പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:22 November 2020
ന്യൂഡൽഹി: ശസ്ത്രക്രിയകൾ നടത്താൻ ആയുർവേദ ഡോക്ടർമാർക്ക് കേന്ദ്ര സർക്കാർ അനുമതി. ജനറൽ സർജറി അടക്കം നിർവഹിക്കാൻ സ്പെഷ്യലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് അനുമതി നൽകിയാണ് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങിയത്. ശസ്ത്രക്രിയയിൽ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 തരം സർജറികൾ ആയുർവേദ ഡോക്ടർമാർക്ക് നടത്താമെന്നാണ് ഉത്തരവിൽ പറയുന്നത്. ശസ്ത്രക്രിയക്ക് സമാനമായ 19 ചികിത്സയ്ക്കും അനുമതിയുണ്ട്.
ശല്യതന്ത്ര (ജനറൽ സർജറി), ശാലാക്യതന്ത്ര (ഇഎൻടി, ദന്തചികിത്സ) ബിരുദാനന്തര ബിരുദമുള്ളവർക്ക് പ്രായോഗിക പരിശീലനം നേടി ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടത്താം. ശല്യതന്ത്രയിൽ പൈൽസ്, മൂത്രക്കല്ല്, ഹെർണിയ, വെരിക്കോസ് വെയിൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട 34 ശസ്ത്രക്രിയകൾക്കാണ് അനുമതി. ശാലാക്യതന്ത്രയിൽ തിമിര ശസ്ത്രക്രിയ, പല്ലിലെ റൂട്ട് കനാൽ തെറപ്പി തുടങ്ങി 15 ചികിത്സകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയിൽ പിജി ചെയ്യുന്ന ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ ഉൾപ്പെടെ തിയറി പഠിക്കുന്നുണ്ടെങ്കിലും പരിശീലനം ഉണ്ടാകാറില്ല. ഇതിൽ മാറ്റം വരുത്തും. അതേസമയം കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ എതിർപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി.
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് പരിശീലനം നൽകില്ലെന്നും ആധുനിക വൈദ്യത്തെ പാരമ്പര്യരീതിയുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഐഎംഎ പ്രതികരിച്ചു. ആയുർവേദ ഡോക്ടർമാർ വേണമെങ്കിൽ അവരുടേതായ ശസ്ത്രക്രിയ രീതികൾ വികസിപ്പിക്കട്ടെ. അശാസ്ത്രീയമായ തീരുമാനത്തിനെതിരെ ശക്തമായി പോരാടുമെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് രാജൻ ശർമ പ്രതികരിച്ചു.