30
October 2020 - 8:04 am IST

Download Our Mobile App

Flash News
Archives

Kerala

Kerala Cement Dealers, Cement Price

സിമന്റ് കമ്പനികൾ തടഞ്ഞുവച്ചിരിക്കുന്നത് 250 കോടി രൂപയുടെ അഡ്വാൻസ് തുക; ഡീലർമാർ കടക്കെണിയിൽ

Published:17 October 2020

ലോക് ഡൗണിനു ശേഷം സിമന്റു കമ്പനികള്‍ സംസ്ഥാനത്ത് സിമന്റിന് ചാക്കിന് 50 രൂപയോളം വില കൂട്ടി. ജിഎസ്ടി ഇനത്തില്‍ വലിയ തുക ലഭിക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരും ഈ ചൂഷണത്തിനു നേരെ കണ്ണടയ്ക്കുകയാണെന്നും ഇവർ ആരോപിച്ചു

കോട്ടയം: കേരളത്തിലെ ഉയര്‍ന്ന സിമന്റ് വിലയ്ക്കു കാരണം തമിഴ്‌നാട്ടിലെ കുത്തക കമ്പനികളാണെന്ന് കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍. ലോക് ഡൗണിനു ശേഷം സിമന്റു കമ്പനികള്‍ സംസ്ഥാനത്ത് സിമന്റിന് ചാക്കിന് 50 രൂപയോളം വില കൂട്ടി. ജിഎസ്ടി ഇനത്തില്‍ വലിയ തുക ലഭിക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരും ഈ ചൂഷണത്തിനു നേരെ കണ്ണടയ്ക്കുകയാണെന്നും ഇവർ ആരോപിച്ചു. കേരളത്തില്‍നിന്നും ഒരു മാസം 50 കോടി രൂപ വച്ച് കഴിഞ്ഞ 5 മാസമായി 250 കോടി രൂപ അന്യായമായി കമ്പനികള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ആയത് തിരികെ തരണമെന്നും സിമന്റ് വില 380 രൂപ ആക്കണമെന്നും ഇവർ ആവശ്യപ്പെട്ടു     

കൊച്ചിന്‍ തുറമുഖം വഴി എത്തുന്ന വിദേശ സിമന്റും, തമിഴ്‌നാട് ഇതര സിമന്റും 320 രൂപ വില നിരക്കില്‍ വില്‍ക്കാന്‍ കഴിയും. എന്നാല്‍ കേരളത്തിന്റെ ഉപയോഗത്തിന് അനുസൃതമായി ഈ സിമന്റ് എത്തുന്നില്ലെന്നതാണ് പ്രശ്‌നം. ഇതാണ് തമിഴ്‌നാട്  കമ്പനികളുടെ ചൂഷണത്തിന് ഇടയാക്കുന്നത്. തമിഴ്‌നാട് കേന്ദ്രമായുള്ള ആറ് സിമന്റ് കമ്പനികളുടെ ലോബിയാണിതിന് പിന്നിലെന്നും ഇവർ ആരോപിച്ചു.

ലോക് ഡൗണിനെ തുടര്‍ന്ന് കൊച്ചിന്‍ തുറമുഖം വഴി സിമന്റ് വിദേശത്തുനിന്നും ഗുജറാത്ത്, ആന്ധ്ര പോലുള്ള അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നതുമൂലം വിലയില്‍ ഗണ്യമായ കുറവുണ്ടായി. മുന്‍കാലങ്ങളില്‍ സിമന്റിന്  വില കുറയുമ്പോള്‍ തമിഴ്‌നാടു കമ്പനികള്‍  നഷ്ടം പരിഹരിച്ചു തരുകയാണ് പതിവ്. എന്നാല്‍ മാസാമാസം സെറ്റില്‍ ചെയ്യാറുള്ള നഷ്ടം കഴിഞ്ഞ ഏപ്രില്‍ മാസത്തിനുശേഷം ഇതുവരെ കമ്പനികള്‍ കേരളത്തിലെ സിമന്റ് ഡീലേഴ്‌സിന് നല്‍കാന്‍ തയ്യാറായിട്ടില്ല.

445 രൂപ വച്ച് അഡ്വാന്‍സ് തുക കമ്പനികളില്‍ അടച്ചിട്ടാണ് സിമന്റ് തരുന്നത്. മാര്‍ക്കറ്റിലെ വില ഇപ്പോള്‍ 300 രൂപയാണ്. ഇതില്‍ ഡീലര്‍ കമ്മീഷന്‍ കമ്പനി തരണം, ഒരു ബാഗ് സിമന്റിന് കമ്പനി തരുന്ന വിലയെക്കാള്‍ 70 രൂപ കുറച്ചാണ് നിലവിൽ വില്‍ക്കുന്നത്. ശരാശരി ഒരു ജില്ലയില്‍ 40000 മുതല്‍ 50000 ടണ്‍ വരെ സിമന്റ് വില്‍ക്കുന്നുണ്ട്. അതായത് ഒരു ജില്ലയില്‍ നിന്നു നാലു കോടി രൂപ ഈ ഇനത്തില്‍ കമ്പനികള്‍ അധികമായി വാങ്ങുന്നുണ്ട്.

ഡീലേഴ്‌സ് നടത്തുന്ന സമരം പൊളിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണ്. എന്നാല്‍ ഇതില്‍ നിന്നും പിന്നോട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനും ശ്രമിച്ചു വരികയാണ്. ഡീലേഴ്‌സിനെതിരെ ആസൂത്രിത ആക്രമണ ശ്രമം നടന്നതായും ഇവർ ആരോപിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ആര്‍ ഫ്രാന്‍സിസ്, ജില്ലാ പ്രസിഡന്റ് സോജന്‍ സക്കറിയ, സെക്രട്ടറി സജൻ ജെ എടച്ചേരിൽ, ട്രഷറർ ടോം വാടനയിൽ  തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


വാർത്തകൾ

Sign up for Newsletter



top