25
January 2021 - 8:32 pm IST

Download Our Mobile App

Flash News
Archives

Travel

Karnala Fort, Maharashtra, Trekking, Travel

കര്‍ണാല കോട്ടയിലേക്കൊരു ട്രക്കിങ്ങ്...

Published:28 November 2020

കാഴ്ചകള്‍ തേടിയുള്ള യാത്രയില്‍ പച്ചപ്പും ഹരിതാഭയും ആവോളം ആസ്വദിക്കാന്‍ ഇവിടെ ഇഷ്ടംപോലെ സ്ഥലങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒരിടമാണ് പന്‍വേലിലെ കര്‍ണാല കോട്ട.

കാഴ്ചകളുടെ വൈവിധ്യമാണ് മഹാരാഷ്ട്രയുടെ പ്രത്യേകത. മലകളും കുന്നുകളും കാടുകളും മാത്രമല്ല,പോയ കാലത്തിന്‍റെ കഥ പറയുന്ന ചരിത്ര സ്ഥാനങ്ങളും പ്രകൃതിഭംഗിയും ചിലപ്പോഴൊക്കെ മഹാരാഷ്‌ട്രയ്ക്ക് മാത്രം സ്വന്തമാണ്. കാഴ്ചകള്‍ തേടിയുള്ള യാത്രയില്‍ പച്ചപ്പും ഹരിതാഭയും ആവോളം ആസ്വദിക്കാന്‍ ഇവിടെ ഇഷ്ടംപോലെ സ്ഥലങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒരിടമാണ് പന്‍വേലിലെ കര്‍ണാല കോട്ട. ആയാസം നിറഞ്ഞ സാധാരണ മുംബൈ ട്രക്കിങ്ങുകളില്‍ നിന്നും വ്യത്യസ്തമായി ചുറുചുറുക്കോടെ തന്നെ കയറിത്തീർക്കാന്‍ സാധിക്കുന്ന ഒരിടമാണ് കര്‍ണാല കോട്ട.വ്യത്യസ്തനായ കര്‍ണാല

മുംബൈയിലെ മാത്രമല്ല മഹാരാഷ്‌ട്രയിലെ മിക്ക കോട്ടകള്‍ക്കും കുന്നുകള്‍ക്കും പറയാനുണ്ടാവുക മറാത്തയുടെ കഥയും ചരിത്രവുമായിരിക്കും. ഛത്രപതി ശിവജിയുടെ വീരനാമം മുഴങ്ങിക്കേള്‍ക്കാത്ത കോട്ടകള്‍ മുംബൈയില്‍ വളരെ അപൂര്‍വമാണ്. ആ അപൂര്‍വതകളിലാണ് കര്‍ണാല കോട്ടയുള്ളത്. തുഗ്ലക്കിന്‍റെ കാലഘട്ടമാണ് കര്‍ണാല കോട്ടയുടെയും സമയം.എഡി 1400ന് മുമ്പായി

കോട്ടയുടെ ചരിത്രം കൃത്യമായി ലഭ്യമല്ലെങ്കിലും എഡി 1400 നു മുന്‍പായി കോട്ട ഉണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ദേവഗിരി യാദവരുടെയും തുഗ്ലക്ക് രാജവംശത്തിന്‍റെയും കീഴിലാണ് കോട്ട നിർമിക്കപ്പെട്ടത്. അക്കാലത്ത് കൊങ്കണ്‍ മേഖലയിലെ പല ജില്ലകളുടെയും തലസ്ഥാനമായും കര്‍ണാല്‍ കോട്ട വര്‍ത്തിച്ചിരുന്നു. അതിനുശേഷം ഗുജറാത്ത് സുല്‍ത്താനത്തിന്‍റെ കീഴിലാവുകയും അവിടെ നിന്നും 1540ൽ അഹമ്മദ് നഗറിലെ നൈസാം ഷാ കീഴടക്കുകയും ചെയ്തു. പിന്നീട് പോർച്ചുഗീസ് കമാന്‍ററായ ഡോം ഫ്രാൻസിസ്കോ ഡി മെനെൻസെസിന്‍റെ സഹായത്തോടെ ഗുജറാത്ത് സുല്‍ത്താനേറ്റ് ഈ കോട്ട നൈസാം ഷായില്‍ നിന്നും തിരികെ പിടിച്ചും. ശേഷം പലതവണ കോട്ടയെപ്രതി യുദ്ധങ്ങളുണ്ടായെങ്കിലും ഒന്നും വിജയിച്ചില്ല. പിന്നീട് കോട്ട അത്ര തന്ത്രപ്രധാനമല്ലന്നു കണ്ട പോര്‍ച്ചുഗീസ് വൈസ്രോയി വാടകയ്ക്ക് നൈസാം ഷായ്ക്ക് കൈമാറുകയായിരുന്നു. പിന്നീട് ശിവജി കോട്ട കീഴടക്കുകയും അദ്ദേഹത്തിന്‍റെ മരണശേഷം ഔറംഗസേബ് ഇത് പിടിച്ചടുത്തു. 1818ൽ ബ്രിട്ടീഷുകാർ കീഴടക്കും വരെ ഈ കോട്ട കില്ലേദാർ അനന്തറാവുവിന്‍റെ ഭരണത്തിലായിരുന്നു.

ട്രക്കിങ് മാത്രമല്ല

കര്‍ണാല എന്നാല്‍ ട്രക്കിങ് മാത്രമല്ല, ഒപ്പം പക്ഷി നിരീക്ഷണവുമുണ്ട്. അപൂര്‍വമായി കാണപ്പെടുന്ന പക്ഷികളുള്‍പ്പെടെ നൂ150ലധികം തരത്തിലുള്ള പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ കര്‍ണാല പക്ഷി സങ്കേതത്തിന്‍റെ ഉള്ളിലായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ യാത്രയിലുടനീളം പക്ഷികളും കൂട്ടുണ്ടായിരിക്കും. സമുദ്ര നിരപ്പില്‍ നിന്നും 1400 ല്‍ അധികം അടി ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

അതിരാവിലെ കയറാം

ഏതു തരത്തിലുള്ള ട്രക്കിങ്ങുകള്‍ക്കും പറ്റിയ സമയം അതിരാവിലെയാണ്. വലിയ വെയിലും ചൂടുമില്ലാതെ യാത്ര തുടങ്ങിയ അതേ ഉന്മേഷത്തില്‍ തന്നെ പൂര്‍ത്തിയാക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. കൂടാതെ യാത്രയില്‍ പക്ഷി നിരീക്ഷണം കൂടി യാത്രയിലുണ്ടെങ്കില്‍ സമയം അതിരാവിലെ തന്നെ തെരഞ്ഞെടുക്കാം.

രണ്ട് മണിക്കൂര്‍

കുത്തനെ കയറിയും വളഞ്ഞും പുളഞ്ഞും പോയും മരങ്ങളും വേരുകളും പിന്നിട്ട് പച്ചപ്പിലൂടെയുള്ള യാത്ര കോട്ടയുടെ മുകളിലെത്താന്‍ രണ്ടു മണിക്കൂര്‍ സമയം വേണ്ടി വന്നേക്കാം. 4.8 കിലോമീറ്റര്‍ ദൂരമാണ് നടന്നു കയറാനുള്ളത്. യാത്രയില്‍ പലപ്പോഴും വലിയ വേരുകള്‍ വഴിമുടക്കികളായി വരും. വളര ശ്രദ്ധിച്ചു വേണം മുന്നോട്ടുള്ള ഓരോ ചുവടും വയ്ക്കുവാന്‍. ചില ഇടങ്ങളില്‍ യാത്ര വളരെ എളുപ്പമായി തോന്നുമെങ്കിലും ചില സ്ഥലങ്ങളില്‍ കുത്തനെ കിടക്കുന്ന പാറക്കൂട്ടങ്ങളിലൂടെയും ചെങ്കുത്തായ കല്ലുകളിലൂടെയും ഒക്കെ വേണം യാത്ര പോകാന്‍. വഴിയില്‍ അഞ്ചിടങ്ങളില്‍ വനംവകുപ്പിന്‍റെ വിശ്രമ സങ്കേതങ്ങളുണ്ട്.രണ്ടു കോട്ടകള്‍

കര്‍ണാല എന്നത് യഥാര്‍ത്ഥത്തില്‍ രണ്ടു കോട്ടകള്‍ ചേര്‍ന്നതാണ്. ഒന്ന് ഉയർന്ന തലത്തിലും മറ്റൊന്ന് താഴ്ന്ന നിലയിലും. ഉയർന്ന നിലയുടെ മധ്യഭാഗത്ത് 125 അടി ഉയരമുള്ള ബസാൾട്ട് സ്തംഭമുണ്ട്. ഇതിനെ പാണ്ഡുവിന്‍റെ ഗോപുരം എന്നും വിളിക്കുന്നു. കോട്ട പിടിച്ചടക്കിയപ്പോൾ ഈ ഘടന കാവൽ ഗോപുരമായി ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് തകർന്ന നിലയിലാണ്. കോട്ടയുടെ മുകളില്‍ നിന്നും പ്രബൽഗഡ്, മാണിക്ഗഡ്, ഹാജി മലംഗ്, ചന്ദേരി കോട്ട, മാത്തേരൻ, സാങ്കി കോട്ട, ദ്രോണഗിരി കോട്ട, രാജമാച്ചി കോട്ടകൾ വ്യക്തമായി കാണാം. എന്നാല്‍ ഇവിടേക്ക് കയറുന്നത് അത്യന്തം ഇപകരമാണ്. പേര്‍ഷ്യനിലും മറാത്തിയിലുമുള്ള ശിലാലേഖനങ്ങള്‍ ഈ കോട്ടയില്‍ കാണാം. മറാത്തി ലിഖിതങ്ങളില്‍ സമയസൂചികകള്‍ ഒന്നും കാണാനില്ല എങ്കിലും പേര്‍ഷ്യന്‍ ലിഖിതത്തില്‍ സയ്യദ് നുറുദ്ദീന്‍ മുഹമ്മദ് ഖാന്‍, ഹിര്‍ജി 1147 എ എച്ച് (1735) എന്ന് എഴുതിയതായി കാണാം. ഇത് മുഗള്‍ കാലഘട്ടത്തിലേതാണെന്ന് കരുതപ്പെടുന്നു.എത്തിച്ചേരാന്‍

മുംബൈയിലെ പന്‍വേലില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഏറ്റവുമടുത്തുള്ള പ്രധാന റെയ്‌ൽവെ സ്റ്റേഷൻ പൻവേലും വിമാനത്താവളം മുംബൈ ഛത്രപതി ശിവാജി വിമാനത്താവളം ആണ്.


വാർത്തകൾ

Sign up for Newslettertop