ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:10 October 2020
ഉടുമ്പന്‍ചോലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. കേരളാ- തമിഴ്നാട് അതിര്‍ത്തി പഞ്ചായത്താണ് ഉടുമ്പന്‍ചോല. വന മേഖലയില്‍ നിന്നും കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്ന ആനകളെ നിരീക്ഷിയ്ക്കുന്നതിനായി സ്വന്തമായി ഡ്രോണ്‍ നിര്‍മിച്ചിരിക്കുകയാണ് ഉടുമ്പന്‍ചോല സ്വദേശിയായ ജോയല്‍ എന്ന ഒന്‍പതാം ക്ലാസുകാരന്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ വസ്തുക്കള്‍ ഓണ്‍ലൈനില്‍ എത്തിച്ചാണ് ജോയല്‍ ഡ്രോണ്‍ നിര്‍മിച്ചത്. ഇതിനാവശ്യമായ തുക അലങ്കാര മത്സ്യ, പക്ഷി ഈ മിടുക്കന് വളര്‍ത്തലിലൂടെയാണ് കണ്ടെത്തിയത്.
ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്തിലെ ഏലതോട്ടം മേഖലകള്‍ കാട്ടാനയുടെ അതിരൂക്ഷമായ ശല്യം നേരിടുന്ന മേഖലയാണ്. ഏതാനും വര്‍ഷം മുന്‍പ് ജോയലിന്റെ സഹപാഠിയുടെ പിതാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപെട്ടിരുന്നു. ഇതോടെയാണ് ലോക് ഡൗണ്‍ കാലഘട്ടത്തില്‍ കാട്ടനകളെ നിരീഷിയ്ക്കുന്നതിനായി ഡ്രോണ്‍ നിര്മിയ്ക്കാന് ജോയല്‍ തീരുമാനിച്ചത്. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി ഡ്രോണ്‍ നിര്മിയ്ക്കുന്നതിനാവശ്യമായ സാധനങ്ങള്‍ എത്തിച്ചു. സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയായ കേരളാ ഫ്ളയേഴ്സ് ക്ലബ് ന്റെ സഹായം വാട്സ് ആപ്പിലും ഫോണിലൂടെയും ലഭിച്ചു.
25000 രൂപയാണ് ഡ്രോണിന്റെ നിര്‍മാണത്തിന് ചെലവായത്. അലങ്കാര മത്സ്യങ്ങളേയും പക്ഷികളേയും പരിപാലിച്ച് അവ വിറ്റ് കിട്ടിയ തുകയാണ് ഈ കൊച്ചു മിടുക്കന് സാധനങ്ങള്‍ വാങ്ങാനായി ഉപയോഗിച്ചത്. ഡിജിസിഎയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഡ്രോണില്‍ കാമറ ഘടിപ്പിയ്ക്കും. തുടര്‍ന്ന് വനം വകുപ്പിന്റെ സഹകരണത്തോടെ അതിര്‍ത്തി മേഖലയില്‍ നീരിക്ഷണം നടത്താനാണ് ജോയലിന്റെ പദ്ധതി. ഉടുമ്പന്‍ചോല ക്ലാമറ്റത്തില്‍ സിബി- ക്ലാര ദമ്പതികളുടെ മകനായ ജോയല്‍ കല്ലുപാലം വിജയമാതാ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. ജിയ, ജോവാന് എന്നിവരാണ് സഹോദരങ്ങള്‍