര്യം?

"എടോ തനിക്കു വേണ്ടി കാത്തിരിക്കാനാണ് എം.ജി.ആർ പറഞ്ഞത് '

ബാലുവിന് വിശ്വസിക്കാനായില്ല. അടുത്ത ദിവസം തന്നെ ബാലു ഇതിനു നന്ദി പറയാൻ എം.ജി.ആറിനെ വീട്ടിൽ പോയി കണ്ടു.

""നീ എന്‍റെ പടത്തിൽ പാടാൻ പോകുന്നുവെന്ന് നീ എല്ലാവരോടും പറഞ്ഞിരിക്കും. നിന്‍റെ കോളെജിലെ കൂട്ടുകാർ,​ സുഹൃത്തുക്കൾ, ബന്ധുക്കൾ എല്ലാം ആ പാട്ടുകേൾക്കാൻ എന്ത് താത്പര്യത്തോടെയായിരിക്കും കാത്തിരിക്കുക എന്ന് എനിക്ക് ഊഹിക്കാം. പാടാൻ എനിക്ക് വേറെ ആളെ കിട്ടും. പക്ഷേ നിന്‍റെ കാര്യം ആലോചിച്ചപ്പോൾ നിരാശപ്പെടുത്താൻ എനിക്കു തോന്നിയില്ല. അതുകൊണ്ടാണ് നിനക്കു പകരക്കാരനായി വേറെ ആരെയും കൊണ്ട് പാടിക്കാതെ റെക്കോഡിങ് രണ്ടുമാസത്തേക്ക് നീട്ടിവെച്ചത്.''

ആ മഹാമനസ്കതയ്ക്കു മുന്നിൽ നമിച്ചുപോയി എസ്പിബി.

തമഴ് മക്കൾ പിന്നീട് ആ ഗാനം ഹൃദയത്തിലേറ്റി - ""ആയിരം നിലവേ വാ... ഓരായിരം നിലവേ വാ....''

എം.ജി.ആർ ചിത്രങ്ങളിലെ പ്രണയഗാനങ്ങളിൽ ക്ലാസ്സിക്കൽ ടച്ച് വരാറില്ല. എന്നാൽ പതിവിനു വിപരീതമായി ഈ ഗാനം ക്ലാസ്സിക്കൽ ബെയിസിലായിരുന്നു. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത എസ്.പി ആദ്യം നേരിട്ട വെല്ലുവിളി. പിന്നീട് ശങ്കരാഭരണത്തിലും എസ്.പി. ഇതേ വെല്ലുവിളി നേരിടുകയുണ്ടായി എന്നത് ചരിത്രം.

സംഗീത വിഹായസ്സിൽ ആയിരമല്ല പതിനായിരം നിലവാണ് ബാലുവിന്‍റെ ജീവിതത്തിലേക്ക് കടന്നുവന്നത്. നിലവ് എന്നാൽ തമിഴിൽ പൂർണചന്ദ്രൻ എന്നർഥം.

മലയാളത്തിലും ഭാഗ്യം

മലയാളത്തിൽ ആദ്യമായി പാടിയതും ഇത്തരത്തിൽ ഒരു ഭാഗ്യനിമിഷത്തിലാണ്. മഞ്ഞിലാസ് കടൽപ്പാലം എന്ന സിനിമ ചെയ്യാൻ പദ്ധതിയിടുന്ന കാലം. ചിത്രത്തിൽ സത്യനാണ് നായകൻ. പ്രേംനസീറിന് കാമുക വേഷം. കടൽക്കരയിൽ പ്രേംനസീർ പാടി അഭിനയിക്കുന്ന ഗാനം വയലാർ എഴുതിയത് അൽപ്പം തത്വചിന്ത ഉൾപ്പെടുത്തിയാണ്. ദേവരാജനാണ് സംഗീതം.

സംവിധായകൻ സേതുമാധവൻ പറഞ്ഞു - "ഇതൊരു അശരീരി പോലെ കടൽക്കരയിൽ മുഴങ്ങുന്ന പ്രതീതി ഉണ്ടാവണം. കാരണം മനുഷ്യ സ്നേഹത്തിന് വിലയില്ല എന്ന തത്വമാണ് പാട്ടിന്‍റെ ആന്തരാർഥം.'

അക്കാലത്ത് നസീറിനു വേണ്ടി അധികമായും പാടുന്നത് യേുദാസാണ്. യേശുദാസിന്‍റെ ശബ്ദം തന്നെ കൊടുത്താൽ പാട്ട് ഉദ്ദേശിക്കുന്ന ഫലം ചെയ്യില്ല.

അങ്ങനെയാണ് സേതുമാധവൻ തമിഴിൽ നിന്ന് എസ്.പി. ബാലസുബ്രഹ്മണ്യത്തെ കൊണ്ടുവരുന്നത്.

അപ്പോൾ മറ്റൊരു പ്രശ്നം. നസീറിന്‍റെ ശബ്ദത്തിന് യോജിച്ചതല്ല എസ്.പി.യുടെ ആലപനശൈലി.

അങ്ങനെയെങ്കിൽ സത്യൻ കേൾക്കുന്ന രീതിയിൽ അവതരിപ്പിച്ചാലോ?

എന്തായാലും ഒടുവിൽ പ്രേംനസീർ തന്നെ എസ്പിബിയുടെ സ്വരത്തിന് ചുണ്ടനക്കി.

ആലാപനശൈലികൊണ്ട് ഇന്നും ആ ഗാനം ഓരോ മലയാളിയുടെയും ചുണ്ടിൽ മായാതെ നിൽക്കുന്നു -

"ഈ കടലും മറു കടലും ഭൂമിയും വാനവും കടന്ന്,

ഈരേഴ് പതിനാല് ലോകങ്ങൾ കാണാൻ, ഇവിടന്നു പോണവരേ...'

ഇപ്പോൾ ബാലുവും പതിനാലു ലോകത്തിനപ്പുറത്തേക്ക് പോയിരിക്കുന്നു, അഭൗമമായ സംഗീത വീചികൾ നമുക്ക് സമ്മാനിച്ചിട്ട്.


വാർത്തകൾ

Sign up for Newslettertop