24
October 2020 - 11:00 am IST

Download Our Mobile App

National

kitchen

അഞ്ചു രൂപയ്ക്കു ഭക്ഷണം, ബംഗാളിൽ മമത കിച്ചൺ

Published:29 September 2020

കൊവിഡ് 19 ലോക്ഡൗണിനെത്തുടർന്ന് തൊഴിൽ നഷ്ടമായ കുടിയേറ്റത്തൊഴിലാളികൾക്ക് അഞ്ചു രൂപയ്ക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന ദീദിർ റാണാഘർ അഥവാ മമതാ കിച്ചൺ പദ്ധതിക്കാണു പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ തുടക്കമിട്ടത്.

കോൽക്കത്ത: അമ്മ ക്യാന്‍റീനുകളിലൂടെ ജനമനസ് കീഴടക്കിയ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മാർഗം പിന്തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊവിഡ് 19 ലോക്ഡൗണിനെത്തുടർന്ന് തൊഴിൽ നഷ്ടമായ കുടിയേറ്റത്തൊഴിലാളികൾക്ക് അഞ്ചു രൂപയ്ക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന ദീദിർ റാണാഘർ അഥവാ മമതാ കിച്ചൺ പദ്ധതിക്കാണു പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ തുടക്കമിട്ടത്.

രാവിലെ 11 മുതൽ ഉച്ചയ്ക്കുശേഷം മൂന്നു വരെ പ്രവർത്തിക്കുന്ന മമത കിച്ചണിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമാകും ലഭിക്കുക. ചോറും ദാലും ഖിച്ച്ഡിയും ഉൾപ്പെടെയുള്ളവ ഇവിടെയുണ്ടാകുമെന്നു സർക്കാർ. പശ്ചിമ ബംഗാൾ ദുർഗാപൂജ ആഘോഷങ്ങൾക്കൊരുങ്ങുന്നതിനിടെയാണ് മമതയുടെ പ്രഖ്യാപനം. പാവപ്പെട്ടവർക്ക് വസ്ത്രങ്ങൾ നൽകുന്നതും സർക്കാർ പരിഗണിക്കുന്നുണ്ടെന്നു ടിഎംസി എംഎൽഎ തപസ് റോയി. നേരത്തേ, ദുർഗാപൂജാ പന്തലുകൾക്കും സർക്കാർ സഹായം പ്രഖ്യാപിച്ചിരുന്നു. വരുന്ന മേയ് മാസത്തിൽ കേരളത്തിനൊപ്പമാണു പശ്ചിമ ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പ്. ഇതു മുന്നിൽക്കണ്ടാണു മമതയുടെ നീക്കം.

2013ലാണ് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അമ്മ ക്യാന്‍റീനെന്ന പേരിൽ പാവപ്പെട്ടവർക്കായി സംസ്ഥാനത്ത് ന്യായവില ക്യാന്‍റീനുകൾ ആരംഭിച്ചത്. ഒരു രൂപയ്ക്ക് ഇഡ്ഡലിയും അഞ്ചു രൂപയ്ക്കു സാംബാർ സാദവും നൽകുന്ന ക്യാന്‍റീനുകൾ ഏറെ ജനപ്രിയമായെന്നു മാത്രമല്ല, അണ്ണാ ഡിഎംകെയ്ക്ക ഭരണത്തുടർച്ച ഉറപ്പാക്കുന്നതിലും നിർണായകമായി.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി വലിയ വിജയം നേടിയതോടെ ജനപ്രിയ പദ്ധതികളിലേക്കു തിരിഞ്ഞിരുന്നു മമത. ന്യൂനപക്ഷ പ്രീണനമെന്ന ബിജെപി ആരോപണം മറികടക്കാൻ ദുർഗാപൂജയുൾപ്പെടെ ആഘോഷങ്ങൾക്ക് സർക്കാർ പ്രത്യേക സഹായം നൽകുന്നുണ്ട്. ഇതിനു പുറമേയാണ് വെജിറ്റേറിയൻ ക്യാന്‍റിനുകൾ തുടങ്ങിയത്.


വാർത്തകൾ

Sign up for Newsletter



top