പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:22 November 2020
വാഷിങ്ടൺ: അമെരിക്കയുടെ അടുത്ത പ്രഥമ വനിത ജിൽ ബൈഡന്റെ പോളിസി ഡയറക്റ്ററായി ഇന്ത്യൻ വംശജയായ മാല അഡിഗയെ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചു. വിദ്യാഭ്യാസ നയങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ പരിചയ സമ്പന്നയാണ് മാല അഡിഗ. ദശകങ്ങളായി അധ്യാപന രംഗത്തു പ്രവർത്തിക്കുന്ന ജിൽ വിദ്യാഭ്യാസ മേഖലയിലാവും തന്റെ പ്രവർത്തനം തുടരുകയെന്നാണു സൂചന. ഇതു മുന്നിൽക്കണ്ടാണ് മാല അഡിഗയുടെ നിയമനം. സൈനിക കുടുംബകാര്യങ്ങളിലും ജിൽ ശ്രദ്ധ നൽകും.
പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ജോ ബൈഡന്റെ സീനിയർ നയ ഉപദേശകയായിരുന്നു മാല അഡിഗ. ഉന്നത വിദ്യാഭ്യാസ, സൈനിക കുടുംബ കാര്യങ്ങളിൽ ബൈഡൻ ഫൗണ്ടേഷന്റെ ഡയറക്റ്ററായും നേരത്തേ മാല പ്രവർത്തിച്ചിട്ടുണ്ട്. ബരാക് ഒബാമയുടെ ഭരണകാലത്ത് വിദ്യാഭ്യാസ, സാംസ്കാരിക ബ്യൂറോയിൽ അക്കാഡമിക് പ്രോഗ്രാമുകളുടെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഒഫ് സ്റ്റേറ്റ് ആയിരുന്നു. ഒബാമയുടെ കാലത്തു തന്നെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫിസിൽ ആഗോള വനിതാ വിഷയങ്ങളിലെ ചീഫ് ഒഫ് സ്റ്റാഫും സീനിയർ ഉപദേശകയുമായിരുന്നു.
വൈറ്റ് ഹൗസിൽ തന്റെ ടീമിൽ പ്രവർത്തിക്കുന്നവരുടെ കൂടുതൽ നിയമനങ്ങൾ ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. ബൈഡൻ കുടുംബവുമായി ദീർഘകാലം അടുത്തു പ്രവർത്തിച്ചവരാണ് ഇവരിൽ ഏറെയും. ബൈഡൻ ഫൗണ്ടേഷന്റെ എക്സിക്യൂട്ടിവ് ഡയറക്റ്ററായിരുന്ന ലൂയിസ ടെറലാണ് ലെജിസ്ലെറ്റിവ് കാര്യങ്ങൾക്കുള്ള വൈറ്റ് ഹൗസ് ഓഫിസിന്റെ ഡയറക്റ്ററാവുക.
നാഷണൽ സെക്യൂരിറ്റി സ്റ്റാഫിൽ മനുഷ്യാവകാശ ഡയറക്റ്റർ, നിയമ മന്ത്രാലയത്തിൽ അറ്റോർണി തുടങ്ങിയ സ്ഥാനങ്ങളിലും മുൻപ് മാല അഡിഗ പ്രവർത്തിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഒഫ് ചിക്കാഗോ ലോ സ്കൂളിൽ നിന്ന് ജെഡി ബിരുദം നേടിയ മാല യൂണിവേഴ്സിറ്റി ഒഫ് മിനസോട്ടയിൽ നിന്ന് എംപിഎച്ചും കരസ്ഥമാക്കി. ലോവയിലെ ഗ്രിന്നേൽ കോളെജിൽ നിന്ന് സ്പാനിഷിൽ ബിഎയും നേടിയിട്ടുണ്ട് ഇവർ.