പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:28 November 2020
ഭോപ്പാൽ: മൂന്നാറിലെ പടയപ്പയെയും വയനാട്ടിലെ മണിയനെയും പോലെ മധ്യപ്രദേശിൽ ജബൽപ്പുരുകാരുടെ ഓമനയായിരുന്ന കാട്ടാനകളിലൊന്ന് വൈദ്യുത വേലിയിൽ കുരുങ്ങി ചരിഞ്ഞു. റാമെന്നും ബലറാമെന്നും നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന കൊമ്പന്മാരിലൊന്നിനാണ് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് ഒരു കർഷകനുൾപ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ഡിഎഫ്ഒ അഞ്ജന ടിർക്കി. രണ്ടാമത്തെ കൊമ്പനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
വെളളിയാഴ്ച ജബൽപ്പുർ നഗരത്തിനു സമീപമാണ് വൈദ്യുതാഘാതമേറ്റു ചരിഞ്ഞ നിലയിൽ കൊമ്പനെ കണ്ടത്. മധ്യപ്രദേശിൽ അടുത്തിടെ ഇതു രണ്ടാമത്തെ ആനയാണ് വൈദ്യുതാഘാതമേറ്റു ചരിയുന്നത്. ബാന്ധവ്ഗഡ് കടുവസംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 28ന് ഒരു പിടിയാന വൈദ്യുത ലൈനിൽ നിന്നു ഷോക്കേറ്റു ചരിഞ്ഞിരുന്നു.
ജബൽപ്പുരിൽ നിന്ന് 25 കിലോമീറ്റർ അകലെ ബാരി റെയ്ഞ്ചിലെ മൊഹസിലാണ് ഇന്നലെ രാവിലെ ഒമ്പതോടെ കൊമ്പന്റെ ജഡം കണ്ടത്. രണ്ടു വർഷം മുൻപ് ഒഡീശ വനത്തിൽ നിന്ന് എത്തിയതായിരുന്നു റാമും ബലറാമും. നർമദാ നദീ തീരത്തെ ബലാഘട്ട്, ദിണ്ഡോരി, മണ്ഡ്ല, നർസിങ്പുർ, ഉമരിയ ജില്ലകളിലെ വനമേഖലകളിൽ പതിവു കാഴ്ചയായിരുന്നു ഈ ആനകൾ. കഴിഞ്ഞ ഏപ്രിലിൽ ഇലിപ്പയുടെ പൂ പെറുക്കാൻ പോയ ഒരു ഗ്രാമവാസിയെ കൊലപ്പെടുത്തിയിരുന്നു ഈ ജോഡികൾ. ഇതേത്തുടർന്ന് നാട്ടുകാർ ഉൾവനത്തിലേക്ക് ഓടിച്ചെങ്കിലും രണ്ടു വർഷത്തിനിടെ മറ്റൊരു കുഴപ്പവുമുണ്ടായിരുന്നില്ല റാമും ബലറാമും. കൃഷിയിടത്തിലിറങ്ങിയാൽപ്പോലും കൃഷി നശിപ്പിക്കാറുമില്ല ഇവ. ഇന്നലെ ജഡം കണ്ടതിന് 30 കിലോമീറ്റർ അകലെ മംഗേലി മേഖലയിലാണ് ഇവയെ അവസാനമായി കണ്ടതെന്ന് അധികൃതർ. 24 മണിക്കൂറും ഒരുമിച്ചായിരുന്നതിനാലാണ് നാട്ടുകാർ ഇവയ്ക്ക് റാം- ബലറാം ജോഡിയെന്നു പേരിട്ടത്.
ആനയുടെ കൊമ്പ് നഷ്ടമായിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകൻ അജയ് ദുബെ ആരോപിച്ചെങ്കിലും വനംവകുപ്പ് ഇക്കാര്യം നിഷേധിച്ചു. ചരിഞ്ഞ കൊമ്പന്റെ കൊമ്പ് നഷ്ടമായിട്ടില്ലെന്നു തെളിയിക്കുന്ന ചിത്രങ്ങളും വിഡിയൊ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.