02
December 2020 - 6:36 am IST

Download Our Mobile App

Flash News
Archives

Travel

Miyawaki Forest, Kerala Tourism, Covid 19, Travel

മിയാവാക്കി വനങ്ങളുമായി ടൂറിസം വകുപ്പ്

Published:25 October 2020

കേരളത്തില്‍ സ്വാഭാവികമായി വളരുന്ന ഔഷധച്ചെടികളും, ഫലവൃക്ഷങ്ങളും, പൂമരങ്ങളുമാണ് മിയാവാക്കി മാതൃകയില്‍ നട്ടു പിടിപ്പിക്കുക. കേരളത്തില്‍ അന്യം നിന്നു കൊണ്ടിരിക്കുന്ന ചെടികള്‍ കണ്ടെത്തി അവയില്‍ കഴിയുന്നത്രയെണ്ണം പിടിപ്പിക്കുവാന്‍ ഈ പദ്ധതിയില്‍ പ്രത്യേകം ശ്രദ്ധിക്കും.

തിരുവനന്തപുരം: സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരളത്തിലുടനീളം മിയാവാക്കി മാതൃകാ കാടുകള്‍ ഒരുക്കുവാന്‍ കേരള ടൂറിസം തയ്യാറെടുക്കുന്നു. ഏകദേശം രണ്ടേക്കര്‍ സ്ഥലത്ത് മുപ്പതിനായിരം മരങ്ങള്‍ വെച്ചു പിടിപ്പിക്കുവാനാണ് പദ്ധതി. കൊവിഡാനന്തര കാലത്ത് ആരോഗ്യ-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സഞ്ചാരികള്‍ക്കുണ്ടാവുന്ന താല്പര്യം കണക്കിലെടുത്തു കൊണ്ടു കൂടിയാണ് മിയാവാക്കി കാടുകള്‍ സൃഷ്ടിക്കുവാന്‍ കേരള ടൂറിസം മുന്‍കൈയ്യെടുക്കുന്നത്. കേരളത്തില്‍ സ്വാഭാവികമായി വളരുന്ന ഔഷധച്ചെടികളും, ഫലവൃക്ഷങ്ങളും, പൂമരങ്ങളുമാണ് മിയാവാക്കി മാതൃകയില്‍ നട്ടു പിടിപ്പിക്കുക. കേരളത്തില്‍ അന്യം നിന്നു കൊണ്ടിരിക്കുന്ന ചെടികള്‍ കണ്ടെത്തി അവയില്‍ കഴിയുന്നത്രയെണ്ണം പിടിപ്പിക്കുവാന്‍ ഈ പദ്ധതിയില്‍ പ്രത്യേകം ശ്രദ്ധിക്കും.

പന്ത്രണ്ടു ജില്ലകളില്‍ ഇരുപത്തി രണ്ടിടങ്ങളിലാണ് മിയാവാക്കി മാതൃകാ വനങ്ങള്‍ വച്ചു പിടിപ്പിക്കുന്നത്. സ്വാഭാവിക വനങ്ങള്‍ ധാരാളമുള്ള ഇടുക്കിയും വയനാടും ഒഴികെ മറ്റെല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്.ജപ്പാനില്‍ പ്രൊഫസര്‍ അകിരാ മിയാവാക്കി 1970-കളില്‍ ആരംഭിച്ച മിയാവാക്കി മാതൃകാവനവല്ക്കരണ പരിപാടികള്‍ക്ക് ആഗോളതലത്തില്‍ തന്നെ വലിയ സ്വീകാര്യത ലഭിച്ചു. പ്രൊഫസര്‍ മിയാവാക്കിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തന്നെ ഏതാണ്ട് നാലു കോടി മരങ്ങള്‍ ലോകമെമ്പാടും നട്ടു പിടിപ്പിക്കപ്പെട്ടിട്ടുണ്ട്.

പ്രൊഫസര്‍ മിയാവാക്കിയുടെ മാതൃക പിന്തുടര്‍ന്ന് കോടിക്കണക്കിന് മരങ്ങള്‍ വ്യക്തികളും സന്നദ്ധ സംഘടനകളും നട്ടു പിടിപ്പിക്കുന്നുണ്ട്.അന്യം നിന്നു പോകുന്ന സസ്യങ്ങള്‍ സംരക്ഷിക്കുന്നതിനും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവു കുറയ്ക്കുന്നതിനും പുറമെ, അന്തരീക്ഷ താപനില കുറയ്ക്കുന്നതിലും ഭൂഗര്‍ഭ ജലനിരപ്പുയര്‍ത്തുന്നതിലും വിവിധ സൂക്ഷ്മ ജീവികള്‍ക്കും ചെറു ജീവജാലങ്ങള്‍ക്കും ആവാസ വ്യവസ്ഥയൊരുക്കുന്നതിലും മിയാവാക്കി വനങ്ങള്‍ സഹായിക്കും.തീപിടുത്തം, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാവുമ്പോഴും ചെറിയ തോതില്‍ തടഞ്ഞു നിര്‍ത്തുവാനും രക്ഷാപ്രവര്‍ത്തനത്തിനും കൂടുതല്‍ സമയം കണ്ടെത്തുവാനും മിയാവാക്കി വനങ്ങള്‍ സഹായകമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ജപ്പാനിലെ നിപ്പോണ്‍ സ്റ്റീല്‍ കോര്‍പ്പറേഷന്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ പരിസര മലിനീകരണം, വായു മലിനീകരണം, തീപിടുത്തം ഇവയൊക്കെ തടയാന്‍ അവരുടെ പ്ലാന്റുകള്‍ക്കും ചുറ്റുമായി മിയാവാക്കി മാതൃകാ വനങ്ങള്‍ വച്ചു പിടിപ്പിച്ചിട്ടുണ്ട്.വളരെപ്പെട്ടെന്ന് ചെടികള്‍ വളര്‍ച്ച കൈവരിക്കുമെന്നതാണ് മിയാവാക്കി വനങ്ങളുടെ പ്രത്യേകത. നൂറു വര്‍ഷം കൊണ്ട് ഒരു സ്വാഭാവിക വനം നേടുന്ന വളര്‍ച്ച 30 വര്‍ഷം കൊണ്ട് ഒരു മിയാവാക്കി വനം കൈവരിക്കും.

കേരളം സന്ദര്‍ശിച്ച സസ്യ ശാസ്ത്രജ്ഞരും പ്രൊഫസര്‍ മിയാവാക്കിയുടെ സഹപ്രവര്‍ത്തകരുമായ പ്രൊഫ. ബോക്‌സും, പ്രൊഫസര്‍ ഫ്യുജിവാര കസ്യൂവും കണ്ടെത്തിയ ഒരു കാര്യം മിയാവാക്കി മാതൃകാ വനങ്ങള്‍ക്ക് കേരളത്തില്‍ വളര്‍ച്ച കൂടുതലാണെന്നതാണ്. ആഗോള തലത്തില്‍ മിയാവാക്കി വനങ്ങള്‍ പ്രതിവര്‍ഷം ഒരു മീറ്റര്‍ ഉയരത്തില്‍ വളരുമ്പോള്‍ കേരളത്തില്‍ മൂന്നര മീറ്ററില്‍ കുറയാത്ത വളര്‍ച്ച കാണുന്നുണ്ട്. ഇവിടെ മഞ്ഞുകാലമില്ല എന്നതും ആറുമാസം നീണ്ടു നില്ക്കുന്ന മഴക്കാലം ഉണ്ടെന്നതുമാണ് ഇതിനു കാരണമായി പറയുന്നത്.


വാർത്തകൾ

Sign up for Newsletter



top