30
October 2020 - 7:52 am IST

Download Our Mobile App

Flash News
Archives

Kerala

Kerala Congress, CF Thomas

നാല് പതിറ്റാണ്ട് ചങ്ങനാശേരിയെ നയിച്ച സാമാജികൻ ഓർമ്മയായി; സി.എഫിന് അഞ്ചുവിളക്കിന്റെ നാട് യാത്രാമൊഴിയേകി

Published:28 September 2020

# ബിനീഷ് മള്ളൂശേരി

കൊവിഡ് നാടാകെ വ്യാപിക്കുന്ന ഈ സമയത്തും പ്രോട്ടോക്കോൾ തെറ്റിക്കാതിരിക്കാൻ പണിപ്പെട്ട് ജനങ്ങൾ സി.എഫ് തോമസെന്ന ജനനായകനെ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയ കാഴ്ചയായിരുന്നു ചങ്ങനാശേരി കണ്ടത്.

ചങ്ങനാശേരി: കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ചങ്ങനാശേരിയുടെ ഹൃദയ സ്പന്ദനങ്ങളറിഞ്ഞ് നാട്ടുകാരുടെ മനസിലിടം നേടിയ ജനനായകന് ജന്മനാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. കൊവിഡ് നാടാകെ വ്യാപിക്കുന്ന ഈ സമയത്തും പ്രോട്ടോക്കോൾ തെറ്റിക്കാതിരിക്കാൻ പണിപ്പെട്ട് ജനങ്ങൾ സി.എഫ് തോമസെന്ന ജനനായകനെ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയ കാഴ്ചയായിരുന്നു ചങ്ങനാശേരി കണ്ടത്. പലരും പരിസരം മറന്ന് പൊട്ടിക്കരയുന്നതും സിഎഫിനോടുള്ള അടുപ്പം അറിയിക്കുന്നതായിരുന്നു. ചെന്നിക്കര വീട്ടു മുറ്റത്തുനിന്നും ഭൗതീക ശരീരം പള്ളിയിലേക്ക് എടുക്കുന്ന സമയം തന്നെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയുടെ പാരിഷ് ഹാളും പരിസരവും ജനസാഗരമായിട്ടുണ്ടായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങൾ ഉൾപ്പെടെ 20 പേർക്കാണ് വസതിയിലെ പ്രാർത്ഥനയ്ക്ക് പങ്കെടുക്കാൻ അനുവാദം നൽകിയിരുന്നത്.

രാവിലെ പത്തരയോടെ കേരള കോൺഗ്രസ് പാർട്ടിയുടെ ആദരമായി പി.ജെ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ പാർട്ടി പതാക സി.എഫ്.തോമസ് എംഎൽഎയുടെ ഭൗതിക ശരീരത്തിൽ പുതപ്പിച്ചു. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വസതിയിലെ അന്ത്യശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.കൂടി നിന്നിരുന്ന ജനാവലി സാമൂഹിക അകലം പാലിച്ച് സമീപത്തെ വീടുകളുടെ മുറ്റത്തും  റോഡിലും മറ്റും നിന്ന് പ്രാർത്ഥനയിൽ പങ്കെടുത്തു.

പിന്നീട് മന്ത്രിമാരുടെയും എം.പി മാരുടെയും വാഹനങ്ങളുടെ അകമ്പടിയോടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള  വിലാപയാത്ര കുര്യാളശേരി മ്യൂസിയം റോഡിലൂടെ മെത്രാപ്പോലീത്തന്‍ പാരിഷ് ഹാളില്‍ പ്രത്യേകം അലങ്കരിച്ച പീഠത്തില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു.

12 മുതല്‍ ആരംഭിച്ച പൊതുദര്‍ശനം മൂന്നിന് അവസാനിക്കുമ്പോള്‍ നിരവധി സഭ മേലധ്യക്ഷന്‍മാര്‍ അന്ത്യശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഈ വേളയിൽ സിഎഫിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കേരളത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുമുള്ള രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക  നേതാക്കന്‍മാരും പാർട്ടി പ്രവര്‍ത്തകരും നാട്ടുകാരും എത്തിയിരുന്നു. പാരിഷ് ഹാളിനുള്ളില്‍ സിഎഫിന്റെ കുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, എം പി മാര്‍, എം എല്‍ എമാര്‍, സംസ്ഥാന നേതാക്കന്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക്  പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നു.

തുടര്‍ന്ന് ഹാളില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടന്നു. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായി അനുശോചന സന്ദേശം നൽകി. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അന്ത്യശുശ്രൂഷയ്ക്ക് നേതൃത്വം കൊടുത്തു. വിവിധ വൈദികരും  സന്യസ്തരും അല്‍മായ പ്രമുഖരും പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു.

ഉച്ചതിരിഞ്ഞു മൂന്നുമണിയോടെ  പൊതുദര്‍ശനം സമാപിക്കുന്ന സമയം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി സി.എഫിന്റെ മൃതദേഹത്തിന് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തുടര്‍ന്ന് കത്തീഡ്രല്‍ പള്ളിയിലെ സെമിത്തേരിയിലേക്ക്. അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയായതോടെ സര്‍ക്കാര്‍ ബഹുമതിയുടെ ഭാഗമായി പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ആകാശത്തേയ്ക്ക് മൂന്ന് തവണ വെടി ഉതിര്‍ത്തുകൊണ്ട് സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നാടിന്റെ പ്രിയ നായകന് ജന്മനാട് വിടനൽകി. തുടര്‍ന്ന് പാരിഷ്ഹാളില്‍ സര്‍വ്വകക്ഷി നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ അനുശോചന യോഗവും ചേര്‍ന്നു. അഞ്ചുവിളക്കിന്റെ നാടെന്നു ഖ്യാതികേട്ട ചങ്ങനാശേരിയിൽ നാലുപതിറ്റാണ്ട് ജനസേവകനായി നിലകൊണ്ട സിഎഫ് ഇനി ഓർമ്മകളിൽ മാത്രം.


വാർത്തകൾ

Sign up for Newslettertop