പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:26 November 2020
സംഗീതം നിലയ്ക്കുമ്പോള്‍ ഈ താഴ്വാരം നിശബ്ദമാകും... കാഴ്ചകള്‍ വീണ്ടും പച്ചപ്പിലേക്കും കൃഷിയിലേക്കും ഭൂമിയിലേക്കും തിരികെ വരും. പറഞ്ഞു വരുന്നത് അരുണാചല്‍ പ്രദേശിലെ സ്വര്‍ഗമായ സിറോ വാലിയെക്കുറിച്ചാണ്. നിശബ്ദത തന്നെ മുഖമുദ്രയാക്കിയിരിക്കുന്ന സുന്ദരി ഗ്രാമം. ഏറെ പ്രസിദ്ധമായ സിറോ മ്യൂസിക് ഫെസ്റ്റിവലിനു താളം പാടിച്ചു തുടങ്ങുന്ന ഈ നാട് ആഘോഷം കഴിയുന്ന അടുത്ത നിമിഷം പഴയ നിശബ്ദതയിലേക്ക് തിരികെയെത്തും. അത്ര എളുപ്പത്തില്‍ സഞ്ചാരികള്‍ക്കു പിടികൊടുക്കില്ലെങ്കിലും കണ്ട മാത്രയില്‍ ഈ നാട് ഹൃദയത്തില്‍ കയറിക്കൂടും എന്ന കാര്യത്തില്‍ സംശയം വേണ്ടേ വേണ്ട....
സിറോ വാലി
പ്രകൃതിയില്‍ പച്ചപ്പില്‍ ചേര്‍ന്നു ഇല്ലാതാകാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് പറ്റിയ നാടാണ് സിറോ വാലി. ഇവിടെ എത്തിയാല്‍ ആരിലും യാതൊരു തിരക്കോ ബഹളങ്ങളോ എന്തിനധികം അനാവശ്യമായ ചോദ്യങ്ങളോ സംശയത്തോടെയുള്ള നോട്ടമോ ഒന്നും നിങ്ങളുടെ നേരേ ഉണ്ടാവില്ല. നിങ്ങളും പ്രകൃതിയും തമ്മില്‍ ഒരു ആത്മബന്ധം സ്ഥാപിച്ചെടുക്കാന്‍ സിറോ വാലിയോളം മികച്ച മറ്റൊരു നാടു കാണില്ല.
അപതാനി ഗോത്രക്കാര്‍
വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഗോത്രക്കാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തരായ വിഭാഗക്കാരാണ് അപതാനി ഗോത്രം. സിറോ വാലിയില്‍ അധിവസിക്കുന്ന ഇവര്‍ പുറംലോകത്തിന് വിചിത്രമെന്നു തോന്നുന്ന പല കാര്യങ്ങളും ചെയ്യുന്നുണ്ട്. മുഖത്താകമാനമുള്ള പച്ചകുത്തലും സ്ത്രീകളുടെ മൂക്കിലും വലിയ മൂക്കുത്തികളും എല്ലാം ഇവരുടെ പ്രത്യേകതകളാണ്.
അതിര്‍ത്തിയില്‍ നിന്നും വന്നവര്‍
ഇന്ത്യക്കാരുടെ മുഖസാദൃശ്യത്തേക്കാളും നേപ്പാള്‍ ചൈന വംശക്കാരുടെ മുഖത്തോടാണ് ഇവര്‍ക്ക് കൂടുതല്‍ സാമ്യം. വലിയ മുഖവും ചെറിയ കണ്ണുകളുമാണ് ഇവരുടെ സൗന്ദര്യം. ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തിയില്‍ നിന്നും ജീവിക്കാനായി ഇവിടേക്ക് എത്തിയവരാണ് സിറോ വാലിക്കാര്. ലോകത്തിലെ ആകെ അപതാനി വര്‍ഗക്കാര്‍ അറുപതിനായിരത്തിനടുത്തുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതില്‍ പകുതിയും ഇവിടെ സിറോ ഗ്രാമത്തിലും ചുറ്റിലുമായാണ് ജീവിക്കുന്നത്. ഇവരുടെ വേരുകള്‍ ചെന്നു നില്ക്കുക മംഗോളിയയിലാണ്.
പച്ചകുത്തലിനു പിന്നില്‍
അപതാനി വിഭാഗക്കാരുടെ പച്ചകുത്തലിനും മൂക്കുത്തി പ്രേമത്തിനും പിന്നില്‍ രസകരമായ ചില കഥകളുണ്ട്. ഹിമാലയത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകള്‍ അപതാനി വിഭാഗത്തിലെ സ്ത്രീകളാണത്രെ. അതുകൊണ്ട് മറ്റിടങ്ങളില്‍ നിന്നുള്ള പുരുഷന്മാര് വന്ന് തങ്ങളുടെ സ്ത്രീകളെ തട്ടിക്കൊണ്ടു പോകാതിരിക്കാനാണ് ഇങ്ങനെ വിചിത്രമെന്നു തോന്നിക്കുന്ന ആചാരം തുടങ്ങിവെച്ചത്. മൂക്കില്‍ വലിയ തുളകളും അതിനെ മറക്കുന്ന തടിക്കഷ്ണവും ചേര്‍ന്നതാണ് അപതാനി സ്ത്രീകളുടെ മൂക്ക്. ശരീരത്തിലും വലിയ രീതിയില്‍ പച്ച കുത്തിയിരിക്കുന്നത് കാണാം. സൂര്യനെയും ചന്ദ്രനെയും ആരാധിക്കുന്ന രീതി ഇന്നും തുടരുന്ന അപതാനി വിഭാഗക്കാര്‍ ഈ ആരാധനാ രീതിക്ക് തുടക്കം കുറിച്ച ഏറ്റവും പ്രാചീന വിഭാഗങ്ങളിലൊന്നുകൂടിയാണ്.
മട്ടുപ്പാവിലും കൃഷി ചെയ്യും
കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന അപതാനികള്‍ വലിയ അധ്വാന ശീലര്‍ കൂടിയാണ്. സിറോ വാലിയുടെ ചിത്രങ്ങളിലെ പച്ചപ്പ് ഇതിനുദാഹരണമാണ്. എവിടെ നനവ് കണ്ടാലും അവര്‍ അവിടെ കൃഷിയിറക്കും. വന്ന് വന്ന് മികച്ച രീതിയില്‍ കൃഷിചെയ്യുന്ന ഇവര്‍ മട്ടുപ്പാവില്‍ വരെ കൃഷിയിറക്കിയിട്ടുണ്ട്. തങ്ങള്‍ക്കാവശ്യമായതെല്ലാം അവര്‍ കൃഷിയിലൂടെ നേടിയെടുക്കുന്നു.
യുനസ്കോയില്
പ്രകൃതിയോട് ഏറ്റവും ചേര്‍ന്നു നില്ക്കുന്ന കൃഷിരീതികളാണ് ഇവിടെ പിന്തുടരുന്നത്. യന്ത്രവത്കരണം ഇവരുടെ ജീവിതത്തെ ബാധിച്ചിട്ടേയില്ല. തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം കൃഷി ചെയ്തെടുക്കുമ്പോഴും പ്രകൃതിയെ അൽപ്പം പോലും വേദനിപ്പിക്കാതിരിക്കാന്‍ ഇവര്‍ കരുതാറുണ്ട്. ഇതേ കരുതലാണ് യുനസ്കോയുടെ ലോക പൈതൃക ഇടങ്ങളുടെ പട്ടികയിലേക്ക് സിറോ വാലിയെ എത്തിച്ചതും. കുന്നിന്ചെരുവുകളില് തട്ടുതട്ടായി കെട്ടി അവര്‍ കൃഷി ചെയ്യുന്നു. ഗുണമേന്മയാണ് ഇവരുടെ മറ്റൊരു പ്രത്യേകത.
സിറോ മ്യൂസിക് ഫെസ്റ്റിവല്‍
ഇന്ത്യയിലെ ഏറ്റവും വലിയ ഔട്ട് ഡോര്‍ മ്യൂസിക് ഫെസ്റ്റിവല്‍ എന്നാണ് സിറോ മ്യൂസിക് ഫെസ്റ്റിവല്‍ അറിയപ്പെടുന്നത്. സംഗീതത്തിന്റെ ആഹ്ലാദവും ആര്‍പ്പുവിളികളുമാണ് 2012ല്‍ തുടക്കമിട്ട സിറോ മ്യൂസിക് ഫെസ്റ്റിവല്‍, ദേശീയ അന്തര്‍ ദേശീയ മ്യൂസിക് ബാന്‍ഡുകളും പ്രാദേശിക കലാകാരന്മാരുമെല്ലാം കളം കീഴടക്കുന്ന അപൂര്‍വ പ്രതിഭാ സംഗമമെന്ന് ഇതിനെ വിശേഷിപ്പിക്കാം. പാടത്തും പാടവരമ്പിലുമിരുന്ന്, പ്രകൃതിയോട് ചേര്‍ന്ന് സംഗീതം ആസ്വദിക്കാന്‍ ഇവിടെ കഴിയും.
എത്തിച്ചേരാന്‍
സിറോയില്‍ എത്തിച്ചേരുക എന്നത് അൽപ്പം സാഹസികമായ കാര്യമാണ്. നേരിട്ട് ബസ്, ട്രെയ്ന്‍ സര്‍വീസുകളൊന്നും ഇവിടേക്കില്ല. പൊട്ടിപ്പൊളിഞ്ഞു വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയിലൂടെയേ ഇവിടേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. അസമിലെ ലാഖിംപൂര്‍ എന്ന സ്ഥലത്തു നിന്നും ഇവിടേക്ക് വരാം. ഏറ്റവും അടുത്തുള്ള വിമാനത്താവളം അസമിലെ ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളമാണ്.